പാലിനും പാലുൽപ്പന്നങ്ങൾക്കും A1, A2 ലേബലിങ് ഇനി വേണ്ട; കടിഞ്ഞാണിട്ട് ഭക്ഷ്യസുരക്ഷാ അതോറിറ്റി
Mail This Article
പാലിന് നിറം ഒന്നാണങ്കിലും A1 പാലിന്റെയും A2 പാലിന്റെയും കാര്യത്തിൽ അഭിപ്രായങ്ങൾ പലതാണ്, തമ്മിലുള്ള ആരോഗ്യഗുണനിലവാരത്തിന്റെ കാര്യം എന്നും തർക്കവും വിവാദവിഷയവുമാണ്.
സഹിവാൾ, റെഡ് സിന്ധി, ഗിർ, കങ്കായം, അമൃത് മഹാൽ, ഹല്ലികർ, ഓങ്കോൾ, താർപാർകർ, കാങ്ക്രജ്, കൃഷ്ണവല്ലി, വെച്ചൂർ തുടങ്ങി ബോസ് ഇൻഡികസ് വിഭാഗത്തിൽ ഉൾപ്പെടുന്ന നമ്മുടെ തദ്ദേശീയ ജനുസ്സ് പശുക്കൾ ഉൽപാദിപ്പിക്കുന്ന പാലാണ് പൊതുവെ A2 പാൽ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. സ്വന്തം കിടാക്കൾക്ക് കുടിക്കാൻ ആവശ്യമായ അളവ് പാൽ മാത്രം ഉൽപാദിപ്പിക്കുന്നു എന്നതാണ് ഈ ജനുസ്സ് പശുക്കളുടെ പ്രത്യേകത. എരുമപ്പാലും A2 ഗണത്തിൽ വരുന്നതാണ്. ജേഴ്‌സി, ഹോൾസ്റ്റിൻ ഫ്രീഷ്യൻ, ബ്രൗൺ സ്വിസ്, ബ്രിട്ടീഷ് വൈറ്റ്, ബർലിന, അയർഷെയർ തുടങ്ങി ബോസ് ടോറസ് വിഭാഗത്തിൽപ്പെടുന്ന വിദേശ ജനുസ്സുകൾ ചുരത്തുന്ന പാലാവട്ടെ A1 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഈ വിഷയത്തെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി, പാൽ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറെകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ദേശീയ ഏജൻസിയായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)
പാലിലെ പ്രോട്ടീൻ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉൽപന്നങ്ങളിൽ A2 എന്ന് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അതോറിറ്റി 2011-ൽ പുറത്തിറക്കിയ ഭക്ഷ്യോൽപന്നങ്ങളുടെ സ്റ്റാർഡേർഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിർദ്ദേശങ്ങളിൽ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിന്റെ കാര്യത്തിൽ നിർണയിച്ചിട്ടില്ല, മറിച്ച് പാലിൽ പൊതുവായുള്ള കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിന്റെ ഗുണനിലവാരം നിർണയിച്ചിട്ടുള്ളത്. പാലിൽ ചേർക്കുന്ന മായത്തെ തടയാനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത് ലഘിച്ച് വിപണനം നടത്തുന്നവർക്ക് എതിരെ ശക്തമായ പിഴയും മറ്റ് നടപടികളും സ്വീകരിക്കാനും വകുപ്പുണ്ട്.
