ADVERTISEMENT

പൈതൃക നെല്ലിനങ്ങള്‍ പലതുണ്ട് നമുക്ക്‌. അതുപോലെ പൈതൃക നെല്‍കൃഷിരീതികളും. പൊക്കാളിയും കൈപ്പാടും അവയില്‍പെടും. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഓരുജലം കയറിയിറങ്ങുന്ന ജൈവ നിലങ്ങളില്‍ നിലനില്‍ക്കുന്ന നെല്‍കൃഷിരീതിയാണ്‌ കൈപ്പാടും പൊക്കാളിയും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായാണ്‌ കൈപ്പാട് നിലങ്ങളുള്ളതെങ്കിലും അവയിലിന്നു കൃഷിയുള്ളതു കണ്ണൂര്‍ ജില്ലയിലെ ഏഴോം, പട്ടുവം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളില്‍ മാത്രം. അവിടെ ഈ കൃഷിരീതി ശേഷിക്കുന്നതിനു കാരണം കണ്ണൂർ പഴയങ്ങാടി താവം കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാര്‍ കൈപ്പാട് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൈപ്പാട് കൃഷിക്കായി മികച്ച വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതുള്‍പ്പെടെ ഒട്ടേറെ സംഭാവനകള്‍ നല്‍കിവരുന്ന ഡോ. ടി.വനജയുടെയും നിരന്തരമായ പരിശ്രമങ്ങള്‍.

സമ്പൂര്‍ണ ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന കൈപ്പാട് അരിക്കും അരിയുല്‍പന്നങ്ങള്‍ക്കും മികച്ച ഡിമാന്‍ഡ് ഉണ്ടെന്നു കമ്പനി ചെയര്‍മാന്‍ എം.കെ.സുകുമാരൻ പറയുന്നു. പക്ഷേ, അതിന് അനുസരിച്ച് ഉല്‍പാദനമില്ല. കൈപ്പാടിന്റെ പാരമ്പര്യക്കർഷകരിൽ നല്ല പങ്കും കൃഷിയെ കയ്യൊഴിഞ്ഞു. ഇന്നു വര്‍ഷം 9 ടണ്‍ നെല്ലു മാത്രമാണ്‌ കമ്പനിക്കു സംഭരിക്കാന്‍ കഴിയുന്നത്. എന്നാൽ, 20 ടണ്‍ അരിക്കും ഉല്‍പന്നങ്ങള്‍ക്കും ആവശ്യക്കാരുണ്ടെന്നു സുകുമാരന്‍. കൈപ്പാട് അരിയുടെ ആരോഗ്യമേന്മ തന്നെയാണ് ഈ പ്രിയത്തിനു കാരണം.

kaippad-paddy-2
കമ്പനി ചെയർമാൻ എം.കെ.സുകുമാരൻ, സിഇഒ നിധിന ദാസ്, ഡോ. ടി.വനജ

ജൈവകൃഷിയെ രണ്ടായി തിരിക്കാം. ആദ്യത്തേത് ബോധപൂര്‍വം ജൈവരീതിയിലേക്കുള്ള മാറ്റമാണ്. മുൻപ് രാസകൃഷി ചെയ്തിരുന്ന കൃഷിയിടങ്ങള്‍ ജൈവോപാധികള്‍ അവലംബിച്ചുകൊണ്ട് ഘട്ടം ഘട്ടമായി  ജൈവരീതിയിലേക്കു മാറുന്നു. മറിച്ച്, പ്രകൃതി തന്നെ എക്കാലവും ജൈവവ്യവസ്ഥയ്‌ക്കുള്ളില്‍ നില നിർത്തുന്ന കൃഷിയിടങ്ങളുമുണ്ട്‌. കൈപ്പാട്‌ അതില്‍പെടും. കടലിനെ തൊട്ടുകിടക്കുന്ന ഈ നിലങ്ങളില്‍  വേലിയേറ്റ–വേലിയിറക്ക വേളകളില്‍ കായലില്‍നിന്ന് ഉപ്പുവെള്ളം കയറിയിറങ്ങുന്നു. നെല്ലും മീനും മാറി മാറി കൃഷി. നെല്‍കൃഷിക്കുശേഷം ബണ്ട് കെട്ടി ഓരുജലം നിയന്ത്രിതമായി കയറ്റിയിറക്കുമ്പോള്‍ അതിലൂടെ വരുന്ന മത്സ്യങ്ങളാണ് രണ്ടാം വിള. നെല്‍കൃഷിയുടെ അവശിഷ്ടങ്ങള്‍ ഈ മത്സ്യങ്ങള്‍ക്ക് ആഹാരമാകുന്നു. മത്സ്യക്കൃഷിയുടെ അവശിഷ്ടങ്ങള്‍ അടുത്ത നെല്‍കൃഷിക്കുള്ള വളമായും മാറുന്നു. ഈ കൃഷിയിടങ്ങളും അതിനെ ചുറ്റുന്ന കണ്ടല്‍ക്കാടുകളും അതില്‍ ചേക്കേറുന്ന ദേശാടനപ്പക്ഷികളുമെല്ലാം ചേര്‍ന്നൊരുക്കുന്ന സവിശേഷമായ ആവാസവ്യവസ്ഥയില്‍ വിളയുന്ന നെല്ല് ‘നാച്വറലി ഓര്‍ഗാനിക്’ ആണ്. ‘‘അതു തന്നെ കൈപ്പാട് അരിയുടെ മൂല്യം.’’ കേരള കാർഷിക സർവകലാശാല ഉത്തര മേഖല ഗവേഷണ വിഭാഗം മേധാവിയും ആർഎആർഎസ് പീലിക്കോട് ഡയറക്ടറുമായ ഡോ. വനജ പറയുന്നു.

