ADVERTISEMENT

മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കൂവക്കൃഷിയും സംസ്കരണവും മൂല്യവര്‍ധനയും എറണാകുളത്തെ മാഞ്ഞാലിയുടെ പെരുമ  ചേനയിലും ബിരിയാണിയിലുമൊക്കെയാണ്. ഇവിടെ അത്ര വ്യാപകമല്ലാതിരുന്ന കൂവക്കൃഷി പ്രചരിപ്പിക്കാനും 30 ടൺ കിഴങ്ങ് സംഭരിക്കാനും മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിനു കഴിഞ്ഞതോടെ ഇതാ മാഞ്ഞാലിപ്പെരുമ കൂവയിലും. 

മലബാറിൽനിന്നു ബാങ്ക് അധികൃതർ കൊണ്ടുവന്ന രാജകൂവ കിഴങ്ങുകൾ കൃഷി ചെയ്യാൻ നാട്ടുകാർക്ക് ആത്മവിശ്വാസം നൽകിയത് ബാങ്കിന്റെതന്നെ കൂവ സംസ്കരണകേന്ദ്രമാണ്. ബാങ്കിന്റെ കൂവ ഫാക്ടറിയുള്ളപ്പോൾ അതിനു വിപണിയും ന്യായവിലയും കിട്ടുമെന്നതില്‍ ആർക്കും സംശയമുണ്ടായില്ല. ഗ്രാമീണ സമ്പദ്‌വ്യവസ്ഥകളിൽ കൃഷിക്കാർക്ക് ആത്മവിശ്വാസം നൽകാൻ മൂല്യവർധന എങ്ങനെ പ്രയോജനപ്പെടുമെന്നു തെളിയിക്കുകയാണ് ഈ സംരംഭത്തിലൂടെ ബാങ്ക് ചെയ്യുന്നതെന്ന് പ്രസിഡന്റ് പി.എ.സക്കീർ പറഞ്ഞു.

manjaly-bank-3
തനിവിളയായി കൂവ കൃഷി ചെയ്തിരിക്കുന്ന തോട്ടം. ഇൻസെറ്റിൽ സെക്രട്ടറി ടി.ബി.ദേവദാസ്, പ്രസിഡന്റ് പി.എ.സക്കീർ

കേന്ദ്രസർക്കാരിന്റെ അഗ്രികൾചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ ലഭിച്ച 1.75 കോടി രൂപ മുടക്കിയാണ് സംസ്കരണശാല സ്ഥാപിച്ചത്. നാലു ശതമാനം പലിശനിരക്കിൽ വായ്പയായി ലഭിച്ച തുകയ്ക്ക് നബാർഡിന്റെ 3% പലിശ സബ്സിഡിയുമുണ്ട്. തിരിച്ചടവിന് ഒരു വർഷത്തോളം സാവകാശവും.

ഫാക്ടറി 2023ൽ സ്ഥാപിക്കുമ്പോൾ സംസ്കരണത്തിനു വേണ്ട കൂവ മലബാർ മേഖലയിൽനിന്നു വാങ്ങുകയായിരുന്നു. എന്നാൽ, അന്നുതന്നെ വിത്തുകിഴങ്ങുകൾ മാഞ്ഞാലിയിലും ഏലൂർ, കുന്നുകര പ്രദേശങ്ങളിലെ കൃഷിക്കാർക്ക് വിതരണം ചെയ്യാന്‍ ബാങ്ക് അധികൃതർ മറന്നില്ല. വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിൽ നടപ്പാക്കുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. തിരികെ വാങ്ങാമെന്ന ഉറപ്പിന്മേൽ കൃഷിക്കാർ  സംരംഭം ഏറ്റെടുത്തതൊടെ കൂവക്കൃഷി വ്യാപിച്ചു. ഈ വർഷം ജനുവരിയില്‍ ആദ്യ വിളവെടുപ്പും നടന്നു. 

