ADVERTISEMENT

റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ കാശെല്ലാം പാറക്കെട്ട് നിറഞ്ഞ സ്ഥലത്ത് കൃഷിയിറക്കിയ ചേട്ടന്റെയും അനുജന്റെയും കഥയാണിത്. ചേട്ടൻ കെ.എസ്.ജോസഫ് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു, അനുജൻ കെ.എസ്. ആന്റണി ചവറ ടൈറ്റാനിയത്തിൽനിന്നു വിരമിച്ചു. റാന്നിക്കു സമീപം അത്തിക്കയം സ്വദേശികളായ ഇരുവരുടെയും സ്വപ്നമായിരുന്നു റിട്ടയർമെന്റിനുശേഷം കൃഷി. ജോലിയിലിരിക്കുമ്പോഴേ അവർ ആവേശത്തോടെ തയാറെടുത്തു. പൂർവികസ്വത്തായി കിട്ടിയ സ്ഥലത്തെല്ലാം ജാതിയും റബറും കുരുമുളകും നട്ടു വളർത്തി. ശേഷിച്ചത് പാറക്കെട്ട് നിറഞ്ഞ പ്രദേശം. ശോഷിച്ച ഏതാനും റബർതൈകളാണ് അവിടെയുണ്ടായിരുന്നത്. 

dragon-fruit-1
ജോസഫും ആന്റണിയും ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ

ചെങ്കുത്തായ മലയുടെ മുകളിൽ തീരെ വെള്ളം കിട്ടാത്ത ആ സ്ഥലത്ത് നട്ടുവളർത്താൻ അവർ കണ്ടെത്തിയ വിളയാണ് ഡ്രാഗൺ ഫ്രൂട്ട്. 8 വർഷം മുൻപ് ഈ വിളയെക്കുറിച്ചു കേട്ടറിഞ്ഞ് ആദ്യം അന്വേഷിച്ചത് ആന്റണി. അദ്ദേഹത്തിന്റെ താൽപര്യം കണ്ടു ജോസഫും കൂടെക്കൂടി. പരീക്ഷണമെന്ന നിലയിൽ പാറക്കെട്ടിൽ 200 മൂട് ഡ്രാഗൺ കൃഷി ചെയ്തു. ആദ്യവർഷം തന്നെ ഡ്രാഗൺ ഫലം നൽകി– 400 കിലോ പഴം. എന്നാൽ, അതിന് ആവശ്യക്കാരെ കണ്ടെത്താനായില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ നല്‍കിയപ്പോള്‍ അവരും വലിയ താൽപര്യം കാണിച്ചില്ല. വിപണനം പ്രശ്നമാകുമെന്നു തോന്നിയപ്പോള്‍ ഇവർ നടപ്പാക്കിയ വിപണനതന്ത്രം ശ്രദ്ധേയം. ഇന്റർനെറ്റിൽനിന്ന് ഡ്രാഗൺപഴങ്ങളുടെ പോഷകഗുണങ്ങളുടെ പട്ടിക പകർത്തി പ്രിന്റെടുത്ത് കടകളിലും സൂപ്പർ മാർക്കറ്റിലുമൊക്കെ പതിപ്പിച്ചു. അതോടെ കച്ചവടം ഉഷാര്‍. ക്രമേണ ഓരോ വർഷവും കൃഷി വ്യാപിപ്പിച്ചു. ഇന്നിപ്പോൾ 10 ഏക്കർ പാറക്കെട്ട് മുഴുവൻ ഡ്രാഗൺ നിറഞ്ഞു. കഴിഞ്ഞ വർഷമാണ് നടീൽ പൂർണമായത്. 

dragon-fruit-4

ഏറ്റവും മികച്ച വിളവും കഴിഞ്ഞ സീസണിലായിരുന്നെന്ന് ജോസഫ്. 45 ടൺ ഡ്രാഗൺ പഴമാണ് പോയ വർഷം കിട്ടിയത്. കിലോയ്ക്ക് 160 രൂപ നിരക്കിൽ 72 ലക്ഷം രൂപയുടെ മുതൽ! ഈ വർഷം വില താഴ്ന്നിട്ടുണ്ട്. വിളവെടുപ്പ് പൂർത്തിയാകാത്തതിനാൽ മൊത്തം വരുമാനം കണക്കാക്കിയിട്ടില്ല. ഏതായാലും വലിയ വരുമാനം തന്നെ; എന്നാല്‍, ‌അതനുസരിച്ചുള്ള മുതൽമുടക്കും വേണ്ടിവന്നെന്ന് ജോസഫ് ചൂണ്ടിക്കാട്ടി. ‘‘സ്ഥലത്തെ പാറ മുഴുവന്‍ പൊട്ടിച്ചു ലാൻഡ് സ്കേപ് ചെയ്തു സുന്ദരമാക്കി. അതിനു നടുവിൽ സംഭരണശാലയും വാച്ച് ടവറും നിർമിച്ചു. എല്ലാം കൂടി 10 ലക്ഷം രൂപയാണ് കൃഷിഭൂമി നന്നാക്കാന്‍ മാത്രം മുടക്ക്. ഞങ്ങളുണ്ടാക്കിയ പണമല്ലേ, ആരെയും ബോധിപ്പിക്കേണ്ടതില്ലല്ലോ? കൃഷി ആഘോഷമാക്കിയേക്കാമെന്നു കരുതി’’– ജോസഫ് പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് തങ്ങൾക്ക് ഇത്രയും മുതൽമുടക്കേണ്ടിവന്നതെന്നും സാധാരണ കൃഷിയിടങ്ങളിൽ ഇതിലും കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

