ADVERTISEMENT

പാലുൽപാദനമുള്ളതും രോഗപ്രതിരോധശേഷി കൂടിയതുമായ പശുക്കളെ വളർത്തിയെടുത്ത്, അത്തരം പശുക്കൾ മാത്രമുള്ളൊരു ഫാം. അതായിരുന്നു കംപ്യൂട്ടർ എൻജിനീയറായ കണ്ണൂർ പയ്യന്നൂർ അരിയിൽ ഹരിതീർത്തക്കര ജെഡിഎം ഫാം ഉടമ കെ.വി.ജിജീഷിന്റെ സ്വപ്നം. ബഹുരാഷ്ട്ര കമ്പനിയുടെ ജപ്പാനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത് കാലങ്ങളായി കൊണ്ടുനടക്കുന്ന സ്വപ്നം യാഥാർഥ്യമാക്കാനായിരുന്നു. 3 പശുക്കളിൽ തുടങ്ങിയ ഫാം ഇപ്പോൾ 85 എണ്ണത്തിലെത്തി നിൽക്കുമ്പോൾ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പടിവാതിൽക്കലാണ് ജിജീഷ്. 

കാസർകോട് ചീമേനി എൻജിനീയറിങ് കോളജിൽനിന്ന് ബിരുദമെടുത്തശേഷം ടെക്നോപാർക്കിൽ ജോലി ലഭിച്ചു. അവിടെ നിന്നാണ് കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കു പോയത്. 17 വർഷത്തെ ഐടി ജോലിക്കു ശേഷമാണ് ഫാം തുടങ്ങിയത്. 

kannur-dairy-farm-4
മൂക്കുകയറിടാത്ത പശുക്കൾ

അഞ്ചു കോടി രൂപ ചെലവിലാണ് ജിജീഷ് ഹരിതീർത്തക്കരയിൽ ഫാം ടൂറിസം ഒരുക്കിയത്. ഫാമിനോടു ചേർന്നുള്ള അരിയിൽ വെള്ളച്ചാട്ടം കാണാൻ ഒത്തിരിപേർ എത്തും. തന്റെ സ്വപ്നത്തോടൊപ്പം ഇങ്ങനെയൊരു സാധ്യതകൂടി ഉപയോഗപ്പെടുത്താൻ ജിജീഷിനു സാധിച്ചു. ജെഡിഎം ഫാമിനോടു ചേർന്നാണു വെള്ളച്ചാട്ടമുള്ളത്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് ഫാമിലെത്തി ഭക്ഷണം കഴിക്കാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ തദ്ദേശീയ പശുക്കളുടെ പാലുകൊണ്ടുള്ള ചായയാണ് ഭക്ഷണശാലയിലെ പ്രധാന ആകർഷണം. ഹരിയാനയിലെ പശുവിന്റെ കൊഴുപ്പുള്ള പാൽകൊണ്ടുള്ള ചായ കുടിച്ചാൽ ആരും വീണ്ടുമിവിടെ വരുമെന്നകാര്യത്തിൽ സംശയമില്ല. 

kannur-dairy-farm-3

വ്യത്യസ്ത കാഴ്ചപ്പാട്

പതിവു ഫാം സങ്കൽപമല്ല ഇവിടെ. പാൽ വിൽപനയല്ല ഫാം കൊണ്ട് ജിജീഷ് ഉദ്ദ്യേശിക്കുന്നത്. നല്ലയിനം പശുക്കളെ ജനിപ്പിച്ചെടുക്കുക. ഇന്ത്യയിലെ 14 തദ്ദേശീയ ജനുസ് പശുക്കളെയാണ് ഫാമിൽ വളർത്തുന്നത്. സഹിവാൾ, ഗിർ, റെഡ് സിന്ധി, ഹരിയാന, താർപാർക്കർ എന്നിവയെയാണ് ആദ്യം കൊണ്ടുവന്നത്. കോയമ്പത്തൂരിൽ നിന്നുകൊണ്ടുവരുന്ന ഗുണമേന്മയുള്ള ബീജം സൂക്ഷിക്കാൻ നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ സഹായത്തോടെ ക്രയോ കാനും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ ഫാമിൽ ജനിച്ചുവളർന്ന പശുക്കൾ ഇപ്പോൾ ഗർഭിണിയായിട്ടുണ്ട്. ഇവ പ്രസവിക്കുന്നതോടെ ശുദ്ധമായ നാടൻ ഇനം പശുക്കൾ എന്നുപറയാവുന്ന ഒരുങ്ങുമെന്നാണ് ജിജീഷ് പറയുന്നത്. ഇങ്ങനെയുള്ള പശുക്കളെ അവയുടെ ബ്രാൻഡിൽ ഒരുക്കും. സഹിവാൾ മാത്രമുള്ള ഒരു വിഭാഗം, ഗിർ മാത്രമുള്ളത് എന്നിങ്ങനെ. ഇത്തരം വിഭാഗത്തിന്റെ പാലും പാലുൽപന്നങ്ങളും അതേ പേരിൽ ബ്രാൻഡ് ചെയ്യും. അതുപോലെ പശുക്കളുടെ ഇനത്തെ ബ്രാൻഡ് ചെയ്തു വിൽക്കുകയാണ് മറ്റൊരു പദ്ധതി. ഉദാഹരണത്തിന് സഹിവാൾ പശുക്കളെ മാത്രം വളർത്താവുന്ന ഫാം ഒരുക്കിക്കൊടുക്കുക. അവയുടെ പാൽ തിരികെ വാങ്ങുമെന്ന കരാറിലായിരിക്കും പശുക്കളെ വിൽക്കുക. 

