ADVERTISEMENT

കൃഷി അരയേക്കറിൽനിന്ന് അൻപതേക്കറിലേക്ക്. സംസ്ഥാനത്തെ മികച്ച കർഷകത്തൊഴിലാളിയിൽനിന്നു മികച്ച കർഷകയിലേക്ക്. കണ്ണൂർ പട്ടുവം മംഗലശ്ശേരിയിലെ  ബിന്ദുവിന്റെ വളര്‍ച്ചയെ വിസ്മയാവഹം എന്നുതന്നെ വിശേഷിപ്പിക്കാം.  

ഗൃഹനാഥയെന്ന നിലയില്‍ ഭർത്താവ് മനോഹരനും മക്കളായ മിഥുലയ്ക്കും മൃദുലയ്ക്കും മാത്രമേ ബിന്ദു ഊണ് ഒരുക്കേണ്ടതുള്ളൂ. എന്നാൽ, ഈ അമ്മയുടെ അധ്വാനത്തിലൂടെ നാടിന് ഉണ്ണാന്‍ കിട്ടുന്നത് 60 ടൺ നെല്ലിന്റെ അരിയാണ്. ഈ വളർച്ചയിൽ അവർക്കു കൂട്ടായത് കാര്‍ഷികയന്ത്രങ്ങള്‍. കാള പൂട്ടിയും കള്ളുചെത്തിയും കുടുംബം പുലർത്തിയ അച്ഛനോടൊപ്പം മൂന്നാം വയസ്സിൽ കൃഷിയിടത്തിലിറങ്ങിയ അതേ ആവേശമാണ് ഇന്നും കൃഷിയിൽ ബിന്ദുവിനെ നയിക്കുന്നത്. 

കര്‍ഷകത്തൊഴിലാളിയായിരുന്ന ബിന്ദു സ്വന്തമായി കൃഷി തുടങ്ങുന്നത് അരയേക്കർ ഭൂമി പാട്ടത്തിനെടുത്താണ്. അതോടൊപ്പം മറ്റുള്ളവര്‍ക്കു കൃഷിപ്പണികൾ ചെയ്തു കൊടുക്കുന്നത് തുടര്‍ന്നു. പട്ടുവം പഞ്ചായത്തിൽ കാർഷിക കർമസേന രൂപീകരിക്കാനുള്ള പരിശീലനത്തിൽ പങ്കെടുത്തതോടെയാണ് കൃഷിയന്ത്രങ്ങൾ ബിന്ദുവിന്റെ കൂട്ടുകാരായി മാറിയത്. കൈപ്പാട് നെല്ലുൽപാദനമേഖലയ്ക്കായി പടന്നക്കാട് കാർഷിക കോളജിൽ നടന്ന പ്രാഥമിക പരിശീലനത്തിനുശേഷം വെള്ളാനിക്കര കാർഷിക കോളജിൽ തുടര്‍പരിശീലനവും നേടിയതോടെ കാർഷികയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്ധയായി. അവയുടെ അറ്റകുറ്റപ്പണികളിലും വൈദഗ്ധ്യം നേടി. കാർഷിക സർവകലാശാലയിലെ പ്രഫസറായിരുന്ന ഡോ. കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ലഭിച്ച 20 ദിവസത്തെ പരിശീലനമാണ് തന്റെ വിജയരഹസ്യമെന്നു ബിന്ദു.  

bindu-5

സ്വന്തം കൃഷി വിപുലമാക്കാന്‍ ശ്രമം തുടങ്ങിയത് 2010ൽ ട്രാക്ടർ ഡ്രൈവിങ് ലൈസൻസ് നേടിയ ശേഷമാണ്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്ധയായ ബിന്ദുവിന് പട്ടുവം പഞ്ചായത്തിനെ തരിശുരഹിതമാക്കാനുള്ള യത്നത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിഞ്ഞു. പട്ടുവം സർവീസ് സഹകരണ ബാങ്ക് സ്വന്തമായി ആരംഭിച്ച കസ്റ്റം ഹയറിങ് സെന്ററിലും പ്രവര്‍ത്തിച്ചു. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല കാസർകോട്, വയനാട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ പോലും കാർഷികയന്ത്രങ്ങളുമായി ബിന്ദുവും കൂട്ടുകാരുമെത്തി. ബിന്ദുവിനു  മികച്ച പിന്തുണയുമായി ഭർത്താവ് മനോഹരൻ എപ്പോഴും ഒപ്പമുണ്ട്. ഇലക്ട്രിക്കൽ ജോലികൾ  ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ മുഴവൻസമയ കർഷകനാണ്.