A1, A2 എന്നൊരു മാനദണ്ഡം എഫ്എസ്എസ്എഐ നിശ്ചയിക്കുകയോ നിർണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ പാലും പാലുൽപന്നങ്ങളും A1, A2 ലേബൽ ചെയ്ത് വിപണനം നടത്തുന്നതിൽനിന്ന് രാജ്യത്തെ ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉടനടി പിന്മാറണമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാരം നടത്തുന്ന ഇ-കോമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വെബ്സൈറ്റുകളിൽ നിന്ന് A1, A2 ക്ലെയ്മുകൾ ഉടനടി നീക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് 21 മുതൽ രാജ്യമെങ്ങും ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിലായി, ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കിയന്ന് ബന്ധപ്പെട്ട ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങൾ നേരെത്തെ തന്നെ അച്ചടിച്ച് തയ്യാറാക്കിയ A1, A2 ലേബൽ ചെയ്ത് കവറുകളോ മറ്റോ ഉണ്ടെങ്കിൽ 6 മാസത്തിനകം പഴയ പാക്കുകൾ പൂർണമായും ഉപയോഗിച്ച് തീർത്ത് പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
A1 പാലും A2 പാലും വ്യത്യാസമെന്ത് ?
പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീൻ എന്ന പ്രോട്ടീന്റെ ഘടനയിൽ വരുന്ന ചെറിയ മാറ്റങ്ങൾ മാത്രമാണ് A1, A2 വ്യത്യാസത്തിന്റെ ശാസ്ത്രീയാടിസ്ഥാനം. പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസീനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസീനുകള്‍ പ്രധാനമായി A2 ബീറ്റാ കേസീന്‍, A1 ബീറ്റാ കേസീന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. ബീറ്റാ കേസീൻ എന്ന പ്രോട്ടീൻ നിർമിച്ചിരിക്കുന്നത് ചെറു യൂണിറ്റുകളായ അമിനോ ആസിഡുകൾ ചേർത്താണ്. ബീറ്റാ കേസീൻ നിർമിച്ചിരിക്കുന്ന അമിനോ ആസിഡ് ചങ്ങലയിൽ, 207 അമിനോ ആസിഡ് കണ്ണികൾ ഉള്ളതിൽ, 67-ാം സ്ഥാനത്തു A2 വിൽ പ്രോലിൻ എന്ന അമിനോ ആസിഡ് ആണ്. A1ൽ അതേ സ്ഥാനത്തു ഹിസ്റ്റിഡിനും. അല്ലാതെ പാലിന്റെ ഗുണത്തിലോ മേന്മയിലോ A1 പാലും A2 പാലും തമ്മിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. A1 ബീറ്റ കേസീൻ ഉള്ള പാൽ കുടിച്ചാൽ, ടൈപ്പ്-1 പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം തുടങ്ങിയവ വരാൻ സാധ്യത കൂടുതലാണന്ന് പ്രചരിപ്പിക്കുന്നവരുണ്ട്, എന്നാൽ ഇതിനൊന്നും ലവലേശം ശാസ്ത്രീയ അടിത്തറയില്ല എന്നതാണ് സത്യം. അതുപോലെ A2 പാലിന് രോഗപ്രതിരോധശേഷിയുണ്ടെന്നും അർബുദത്തെ തടയുമെന്നുമെല്ലാം പ്രചരിപ്പിക്കുന്നതിന് പിന്നിലും ശാസ്ത്രീയ തെളിവുകൾ ഒരുതുള്ളി പോലുമില്ലന്നതാണ് സത്യം.
അതിജീവിക്കുമോ ശാസ്ത്രീയത?
A2 പാൽ ലോബിയുടെ നീക്കം ഇനിയെന്ത് ?