kaippad-paddy-4

എളുപ്പമല്ല കൈപ്പാടുകൃഷി

വേലിയേറ്റ, വേലിയിറക്കങ്ങള്‍ സൃഷ്ടിക്കുന്ന വെള്ളക്കെട്ടിനിടയില്‍ ഒട്ടും എളുപ്പമല്ല കൈപ്പാടുകൃഷി. ആഴം കൂടിയ ഈ നിലങ്ങളില്‍ ഇപ്പോഴത്തെ നിലയ്ക്കുള്ള യന്ത്രവല്‍ക്കരണവും അസാധ്യം. ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും കൈപ്പാടിന്റെ തനതു നെല്ലിനങ്ങളായ കയമ, ഓര്‍ക്കയമ തുടങ്ങിയവ ഉല്‍പാദന ശേഷിയില്‍ പിന്നിലായിരുന്നു. ഹെക്ടറിനു ശരാശരി ഒന്നര ടണ്‍ മാത്രം. കൊയ്‌ത്താകുന്നതോടെ ചെടികള്‍ പലപ്പോഴും ഒടിഞ്ഞു വീഴുന്ന സ്ഥിതിയും. കൈപ്പാടു കൃഷിയിൽനിന്നു കർഷകർ പിന്നോട്ടു പോകാൻ ഇതൊക്കെ കാരണമായിട്ടുണ്ട്. കൈപ്പാടുകൃഷിയുടെയും തനതു വിത്തിനങ്ങളുടെയും മേന്മകള്‍ നിലനിര്‍ത്തിയും ദൗര്‍ബല്യങ്ങള്‍ നീക്കിയും ഡോ. വനജയുടെ നേതൃത്വത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഏഴോം വിത്തിനങ്ങള്‍ വന്നതോടെ ഈ പോരായ്‌മകള്‍ക്കു പരിഹാരമായി. എങ്കിലും പുതുതലമുറയ്ക്കു കൃഷിയോടുള്ള വൈമുഖ്യവും യന്ത്രവല്‍ക്കരണം സാധ്യമല്ലെന്നതും കൈപ്പാടുകൃഷിക്കു പ്രതികൂലമായി നില്‍ക്കുന്നു. 

kaippad-paddy-3

രോഗങ്ങളെ അകറ്റി നിര്‍ത്താല്‍ ശേഷിയുമുള്ളതാണു കൈപ്പാട് അരിയെന്ന് കർഷകരും അനുഭവസ്ഥരും പറയുന്നു. ‘2014 ല്‍ ഭൗമസൂചികാപദവി ലഭിച്ച നെല്ലിനം കൂടിയാണിത്. ചോറു കഴിക്കുന്നതാണു പല രോഗങ്ങള്‍ക്കും കാരണമെന്നു പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, ഏതു ഭക്ഷണമായാലും അമിതമായാല്‍ ദോഷം തന്നെ. തവിടും അതുവഴി അതിലെ പോഷകങ്ങളം പൂര്‍ണമായും നീക്കുന്നതോടെ അരിയിൽനിന്ന് കാര്‍ബോ ഹൈഡ്രേറ്റ് മാത്രമാകും ലഭിക്കുക. മറിച്ച് നിശ്ചിത അളവില്‍ മാത്രം തവിടു നീക്കിയതും പോഷകമൂല്യമേറിയതുമായ കൈപ്പാടുപോലുള്ളവയുടെ ചോറ്  ശരിയായ അളവില്‍ കഴിച്ചാല്‍ ആഹാരം ആ രോഗ്യദായകമാകുമെന്ന് ഡോ. വനജ പറയുന്നു. കൈപ്പാട് അരി, അവല്‍, പുട്ടുപൊടി, നൂല്‍പ്പുട്ടുപൊടി, അരിയുണ്ട, ന്യൂട്രിമിക്സ്, പായസം എന്നിവയ്ക്കെല്ലാം നാട്ടിലും മറുനാടുകളിലും ആവശ്യക്കാരുള്ളത് ഈ മേന്മകള്‍ കാരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫോണ്‍: 8289917524

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com