ADVERTISEMENT

കൈ നിറയെ കാശു തരുന്ന കൃഷി അന്വേഷിക്കുകയാണോ? കാർഷികമേഖലയിൽ നിക്ഷേപം നടത്താന്‍ ആഗ്രഹമുണ്ടോ? കാർഷികജീവിതത്തിന്റെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നതിനൊപ്പം സമ്പത്തും നേടാൻ അവസരങ്ങൾ തുറക്കുകയാണ് പഴവർഗക്കൃഷി. വെറും പഴങ്ങളല്ല, വിപണിക്കു പ്രിയപ്പെട്ട വിദേശപ്പഴങ്ങൾ! ആദ്യ വർഷം തന്നെ ആദായമേകിത്തുടങ്ങുന്ന ഡ്രാഗൺ ഫ്രൂട്ട് മുതൽ 10–12 വർഷം കാത്തിരിക്കേണ്ടിവരുന്ന മാങ്കോസ്റ്റിൻവരെ ഇക്കൂട്ടത്തിലൂണ്ട്. 3–4 ഏക്കറിലെ കൃഷിയിലൂടെ മാന്യമായി ജീവിക്കാനുള്ള വരുമാനം മിക്ക പരമ്പരാഗത വിളകളില്‍നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇവയുടെ മുന്നേറ്റം. റബറിനു പകരമായി പലരും കാണുന്ന റംബുട്ടാനാണ് ഇവയിൽ പ്രധാനി. വീട്ടുവളപ്പിലെ പ്രിയവിളയെന്ന സ്ഥാനം വിട്ടു തോട്ടവിളയായി മാറിയ മാങ്കോസ്റ്റിനും രാജ്യാന്തരതാരമായ അവക്കാഡോയും അതിവേഗം വരുമാനമെന്ന മോഹനവാഗ്ദാനം നൽകുന്ന ഡ്രാഗൺഫ്രൂട്ടും മുതൽമുടക്ക് കുറവുള്ള പാഷൻഫ്രൂട്ടുമൊക്കെ കൃഷിക്കാര്‍ക്കു പ്രതീക്ഷ നല്‍കുന്നു. ഇവയുടെ കൃഷിരീതികളും സവിശേഷതകളുമൊക്കെ എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാൽ വിപണിയിൽ ഇവയുടെ പ്രകടനമെങ്ങനെ? വിപണിക്കുവേണ്ടി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്ഥിരവരുമാനത്തിനായി  കൃഷി ചെയ്യുന്നവര്‍ വിളവെടുപ്പിനു മുന്‍പും ശേഷവും ചെയ്യേണ്ടതെന്തൊക്കെ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ കര്‍ഷകരുടെ മനസ്സില്‍ ഉയരുന്നുണ്ട്. ഇവയ്ക്കുള്ള ഉത്തരങ്ങള്‍ ഈ രംഗത്ത് ആദ്യമിറങ്ങി നേട്ടമുണ്ടാക്കിയ കര്‍ഷകരോടും വ്യാപാരികളോടും വ്യാപാരത്തിലേക്കു ചുവടുമാറിയ കർഷകരോടും ചോദിക്കാം. 

dragon-fruit

റംബുട്ടാൻ, മാങ്കോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട്, പാഷൻ ഫ്രൂട്ട്. ഇവയോരോന്നും മലയാളമണ്ണിനു നൽകുന്ന സാധ്യതകൾ ഓരോന്നായി പരിഗണിക്കാം. അതിനു മുൻപായി ഈ പഴങ്ങളുടെ മൊത്തത്തിലുള്ള സംരംഭസാധ്യതകൂടി അറിയേണ്ടതുണ്ട്. ഏതു സംരംഭത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ മാനേജ്മെന്റ് വിദഗ്ധർ ഉപയോഗിക്കാറുള്ള പരിശോധനയാണ് സ്വോട്ട് അനാലിസിസ് അഥവാ ശക്തി – ദൗർബല്യ – സാധ്യതാപഠനം. കേരളത്തിലെ വിദേശപഴവർഗങ്ങളുടെ ശക്തിദൗർബല്യങ്ങൾക്കൊപ്പം ഈ രംഗത്തെ പ്രമുഖ സംരംഭകരുടെ അനുഭവങ്ങളും ചുവടെ: 