kannur-dairy-farm-2

കേരളത്തിലെ ആദ്യ സൈലേജ് യൂണിറ്റ്

കൃത്രിമമായ കാലിത്തീറ്റയില്ലാത്ത ഫാമാണിത്. ചോളപ്പുല്ലുകൊണ്ടുള്ള സൈലേജ് നിർമാണത്തിന് സ്വന്തം പ്ലാന്റ് ഉണ്ട്. 50 ലക്ഷം രൂപ ചെലവിലുള്ള ഫാം കേരളത്തിൽ ആദ്യത്തേതാണെന്ന് ജിജീഷ് പറഞ്ഞു. കർണാടകയിൽ നിന്നുകൊണ്ടുവരുന്ന ചോളപ്പുല്ലുകൊണ്ടുണ്ടാക്കുന്ന സൈലേജ് കർഷകർക്കു വിൽപനയുമുണ്ട്. നിത്യേന 10 ടൺ സൈലേജ് നിർമിക്കാൻ പറ്റുന്ന പ്ലാന്റാണിത്. 

ചോളം, റാഗി, കടലപ്പിണ്ണാക്ക് എന്നിവ ചേർത്ത മിശ്രിതവും സൈലേജുമാണ് കാലികൾക്കു തീറ്റയായി നൽകുന്നത്. 

അച്ഛൻ ഗംഗാധരൻ ആണ് ജിജീഷിന് ഫാം തുടങ്ങാൻ പ്രചോദനമേകിയത്. പശുക്കളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത് അച്ഛനാണ്. സഹോദരൻ പ്രജീഷിനാണ് സൈലേജ് പ്ലാന്റിന്റെ ചുമതല. പത്മാക്ഷിയാണ് അമ്മ. ഭാര്യ വർഷ അധ്യാപികയാണ്. അനാമിക, ആത്മിക മക്കളാണ്. 

kannur-dairy-farm-5

സമ്മർദമില്ലാത്ത വളർത്തുജീവികൾ

മാനസികസമ്മർദമില്ലാതെ ജീവികളെ വളർത്തണമെന്നാണ് ജിജീഷിന്റെ കാഴ്ചപ്പാട്. ഫാമിലുള്ള പശു, ആട്, കോഴി, താറാവ്, അലങ്കാരക്കോഴികൾ എന്നിവയ്ക്കൊന്നും കെട്ടുപാടുകളില്ല. കാലികളെ പകൽ കെട്ടിയിടില്ല.  കന്നുകാലികൾക്കൊന്നും മൂക്കുകയറുണ്ടാകില്ല. രാവിലെ കറവ കഴിഞ്ഞാൽ എല്ലാറ്റിനെയും പറമ്പിലേക്ക് അഴിച്ചുവിടും. ഫാമിനടുത്തുള്ള കുളത്തിലായിരിക്കും മിക്കവയും ഉണ്ടാകുക. പിന്നീട് സന്ധ്യയോടെ ഫാമിലേക്കു കൊണ്ടുവരും. 

ആടുകളും ഇതുപോലെയാണ്. കുള്ളൻ ആടുകളൊക്കെ പ്രസവിച്ചുവരുമ്പോഴാണ് ചിലപ്പോൾ അറിയാറുള്ളത്. 

കോഴി, താറാവ് എന്നിവയ്ക്കൊന്നും കൂടൊന്നുമില്ല. തീറ്റയെല്ലാം പറമ്പിൽ നിന്നുതന്നെ. വിൽപനയ്ക്ക് നിത്യേന ഇരുപതിലേറെ മുട്ടകൾ ലഭിക്കും. മറ്റു ജീവികളുടെ ശല്യം ഉണ്ടാകാതിരിക്കാൻ 10 നായകളെ വളർത്തുന്നുണ്ട്.

ഫോൺ: 9746344300

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com