ADVERTISEMENT

കൂൺകൃഷി Part-1

കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും നാരുകൾ കൂടിയതുമായ ഭക്ഷണം, ഹൃദയാരോഗ്യത്തിന് അങ്ങേയറ്റം ഗുണകരം (സോഡിയം കുറഞ്ഞും പൊട്ടാസിയം ഏറിയും), വൈറ്റമിൻ ഡി, കുറഞ്ഞ കാലറി മൂല്യം, ബി കോംപ്ലക്സ് വൈറ്റമിനുകൾ, രോഗപ്രതിരോധശേഷി നൽകുന്ന ധാതുലവണങ്ങളായ സിങ്കും സെലീനിയവും എന്നിങ്ങനെ കൂണിന്റെ ഗുണങ്ങളേറെ. അതുപോലെതന്നെ, പരിമിതമായ സ്ഥലത്തും കൃഷി ചെയ്യാം, മലിനീകരണപ്രശ്നമില്ല, ദുർഗന്ധമില്ല എന്നിവയും കൂൺകൃഷി വ്യാപിക്കാനുള്ള കാരണങ്ങളാണ്. കേരളത്തിൽ ഒട്ടേറെ പേർ കൂൺകൃഷി രംഗത്തുണ്ട്. ഇതിൽ നല്ലൊരു പങ്കും വനിതകളാണെന്നത് എടുത്തുപറയേണ്ടതാണ്. അധികം കായികാധ്വാനമില്ലാതെ മികച്ച വരുമാനം നേടാൻ കഴിയും എന്നതുതന്നെ ഇതിന്റെ നേട്ടം. കൂൺഗ്രാമം പോലെയുള്ള സർക്കാർ സഹായങ്ങളും കൂൺകൃഷിക്ക് പ്രചാരമേറാൻ കാരണമായി. ഒട്ടേറെ പേർക്ക് താൽപര്യമുള്ള മേഖലയായതുകൊണ്ടുതന്നെ കൂൺകൃഷിയുമായുള്ള പ്രാഥമിക കാര്യങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. ഷെഡ് നിർമാണം മുതൽ വിൽപന വരെയുള്ള കൂൺകൃഷിയുടെ സാധ്യതകൾ പങ്കുവയ്ക്കുകയാണ് പെരുമ്പാവൂർ ഓടക്കാലി സ്വദേശി അനിത ജലീൽ.

mushroom-2

ഷെഡ് നിർമാണം

അധികം സൗകര്യമില്ലാത്ത സ്ഥലത്തുപോലും കൂൺ വളർത്താമെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൂൺകൃഷിക്ക് ഷെഡ് ആവശ്യമാണ്. താപനില, ഈർപ്പം, വായുസഞ്ചാരം, ലൈറ്റ് എന്നിവ കൂൺകൃഷിയുടെ വിജയത്തിന് ആവശ്യമാണ്.

ഷെഡിനുള്ളിലെ താപനില 28–29 ഡിഗ്രി സെൽഷ്യസിനു മുകളിൽ ആകാൻ പാടില്ല. ഇതിനു മുകളിൽ ചൂട് ഉയർന്നാൽ വിളവിനെയും കൂണിന്റെ ആകൃതിയെയും ബാധിക്കും. ചൂടും ഈർപ്പവും നിയന്ത്രിക്കുന്നതിനായി ഫാൻ–പാഡ് സംവിധാനമാണ് ഷെഡ്ഡിൽ ഒരുക്കിയിരിക്കുന്നത്. ഷെഡ്ഡിന്റെ ഒരു വശത്ത് പാഡും മറുവശത്ത് ഫാനും ഘടിപ്പിച്ചിരിക്കുന്നു (വിഡിയോ കാണുക).

250 ച.അടി വിസ്തൃതിയുള്ളതും 450 ച.അടി വിസ്തൃതിയുള്ളതുമായ രണ്ടു ഷെഡുകളിലാണ് അനിതയുടെ കൂൺകൃഷി. രണ്ടും ഹൈടെക് ഷെഡുകളാണെങ്കിലും ചില പ്രത്യേകതകൾ ഇവയ്ക്കുണ്ട്. ചെറിയ ഷെഡ്ഡിന്റെ വശങ്ങളിൽ പോളി പ്രൊപലൈൻ, പോളിഫോം ഷീറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഷീറ്റുകൾ ഉപ‌യോഗിച്ചിരിക്കുന്നതിനാൽ ഷെഡ്ഡിൽ സ്വാഭാവിക വെളിച്ചം ലഭിക്കും. രോഗാണുക്കൾ അകത്തു കയറാതെ ശ്രദ്ധിക്കണം. 250 ച.അടി വലുപ്പമുള്ള ഷെഡ്ഡിൽ 500 ബെഡുകളാണ് ഇടാറുള്ളത്. 500 ബെഡിൽനിന്ന് ശരാശരി അഞ്ചു കിലോ കൂൺ ലഭിക്കും. 

mushroom-1
ഫ്ലെക്സ് ഉപയോഗിച്ചു നിർമിച്ച ഷെഡിനു സമീപം അനിത

പഴയ ഫ്ലെക്സ് ഷീറ്റ് ഉപയോഗിച്ചാണ് രണ്ടാമത്തെ ഷെഡ്ഡിന്റെ നിർമാണം. അതുകൊണ്ടുതന്നെ ഉള്ളിൽ വെളിച്ചം കുറവാണ്. എന്നാൽ, കൂണിന്റെ വളർച്ചയ്ക്കു പ്രകാശം ആവശ്യമാണെന്നു നേരത്തെ സൂചിപ്പിച്ചല്ലോ, നീല പ്രകാശമുള്ള ബൾബുകൾ ഈ ഷെഡ്ഡിൽ ഒരുക്കിയിട്ടുണ്ട്. തറ പൂർണമായും മണ്ണ് ആണെന്നുള്ളതാണ് ഈ ഷെഡ്ഡിന്റെ മറ്റൊരു പ്രത്യേകത. ചൂട് നിയന്തിക്കാൻ ഫാൻ–പാഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 62383 05388

നാളെ: അറക്കപ്പൊടി തയാറാക്കുന്ന രീതികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com