fruits-1
fruits-2

പഴവർഗക്കൃഷിയിൽ മുതൽ മുടക്കുമ്പോൾ

  • കൃഷിസ്ഥലത്തെ സൂക്ഷ്മ കാലാവസ്ഥയ്ക്കു യോജിച്ച ഇനങ്ങൾ തിരഞ്ഞെടുക്കുക. നന്നായി സൂര്യപ്രകാശം കിട്ടുന്നതും മണ്ണിന് ആഴമുള്ളതുമായ സ്ഥലമാണ് മിക്ക പഴവർഗങ്ങൾക്കും വേണ്ടത്. 
  • ഡ്രാഗൺ ഫ്രൂട്ട് ഒഴികെ എല്ലാറ്റിനും വേനലിൽ നന്നായി നനയ്ക്കണം. വേനലില്‍ വേണ്ടത്ര വെള്ളം മുൻകൂട്ടി ഉറപ്പാക്കുക.
  • വാണിജ്യക്കൃഷി കുറഞ്ഞത് 3-4 ഏക്കറില്‍ ചെയ്യുക. സ്വന്തമായി സ്ഥലം കുറവെങ്കില്‍ തരിശായി കിടക്കുന്ന കൃഷിയിടങ്ങൾ ദീർഘകാല വ്യവസ്ഥയിൽ പാട്ടത്തിനെടുക്കാം. ഇത്തരം കര്‍ഷകര്‍ക്കു പിന്തുണ നൽകാൻ സംസ്ഥാന കൃഷിവകുപ്പ് പുതിയ പദ്ധതി നടപ്പാക്കുന്നുണ്ട്. വേണ്ടത്ര ഭൂമിയില്ലാത്തവർ അയൽവാസികളുമായി ചേർന്ന് വലിയ അളവില്‍ ഉൽപന്നം ഒന്നിച്ചു വിപണനം നടത്തുക. എങ്കിലേ ഫലപ്രദമായി വിലപേശാനാവുകയുള്ളൂ. കാരണം, കുറഞ്ഞത് ഒരു ലോഡ് ഉൽപന്നം വിളവെടുക്കാൻ കഴിയുന്ന തോട്ടങ്ങൾക്കാണ് കച്ചവടക്കാര്‍ മുൻഗണന നല്‍കുന്നത്. 
  • സ്ഥലവിസ്തൃതി കൂട്ടാനാവാത്തവര്‍ സമീപത്തെ കടകളും സൂപ്പർ മാർക്കറ്റുകളുമായി മുൻകൂട്ടി വില ഉറപ്പിച്ചു ധാരണയിലെത്തുക. സമൂഹമാധ്യമങ്ങളും മറ്റും വഴി ഓൺലൈൻ വിപണനവും പരീക്ഷിക്കാം. കൃഷിയിടത്തോടു ചേർന്നു പാതയോര വിപണനം നടത്തുന്നതും നന്ന്.  
  • ഏതുതരം വിപണനത്തിലും ഉൽപന്നം നിലവാരമനുസരിച്ച് തരം തിരിച്ചു വില ഈടാക്കുക. ഏറ്റവും മികച്ചതും വൃത്തിയായി പായ്ക്ക് ചെയ്തതുമായ പഴങ്ങൾക്ക് മുന്തിയ വില കിട്ടും. 
  • കൃഷിയിടം വൃത്തിയായി സംരക്ഷിച്ച് രോഗ-കീടബാധ സാധ്യത ഒഴിവാക്കുക. കീടനാശിനികളും മറ്റും പരമാ വധി ഒഴിവാക്കുന്നത് ഉൽപന്നത്തിന്റെ ഗുണമേന്മ കൂട്ടും. കയറ്റുമതിസാധ്യതയും കൂടും.   
  • വാണിജ്യക്കൃഷിയില്‍ വിളവിന് ആനുപാതികമായി പോഷകം നല്‍കണം. എല്ലാ വർഷവും മണ്ണു പരിശോധിച്ചു വേണ്ട രീതിയില്‍ വളം നല്‍കണം. നിലവാരമേറിയ പുതുതലമുറ വളങ്ങൾ വിപണിയിൽ ലഭ്യമാണ്. സൂക്ഷ്മ മൂലകങ്ങൾക്ക് ഉൽപാദനക്ഷമത വര്‍ധനയില്‍ വലിയ പങ്കുണ്ടെന്ന വസ്തുത മറക്കരുത്.
  • പഴങ്ങൾക്ക് കേടുവരാത്തവിധം വിളവെടുപ്പും തുടർപ്രവർത്തനങ്ങളും നടത്തുക. ഒരു സാഹചര്യത്തിലും അവ മണ്ണിൽ വീഴുകയോ വയ്ക്കുകയോ ചെയ്യരുത്. ചതവു കൂടാതെ തരം തിരിച്ച് കേറ്റുകളിലാക്കുക. റംബുട്ടാൻപോലുള്ള പഴങ്ങൾ കുലകളായിത്തന്നെ അടുക്കുക. അവ്ക്കാഡോ, മാങ്കോസ്റ്റിൻ എന്നിവയുടെ പുറമേയുള്ള തിളക്കം പോലും വില കൂട്ടും. 
  • ഓരോ പഴവർഗത്തിന്റെയും വിപണിപ്രിയ ഇനം കണ്ടെത്തി കൃഷി ചെയ്യുക. രുചി മാത്രമല്ല, സൂക്ഷിപ്പുകാലവും ഉൽപാദനക്ഷമതയും രോഗ -കീട സാധ്യതകളും കൂടി പരിഗണിക്കണം. 
  • ഉൽപാദനക്ഷമതയിൽ കമ്പുകോതല്‍ (Pruning) നിര്‍ണായകം. കൃത്യസമയത്ത് ശാസ്ത്രീയമായി കമ്പു കോതുക.

