ADVERTISEMENT

ഒരാൾ നടത്തുന്ന സംരംഭം എന്നു പറയാവുന്ന രീതിയിലാണ് പെരിന്തൽമണ്ണക്കടുത്ത് മേലാറ്റൂരിലെ സഹ്‌ലയുടെ നെയ്യ് നിർമാണവും മറ്റു പ്രവർത്തനങ്ങളും. പായ്ക്ക് ചെയ്യാനും കുറിയർ അയയ്ക്കാനും ഒരാളുണ്ട് എന്നതൊഴിച്ചാൽ കർഷകരിൽനിന്ന് പാൽ വാങ്ങുന്നതു മുതൽ നെയ്യുണ്ടാക്കുന്നതു വരെയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ സംരംഭകയുടെ കൈകളിലാണ്. എല്ലാം കാര്യങ്ങളും സ്വയം ചെയ്യുന്നതിനാൽ തനിക്ക് സംതൃപ്തി തരുന്നതായി സഹ്‌ല പറയുന്നു. അതിനാൽ വാങ്ങുന്ന ഉൽപന്നങ്ങളിൽ ഉപഭോക്താവിന് ഗുണമേന്മ ലഭിക്കുമെന്നതിൽ ഉറപ്പുവരുത്താനും കഴിയുന്നു. ഭർത്താവും മകനുമടങ്ങുന്ന കുടുംബം പൂർണ പിന്തുണ നൽകുന്നു.  

  തുടക്കം

കുറച്ച് സ്ഥലം വാങ്ങിയതോടെ സഹ്‌ല ക്ഷീരകർഷകയായി. പഴയ ഒരു വീട് ആ സ്ഥലത്തുണ്ടായിരുന്നു കൂടെ ഒരു തൊഴുത്തും. ഒഴിഞ്ഞു കിടന്ന ആ തൊഴുത്തിൽ ഒരു പശുവിനെ വാങ്ങിയാണ് തുടക്കം.  പിന്നീടത്  25 പശുക്കളെ വളർത്തുന്നതിലേക്ക് എത്തി. അംഗനവാടികളിലേക്കു പാലും മുട്ടയും എത്തിച്ചുകൊടുക്കുന്ന സർക്കാർ പദ്ധതിയിൽ പ്രവർത്തിച്ചിരുന്നു. ഈ പദ്ധതി പ്രകാരം മൂന്നു പഞ്ചായത്തുകളിൽ കൂട്ടികൾക്കു പാലും മുട്ടയും വിതരണം ചെയ്തിരുന്നു. പിന്നീടാണ് നെയ്യ് നിർമാണത്തിലേക്കു തിരിഞ്ഞത്. നെയ്യ് നിർമാണം ഇപ്പോഴുണ്ടെങ്കിലും പശുക്കളെ ഒഴിവാക്കി.

ഇന്നത്തെ  രീതിയിൽ പാലുൽപന്ന നിർമാണം തുടങ്ങിയിട്ട് ഒരു വർഷമായി. പൂക്കോട് വെറ്ററിനറി കോളജ്, കോഴിക്കോട് ക്ഷീരവികസന കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് നെയ്യ് ഉൾപ്പെടെയുള്ള പാലുൽപന്ന നിർമാണ കാര്യങ്ങളിൽ പരിശീലനം നേടി. കൂടാതെ നെയ്യ് നിർമിക്കുന്ന ചില സംരംഭകരിൽനിന്ന് നിർമാണ രീതി കണ്ട് വശമാക്കിയശേഷമാണ് സംരംഭകത്വത്തിലേക്കു കടന്നത്. 

sahla-3

നിർമാണം 

മുൻപ് വീടുകളിൽ ചെയ്തിരുന്ന പാരമ്പര്യ രീതിയിലാണ് നെയ്യ് നിർമാണം. വിറകടുപ്പാണ് ഈ പ്രക്രിയകളിലൂടനീളം ഉപയോഗിക്കുന്നത്. 100 ലീറ്റർ പാലാണ് ഒരു ഒരു ദിവസം വാങ്ങുന്നത്. വീടിന് 5 കിലോമീറ്റർ ചുറ്റളവിലുള്ള കർഷകരിൽനിന്നാണ് പാൽ എടുക്കുന്നത്. വൈകുന്നേരങ്ങളിൽ പാൽ ശേഖരിക്കാനായി തന്റെ ജീപ്പുമായി സെഹ്‌ല ഇറങ്ങും. വൈകുന്നേരം ശേഖരിക്കുന്ന പാൽ