dragon-fruit-6

തൈകൾക്കും താങ്ങുകാലിനും വേണ്ടിവരുന്ന വലിയ ചെലവാണ് ഡ്രാഗൺകൃഷിയിലെ പ്രധാന വെല്ലുവിളി. കോൺക്രീറ്റ് കാല്‍ ഒന്നിന് 1000 രൂപ വീതം മുടക്കേണ്ടിവരും. ഒരേക്കർ സ്ഥലത്ത് 400 തൈകൾ നട്ടുകഴിയുമ്പോൾ 6 ലക്ഷം രൂപ ചെലവ്. കാട് തെളിക്കാനും കൂലിച്ചെലവ് വേണ്ടിവരും. ചെടി നട്ടുകഴിഞ്ഞാൽ ചാണകവും മറ്റു ജൈവ വളങ്ങളും മാത്രമാണ് നൽകുക. ഒരു വർഷം പ്രായമായ ഒരു ഏക്കർ ഡ്രാഗൺ പൂവിടുമ്പോഴേക്കും ഒരു ചുവടിന് 1,500 രൂപ വരെ മുടക്കുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

dragon-fruit-3

വിളവെടുത്ത ഡ്രാഗൺ പഴങ്ങൾ വിൽക്കാൻ ചില സീസണുകളിൽ നേരിയ പ്രയാസമുണ്ടാകാം. മഴമൂലം കച്ചവടം കുറയാം. വ്യാപകമായ വിളവെടുപ്പില്‍ പ്രാദേശിക ഡിമാൻഡ് കുറയാം. ഡ്രാഗൺ വാങ്ങിയ കച്ചവടക്കാർ കൂടുതൽ പഴം അയയ്ക്കേണ്ടതില്ലെന്നു പറയും. പഴം സൂക്ഷിച്ചുവയ്ക്കാനായാൽ പിന്നീട് ഉയർന്ന വിലയ്ക്കു വിൽക്കാം. പക്ഷേ 7 ദിവസം മാത്രം സൂക്ഷിപ്പുകാലമുള്ള ഈ പഴം എങ്ങനെ സൂക്ഷിക്കും. അതിന് ഇരുവരും ചേർന്നു കണ്ടെത്തിയ മാർഗമാണ് കോൾഡ് റൂമുകൾ. 3 മാസത്തോളം ഇതിൽ പഴം കേടുകൂടാതെ സൂക്ഷിക്കാം 10 ടൺ, 5 ടൺ ശേഷിയുള്ള 2 കോൾഡ് റൂമുകളാണ് കൃഷിയിടത്തോടു ചേർന്നുള്ളത്. ഒരുപക്ഷേ സ്വന്തമായി കോൾഡ് റൂമുള്ള കേരളത്തിലെ ആദ്യ കർഷകരാവും ഇവർ. രണ്ടിനും കൂടി 30 ലക്ഷം രൂപ മുടക്കേണ്ടിവന്നു. ഇപ്പോൾ ഇത്രയും ശേഷി ആവശ്യമില്ലെങ്കിലും ഭാവിയിലെ ആവശ്യങ്ങൾ കണ്ടാണ് ഇവ നിർമിച്ചതെന്ന് ജോസഫ്. മഴമൂലം വില താഴുമ്പോൾ 2–3 ടൺ വിപണിയിലിറക്കാതെ ഇതിൽ സൂക്ഷിക്കും. ഒരാഴ്ച കഴിഞ്ഞ് കിലോയ്ക്ക് 30–40 രൂപ കൂടുമ്പോൾ ഇതു വിറ്റുതീർക്കും. അധികമായി കിട്ടുന്ന വരുമാനം മതി കോൾഡ് റൂമിന്റെ പ്രവർത്തനച്ചെലവിന്– അദ്ദേഹം പറഞ്ഞു. നാട്ടുകാരായ മറ്റ് ഡ്രാഗൺ കർഷകരും ഇവരുടെ ശീതീകരണി പ്രയോജനപ്പെടുത്തുന്നുണ്ട്.

dragon-fruit-5
കോൾഡ് റൂമിൽ ഡ്രാഗൺഫ്രൂട്ട് പഴങ്ങൾ സൂക്ഷിച്ചിരിക്കുന്നു

നാട്ടിലെങ്ങും ഡ്രാഗൺകൃഷി വ്യാപിക്കുന്ന സാഹചര്യത്തിൽ വില താഴുമെന്ന് ഇവർക്കറിയാം. എന്നാൽ ഇവർക്കു കുലുക്കമില്ല. മൂല്യവർധനയിലൂടെ അതു നേരിടാൻ അവർ തയാറെടുത്തുകഴിഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ ഇൻകുബേഷൻ സെന്ററിന്റെ സഹായത്തോടെ ഡ്രാഗൺ ഫ്രൂട്ടിന്റെ ജൂസും ജാമും സ്ക്വാഷുമൊക്കെ തയാറാക്കാന്‍ ശ്രമമുണ്ട്.  

ഫോൺ: 9446818547

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com