manjaly-bank-2
കൂവപ്പൊടി പായ്ക്കറ്റിലാക്കി സൂക്ഷിച്ചിരിക്കുന്നു

സീസൺ പൂർത്തിയായപ്പോൾ ഫാക്ടറിക്കു വേണ്ടതിന്റെ പകുതിയോളം (30 ടൺ) കൂവ പ്രാദേശികമായി ലഭിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയായിരുന്നു കൃഷി. ഇടവിളയായി ചെയ്യാവുന്നതാണെങ്കിലും പരമാവധി ഉൽപാദനം ലക്ഷ്യമിട്ട് തനിവിളയായാണ് ഇവിടെ കൂവ കൃഷി ചെയ്യുന്നത്. ഈ വർഷം ജനുവരിയിൽ വിളവെടുപ്പ് ആരംഭിച്ചപ്പോൾ ബാങ്ക് വാക്കു പാലിച്ചു. ഏക്കറിനു ശരാശരി 7 ടൺ വിളവു കിട്ടി. കിലോയ്ക്ക്  60 രൂപ നിരക്കില്‍ സംഭരണം. കർഷകർക്ക് 18 ലക്ഷം രൂപ വരുമാനം ലഭിച്ചെന്ന് ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ് പറഞ്ഞു. 

കിഴങ്ങ് ചതച്ചു ചാറെടുത്തശേഷം സെൻട്രിഫ്യൂഗൽ സംവിധാനത്തിലൂടെ ജലാംശം നീക്കിയാണ് സംസ്കരിക്കുന്നത്. ഒരു ടൺ കൂവ സംസ്കരിക്കുമ്പോൾ 100 കിലോ പൊടിയാണ് ലഭിക്കുക. ഇത് കിലോയ്ക്ക് 1,250 രൂപ നിരക്കിൽ ബാങ്ക് ചില്ലറ വിൽപന നടത്തുന്നു. ബൾക്ക് ഓർഡറുകളും വരുന്നുണ്ട്. മാഞ്ഞാലി മാർട്ട് എന്ന വെബ്സൈറ്റിലൂടെ ബാങ്ക് ഉൽപന്നങ്ങളുടെ ഓൺലൈൻ വിപണനവുമുണ്ട്. എന്നാൽ, കയറ്റുമതി വിപണിയാണ് മാഞ്ഞാലി ബാങ്കിന്റെ മുഖ്യ ലക്ഷ്യം. ആദ്യ വിദേശ ഓർഡർ അവരെ അതിശയിപ്പിച്ചു.  30 ടൺ കൂവപ്പൊടിയാണ് ഗൾഫിൽനിന്ന് ആവശ്യപ്പെട്ടത്. ആദ്യ വർഷത്തെ കൃഷിയിൽ ഇത്രയും ഉൽപാദനം ലഭിക്കാത്തതിനാല്‍ അടുത്ത വിളവെടുപ്പുകളിലെ കൂവ കൂടി സംസ്കരിച്ച് ഓർഡർ നിറവേറ്റാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വലിയ തോതിൽ അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിൽ കൃഷി വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നു. 

manjaly-bank-4
കൂവയ്ക്കുശേഷം ചക്ക

മേയിൽ കൂവ സീസൺ അവസാനിക്കുമെന്നതിനാൽ തുടർന്നുള്ള മാസങ്ങളിൽ ചക്ക സംസ്കരണവും ബാങ്ക് ആരംഭിച്ചു. ഇതിന് ഏതാനും ഉപകരണങ്ങൾകൂടിയേ വേണ്ടിവന്നുള്ളൂ. 7 ഫാക്ടറി ജീവനക്കാർക്ക് തുടർന്നും തൊഴിൽ നൽകുന്നതിനും പ്രാദേശികമായ ലഭ്യമായ ചക്ക പാഴാക്കാതെ വിപണിയിലെത്തിക്കാനും ഇതുവഴി സാധിച്ചു. പച്ചച്ചക്ക ഉണങ്ങിയത്, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്കവരട്ടി, ജാം, ജെല്ലി എന്നിങ്ങനെ 15  ഉൽപന്നങ്ങളാണ് ഇവിടെ ഒരുക്കുന്നത്. കൂവ, ചക്ക ലഭ്യത കുറയുമ്പോൾ കൃഷിക്കാരിൽനിന്ന് കുമ്പളങ്ങ വാങ്ങി ആഗ്ര പേടയും കാന്താരിമുളക് വാങ്ങി നെല്ലിക്ക–കാന്താരി സിറപ്പും തയാറാക്കുന്നു. ജീവനക്കാർക്ക് മൂല്യവർധനയില്‍  പരിശീലനം നൽകിയത് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലും പത്തനംതിട്ട, ആലപ്പുഴ കൃഷിവിജ്ഞാനകേന്ദ്രങ്ങളിലുമാണ്.

ഫോൺ: 98479 49460

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com