അശാസ്ത്രീയതക്കും അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾക്കും വലിയ മാർക്കറ്റും പ്രചാരവും ഉള്ള നാടാണ് നമ്മുടേത്. തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന പരസ്യപ്രചരണങ്ങൾക്കെതിരെ ഈയിടെ സുപ്രീം കോടതി പോലും ഇടപെട്ടിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് A1, A2 പാലുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിപണന തന്ത്രങ്ങൾ തടയുന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഇടപെടൽ പ്രസക്തമാവുന്നത്. A1, A2 ലേബൽ ചെയ്ത് പാൽ വിൽപ്പന നടത്തുന്നത് വിലക്കുന്നതിലൂടെ പാലിന്റെ ഗുണനിലവാരമായ ബന്ധപ്പെടുത്തി ഏറെ പ്രചാരത്തിലുള്ള ഒരാശാസ്ത്രീയതയെ അവസാനിപ്പിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി. എന്നാൽ രാജ്യത്തെ A2 പാൽ ലോബി നിസ്സാരക്കാരല്ല, ഉത്തരേന്ത്യയിലും എന്തിന് കേരളത്തിൽ വരെ A2 പാൽ വിപണന കമ്പനികളുടെ ശക്തമായ മാർക്കറ്റ് സാന്നിധ്യമുണ്ട്. രാജ്യത്തെ, എന്നല്ല ലോകത്തെ തന്നെ പാൽവിപണനശക്തിയായ അമൂൽ അടക്കം A2 പാൽ ലേബൽ ചെയ്ത് മാർക്കറ്റിൽ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ A2 പാൽ, പാലുൽപന്ന വിലക്കിനെതിരെ അവർ സാമ്പത്തികമായും രാഷ്ട്രീയമായും നീങ്ങിയേക്കാം. അത്തരം ഇടപെടലുകൾക്കും ലോബിയിങ്ങുകൾക്കും തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന A1,A2 പാൽ വിപണനത്തിന് രാജ്യത്ത് അറുതിയാവും.
പാൽ ഏതായാലും ഗുണനിലവാരമുള്ളത് മാത്രം കുടിക്കാം
മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങൾ, ജീവകങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായ അനുപാതത്തിൽ അടങ്ങിയ ആഹാരമാണ് പാൽ. പാലിലെ ഈ ഘടകങ്ങളുടെ ദഹനശേഷിയും ആഗിരണശേഷിയുമെല്ലാം ഉയർന്നതു തന്നെ. പാലിനെ ഒരു സമീകൃതാഹാരം എന്നു വിളിക്കുന്നതിന്റെയും ശരീര വളർച്ചയ്ക്കും വികാസത്തിനുമെല്ലാം പാൽ അത്യുത്തമമാണെന്ന് പറയുന്നതിന്റെയും കാരണം ഈ പോഷകസമൃദ്ധിതന്നെയാണ്. ദിവസം 300 മില്ലിലിറ്റർ പാലെങ്കിലും ഒരാൾ കുടിക്കണമെന്നു ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) നിർദ്ദേശിക്കുതിന്റെ കാരണവും ഈ പോഷക പെരുമ തന്നെ. വിപണിയിൽ നിന്നും നിത്യവും വാങ്ങി കഴിക്കുന്ന പാലിൽ ആരോഗ്യത്തിന് വൻഭീഷണിയായ ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ, ഡിറ്റർജന്റുകൾ, കാസ്റ്റിക് സോഡ, യൂറിയ, അമോണിയം സൾഫേറ്റ് തുടങ്ങിയ മായങ്ങളൊന്നും കലർന്നിട്ടില്ല എന്നുറപ്പാക്കലാണ് A1 പാലെന്നും A2 പാലെന്നും വാദിച്ച് സമയം കളയുന്നതിനേക്കാൾ പ്രധാനമെന്ന കാര്യം എന്ന് ആരും മറക്കരുത്. എവിടെ നിന്ന് വരുന്നു, ആര് ഉൽപാദിപ്പിക്കുന്നു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ലാത്ത പാക്കറ്റുപാലുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന ഒറ്റ കാരണത്താൽ വാങ്ങി രോഗം വില കൊടുത്ത് വീട്ടിലെത്തിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ ക്ഷീരകർഷകരിൽ നിന്നും ക്ഷീരസംഘങ്ങളിൽ നിന്നും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നും മാത്രം പാൽ വാങ്ങി ഉപയോഗിക്കാനുള്ള ജാഗ്രതയും വിവേകും നമ്മൾ കാണിക്കണം