അന്ന് തന്നെ തിളപ്പിച്ച് 40 ഡിഗ്രി സെൽഷ്യസിൽ ഉറയൊഴിച്ച് വയ്ക്കും. പിറ്റേന്ന് കാലത്ത് ഇതിനെ യന്ത്രസഹായത്തോടെ കടയുന്നു. 40 ലീറ്റർ പാൽ കടയാൻ സഹായത്തിന് ചെറു യന്ത്രമുണ്ട്.  കടഞ്ഞെടുക്കുന്ന വെണ്ണ ചൂടാക്കി നെയ്യുണ്ടാക്കുന്നു.  

പാൽ തിളപ്പിക്കുന്നതു മുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണമെന്ന് സഹ്‌ല. ഉറയൊഴിച്ചുവയ്ക്കുന്നത് പുളിപ്പ് കൂടാൻ പാടില്ല. വൈകുന്നേരം തിളപ്പിക്കുന്ന പാൽ പിറ്റേന്നു തന്നെ കടയണം. ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ നിർമാണത്തെ സാരമായി ബാധിക്കുമെന്നും സഹ്‌ല.  

sahla-2

തികച്ചും ശുദ്ധമായ നെയ്യ് 

കൂടുതൽ കാലം നിലനിൽക്കുന്നതിനു വേണ്ടി കൃത്രിമ പദാർഥങ്ങൾ ഉപയോഗിക്കുന്നില്ല. അതിനാൽ 6 മാസം വരെയാണ് ഈ നെയ്യ് ഉപയോഗിക്കാൻ കഴിയുക. ആയുർവേദ മരുന്ന് നിർമാണത്തിനു വേണ്ടിയാണ് കൂടുതൽ ഓർഡറുകളും വരുന്നത്. വെണ്ണ കൂടുതൽ സമയം നിലനിൽക്കാത്ത ഉൽപന്നമായതിനാലാണ് അതിന്റെ വിൽപനയില്ലാത്തത്. മികച്ച ഗുണമേമന്മ നിലനിർത്തിക്കൊണ്ട് നെയ്യുൽപാദനം കൂടുതൽ വിപുലമാക്കാൻ താൽപര്യമുണ്ട്. ദിവസവും ശരാശരി 25 ലീറ്റർ ഓർഡർ ലഭിക്കാറുണ്ട്. 

നാടൻ ഉൽപന്നങ്ങൾ

നെയ്യ് നിർമാണത്തിനു പുറമെ നാടൻ ഉൽപന്നങ്ങളുടെ നിർമാണവുമുണ്ട്. ഇതിലൊന്നും തന്നെ കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നില്ല. അതിനാൽ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് മാത്രമാണ് നിർമിച്ചു  കൊടുക്കുന്നത്.  

sahla-sq

അച്ചാർ, കൂവപ്പൊടി, കുട്ടികൾക്കു കൊടുക്കുന്ന കുറുക്ക്, നേന്ത്രവാഴപ്പൊടി, ചിപ്സ് എന്നിവയുടെ  നിർമാണവും ചെറിയ തോതിൽ നടക്കുന്നു. ഉണക്കിയ ബീഫ്, കപ്പ എന്നിവയുടെ വിൽപനയുമുണ്ട്. വാഴ, കപ്പ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നുമുണ്ട്.

കൃഷി വരുമാനമല്ല എന്ന പൊതു അഭിപ്രായത്തോട് സഹ്‌ല യോജിക്കുന്നില്ല. ഉൽപന്നങ്ങളുണ്ടാക്കുന്നതിലൂടെ കൃഷിയിൽനിന്ന് വരുമാനമുണ്ടാക്കിയെടുക്കാം എന്നാണ് സഹ്‌ല പറയുന്നത്. വാട്സാപ്പിൽ ഓർഡറെടുത്താണ് വിൽപന. ഇന്ത്യയിലേവിടേക്കും നെയ്യ് എത്തിച്ചുകൊടുക്കുന്നുണ്ട്. 

ഫോൺ: 82810 18444

English Summary:

From Cow Shed to Success: Meet Sahla, Kerala's Ghee Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com