ADVERTISEMENT

വാഴക്കൃഷിയുടെ നാടാണ് തിരുച്ചിറപ്പള്ളിക്കടുത്തുള്ള തൊട്ടിയം. വഴിനീളെയുണ്ട് വാഴപ്പഴ വിൽപന. പൂവനും കർപ്പൂരവള്ളിയും വിരൂപാക്ഷിയും എലക്കിയുമെല്ലാം കണ്ണിനിമ്പം പകർന്ന് കടകളിൽ ഞാന്നുകിടക്കുന്നു. കാവേരിനദിയുടെ തീരപ്രദേശമായ തൊട്ടിയത്തെ എക്കൽ മണ്ണിൽ ഏറ്റവും സമൃദ്ധമായി വളരുന്നതും വിളയുന്നതും വാഴ തന്നെ. വാഴക്കൃഷി വ്യാപകമെങ്കിലും അതിനു തക്ക നേട്ടം തൊട്ടിയത്തെ കർഷകരുടെ ജീവിതത്തിൽ കാണാനില്ല. വേഗം നശിക്കുമെന്നതിനാൽ വിള വെടുത്താൽ പിന്നെ വിലപേശി സൂക്ഷിക്കാൻ കഴിയാത്ത കാർഷികോൽപന്നമാണല്ലോ പഴം. ഈ ദുരവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാൻ ആരംഭിച്ച മൂല്യവർധന സംരംഭമാണ് തൊട്ടിയം ഗണേശപുരത്തുള്ള മധുർ ഫ്രൂട്സ്.

തമിഴ്നാട്ടിലെ 18 ജില്ലകളിൽ പ്രവർത്തിക്കുന്ന തമിഴ്നാട് ബനാന പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള തൊട്ടിയം ബനാന പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ഭാഗമാണ് മധുർ ഫ്രൂട്ട്സ്. തൊട്ടിയത്ത് ഉൽപാദിപ്പിക്കുന്ന വാഴക്കുലകളിൽ ചെറിയ ശതമാനം മാത്രമാണ് മധുർ ഫ്രൂട്ട്സിലൂടെ മൂല്യവർധന നടത്തുന്നത്; വർഷം 200 ടൺ.  ക്രമേണ അതു വർധിപ്പിച്ച് തൊട്ടിയത്തെ കർഷകരുടെ വരുമാനം നന്നായി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് സംരംഭത്തിന്റെ നേതൃസ്ഥാനത്തുള്ള വാഴക്കർഷകര്‍ എ.സുബ്രഹ്മണ്യവും കല്യാൺ സുന്ദരവും.  

banana-2

ആരോഗ്യപ്പഴം

വാഴപ്പഴത്തിലെ ജലാംശം നീക്കിയ ഡ്രൈ ഫ്രൂട്ട് ആണ് മധുറിന്റെ ആദ്യ ഉൽപന്നം. സോളർ ഡ്രയറിൽ ഉണക്കിയെടുക്കുന്ന വാഴപ്പഴം തേനിൽ സംസ്കരിച്ച് യമ്മി ബനാന എന്ന പേരിൽ വിപണിയി ലെത്തിച്ചപ്പോൾ വിപണിയില്‍ നല്ല സ്വീകാര്യതയുണ്ടായി. കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുംവിധം പായ്ക്ക് ചെയ്തു വിപണിയിലെത്തിച്ച ഈ മധുരവിഭവം 100% പ്രകൃതിദത്തമെന്നു മാത്രമല്ല ‘ഇൻസ്റ്റന്റ് എനർജി ബൂസ്റ്റർ’ കൂടിയെന്ന് കല്യാൺ പറയുന്നു. പോഷകസമൃദ്ധമാണ് വാഴപ്പഴം. പൊട്ടാസ്യത്തിന്റെയും വൈറ്റമിൻ ബി 6, സി എന്നിവയുടെയും മികച്ച ഉറവിടം. ഭൂരിപക്ഷത്തിനും അത് അറിയില്ലെന്ന് കല്യാൺ. അതുകൊണ്ടുതന്നെ വെറുമൊരു ഭക്ഷ്യോൽപന്നമായല്ല, ആരോഗ്യവിഭവമായാണ് വാഴപ്പഴവിഭവങ്ങൾ വിപണി നേടേണ്ടതെന്ന് അദ്ദേഹം പറയുന്നു.