അമിതോൽപാദനം മൂലം ഭാവിയിൽ വില താഴുമെന്ന ഭീതിയില്ലാതെ കൃഷി ചെയ്യാവുന്ന വിളകളാണ് റംബുട്ടാനും മാങ്കോസ്റ്റിനും ദൂരിയനും. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ 2% സ്ഥലത്തു മാത്രമേ ഈ അൾട്രാ ട്രോപ്പിക്കൽ പഴവര്‍ഗങ്ങള്‍ വളരുകയുള്ളൂ. ഈ സ്ഥലം ഏറക്കുറെ മുഴുവനായും കേരളത്തിലാണ്. 

rambutan-2

വിലയിടിവ് ഭയക്കേണ്ട

അമിതോൽപാദനം മൂലം ഭാവിയിൽ വില താഴുമെന്ന ഭീതിയില്ലാതെ കൃഷി ചെയ്യാവുന്ന വിളകളാണ് റംബുട്ടാനും മാങ്കോസ്റ്റിനും ദൂരിയനുമെന്ന് ഈ പഴവർഗങ്ങളെ കേരളത്തിനു പരിചയപ്പെടുത്തിയ ഹോംഗ്രോണിന്റെ ജനറൽ മാനേജർ ഷൈജു ലൂക്കോസ്. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയിൽ 2% സ്ഥലത്തു മാത്രമേ ഈ അൾട്രാ ട്രോപ്പിക്കൽ പഴവര്‍ഗങ്ങള്‍ വളരുകയുള്ളൂ. ഈ സ്ഥലം ഏറക്കുറെ മുഴുവനായും കേരളത്തിലാണ്. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് കർണാടകത്തിലെ മാംഗളൂർ ജില്ലയിൽ മാത്രമാണ് ഇവ വളരുന്നത്. യോജ്യമായ ബാക്കി സ്ഥലത്തിൽ നല്ല പങ്ക് കാടുകളും മറ്റുമാണ്.

കൊങ്കൺ മേഖലയിൽ റംബുട്ടാനും മറ്റും നന്നായി വളരുമെന്നു കരുതപ്പെട്ടെങ്കിലും അവിടെ വിളവ് ആദായകരമല്ലെന്ന് ഷൈജു. അതായത്, കേരളത്തിലും സമാന കാലാവസ്ഥയുള്ള പൂർവേഷ്യൻ രാജ്യങ്ങളിലും മാത്രമേ കൃഷി സാധ്യമാവൂ. പ്രകൃതി കനിഞ്ഞു നല്‍കിയ കുത്തകാവകാശം! മലേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പഴവർഗക്കൃഷിയിൽ ബഹുകാതം മുന്നിലാണെങ്കിലും അവിടെനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിസാധ്യത കുറവാണ്. കുരുമുളകിന്റെയോ റബറിന്റെയോ ഗതി ഉടനെങ്ങും ഈ പഴങ്ങൾക്കുണ്ടാവില്ലെന്നു സാരം.

വിപണിയിലെ കുത്തകമൂലം നല്ല വില ലഭിക്കുന്നുണ്ടെങ്കിലും അല്‍പം കൂടി വില കുറച്ചു ലഭ്യമാകുന്നതാണ് കൃഷിക്കു നല്ലതെന്നു ഷൈജു പറയുന്നു. എകദേശം 120 രൂപ കൃഷിയിടത്തില്‍ വില കിട്ടുന്ന റംബുട്ടാൻ വിവിധ തലത്തിലെ ലാഭമെടുക്കലിനുശേഷം ചില്ലറ വിപണിയിൽ എത്തുമ്പോള്‍ വില 250 രൂപയാകും. ഈ നിരക്കിൽ ഉയർന്ന വരുമാനക്കാര്‍ മാത്രമേ വാങ്ങൂ.  80-100 രൂപ നിരക്കിൽ പഴങ്ങൾ നൽകാൻ കൃഷിക്കാർക്കു കഴിഞ്ഞാല്‍ ചില്ലറവില 200 രൂപയ്ക്കു താഴെ നില്‍ക്കും. അപ്പോള്‍ വാങ്ങല്‍ ഇരട്ടിക്കും. വിപണി വിപുലമാകും. തുടര്‍ന്നു കൃഷി മാത്രമല്ല, അനുബന്ധ സംസ്കരണ വ്യവസായവും തൊഴിലവസരങ്ങളും വർധിക്കും. ഉൽപാദനച്ചെലവ് കുറച്ചാലേ ഇവയൊക്കെ സാധ്യമാവുകയുള്ളൂ. ഇക്കാര്യങ്ങളില്‍ കര്‍ഷകരെ വഴികാട്ടാന്‍ കേരളത്തിലെ കൃഷിവകുപ്പിനും കാര്‍ഷിക സര്‍വകലാശാലയ്ക്കും കഴിയണം. പഴവർഗങ്ങളുടെ കൃഷിയിലും മൂല്യവർധനയിലും കൂടുതൽ സാങ്കേതികവിദ്യകൾ എത്തിക്കാൻ അവർക്കു കഴിഞ്ഞാൽ ഈ മേലയ്ക്കു മുതൽക്കൂട്ടാകും. 

ഫോൺ: 9746470319

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com