banana-3
ഡ്രൈ ബനാന ഫ്രൂട്ട്സ് ആൻഡ് നട്ട്സ്, വാഴപ്പിണ്ടി അച്ചാർ, വാഴക്കൂമ്പ് ഉൽപന്നം, കല്യാൺ (വലത്ത്)

യമ്മി ബനാന മാത്രമല്ല, ഉണക്കിയ വാഴപ്പഴത്തിനൊപ്പം കശുവണ്ടി, ബദാം, ഈന്തപ്പഴം, പിസ്ത എ ന്നിവ ചേർത്തുള്ള ഡ്രൈ ബനാന ഫ്രൂട്സ് & നട്സ്, തേനും ഏലയ്ക്കയും ചേർത്തുള്ള ബനാന ച്യൂട്ടി, കറുമുറെ കഴിക്കാവുന്ന ബനാന കുക്കീസ്, ബനാന പൗഡർ, എലയ്ക്കയും ഇഞ്ചിയും ചേർ ത്ത വാഴപ്പിണ്ടി ജൂസ്, റെഡ് ബനാന ജൂസ്, ബനാന ന്യൂഡിൽസ്, ബനാന–മില്ലറ്റ് മിക്സ് എന്നിങ്ങ നെ ഒട്ടേറെ ഉൽപന്നങ്ങളാണ് മധുർ ഫ്രൂട്ട്സ് വിപണിയിലെത്തിക്കുന്നത്. വാഴനാരുകൊണ്ട് ആകർഷകമായ സാരികളും ബാഗുകളും പഴത്തൊലിയിൽനിന്ന് ജൈവവളവും തയാർ. തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണകേന്ദ്രം, മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തമിഴ്നാട് കാർഷിക സർവകലാശാല, തഞ്ചാവൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്നിവിടങ്ങളിൽനിന്നെല്ലാം ലഭിച്ച അറിവും സാങ്കേതികവിദ്യകളും ഉൽപന്ന നിർമാണത്തിൽ ഉപയോഗിക്കുന്നുവെന്ന് കല്യാൺ.

banana-4
വാഴനാര് ഉപയോഗിച്ചുള്ള വിവിധ ഉൽപന്നങ്ങൾ

ഡ്രൈ ഫ്രൂട്ട് വിഭവങ്ങൾക്കായി പൂവൻ, ഞാലിപ്പൂവൻ തുടങ്ങിയവ നെടുകെ കീറി സോളർ ഡ്രയറിൽ ഉണക്കിയെടുക്കുന്നു. പോളി കാർബണേറ്റ് കൊണ്ടു നിർമിച്ച, ആകെ 1400 ചരുരശ്ര അടി വരുന്ന 3 സോളർ ഡ്രയർ യാർഡുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 60–70 ഡിഗ്രി സെൽഷ്യസ് ചൂടിൽ, വൃത്തിയുള്ള അലുമിനിയം ട്രേകളിൽ നിരത്തിയാണ് പഴം ഉണക്കുന്നത്. ഇങ്ങനെ ഉണക്കുമ്പോൾ പഴത്തിലെ പോഷകമൂല്യം നഷ്ടപ്പെടുന്നില്ല. തോട്ടങ്ങളിൽനിന്നു സംഭരിക്കുന്ന കുലകൾ പഴുത്തു നശിക്കാതെ സൂക്ഷിക്കാനുള്ള ചില്ലിങ് യൂണിറ്റും ഇവിടെയുണ്ട്. മധുർ ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശ വിപണിയിലും എത്തുന്നുണ്ട്. സ്വന്തം ബ്രാൻഡിൽ മാത്രമല്ല, വിവിധ സംരംഭകർക്ക് അവരുടെ ബ്രാൻഡിലും മധുർ ഫ്രൂട്സ് ഉൽപന്നങ്ങൾ തയാറാക്കി നൽകുന്നു. 

ഫോൺ: 9944813032 (കല്യാൺ)

banana-5
വാഴനാര് ഉപയോഗിച്ചു നിർമിച്ച സാരി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com