bindu-6
ബിന്ദു ഭർത്താവ് മനോഹരനോടൊപ്പം

സംസ്ഥാനത്തെ മികച്ച കർഷകത്തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്കാരം  2012–13ല്‍ ബിന്ദുവിനെ തേടിയെത്തി. രണ്ടു വർഷം വൈകിയെങ്കിലും ബിന്ദുവിന്റെ ജീവിതം മാറ്റിമറിച്ചത് ആ പുരസ്കാരലബ്ധിയാണ്. മികച്ച  കർഷകത്തൊഴിലാളിക്ക് സർട്ടിഫിക്കറ്റും ഫലകവുമല്ല ജോലിയുടെ കാര്യക്ഷമത കൂട്ടാനുതകുന്ന യന്ത്രങ്ങളാണ് നൽകേണ്ടതെന്ന അന്നത്തെ കൃഷിഓഫിസറുടെ ശുപാർശയാണ് അതിനു നിമിത്തമായത്. കാർഷികോൽപാദന കമ്മിഷണർ ആ ശുപാർശ അംഗീകരിച്ചതോടെ 4 ലക്ഷം രൂപയാണ് കാർഷികയന്ത്രങ്ങൾ വാങ്ങാന്‍ ബിന്ദുവിനു ലഭിച്ചത്. പുരസ്കാര ജേതാക്കൾ പലരും ഈ തുക ഉപയോഗിച്ച് വമ്പൻ യന്ത്രങ്ങൾ വാങ്ങിയപ്പോൾ ബിന്ദു വാങ്ങിയത് തനിക്ക് ഏറ്റവും ഉപയോഗമുള്ള ടില്ലറും ഞാറുനടീൽയന്ത്രവും.  

bindu-2

അതുവരെ യന്ത്രങ്ങൾ വാടകയ്ക്ക് എടുത്തിരുന്ന ബിന്ദുവിനു യന്ത്രങ്ങൾ സ്വന്തമായതോടെ പറക്കാൻ ചിറകു മുളച്ച മട്ടായി. സ്വന്തം പഞ്ചായത്തിൽ മാത്രമല്ല, സമീപജില്ലകളിൽ പോലും യന്ത്രങ്ങളുമായി ബിന്ദുവും ഭർത്താവ് മനോഹരനും ഓടി നടന്നു ജോലി ചെയ്തു. കാടുവെട്ടാനും തെങ്ങു കയറാനും ഞാറു നടാനും പറമ്പു കിളയ്ക്കാനുമൊക്കെ ഇരുവരും തയാറായി. നാട്ടിൽ ജോലി കുറയുമ്പോൾ വയനാട്ടിലും മലപ്പുറത്തുമൊക്കെ ക്യാംപ് ചെയ്ത് കൃഷിപ്പണികൾ ചെയ്യാൻ പോലും മടിച്ചില്ല. കാര്യക്ഷമമായും ആത്മാർഥമായും ജോലി പൂർത്തിയാക്കുന്ന ബിന്ദുവിന് എല്ലായിടത്തും നല്ല പ്രോത്സാഹനം കിട്ടി. വരുമാനം വർധിക്കുന്നതനുസരിച്ച് പുതിയ പുതിയ യന്ത്രങ്ങൾ വാങ്ങി. 

bindu-3

ട്രാക്ടർ, ടില്ലർ, ഗാർഡൻടില്ലർ, നടീൽ യന്ത്രം, റീപ്പർ, മെതിയന്ത്രം, പാറ്റ് യന്ത്രം, പമ്പുസെറ്റ്, കാടു വെട്ട് യന്ത്രം എന്നിവയൊക്കെ സ്വന്തമായുള്ള ഒരു അഗ്രോ സർവീസ് സെന്ററാണ് ഇന്ന് ബിന്ദുവിന്റെ വീട്. ഏറ്റവുമൊടുവിൽ സ്റ്റേറ്റ് ബാങ്ക് ഈടില്ലാതെ നൽകിയ വായ്പ ഉപയോഗിച്ചു വാങ്ങിയ കൊയ്ത്തുമെതിയന്ത്രവും (കംബൈൻഡ് ഹാർവസ്റ്റർ) ഈ മുറ്റത്തു ഹാജര്‍. ഒരുപക്ഷേ, സ്വന്തമായി കംബൈൻഡ് ഹാർവസ്റ്റർ വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ കർഷകത്തൊഴിലാളിയാവും ബിന്ദു. വീട്ടുവളപ്പിലെ സ്ഥലം തികയാത്തതിനാല്‍ പല ഉപകരണങ്ങളും മറ്റുള്ളവരുടെ പറമ്പുകളിലാണു സൂക്ഷിക്കുന്നത്.

bindu-4

മറ്റു കർഷകർക്കായി പണി ചെയ്യുന്നതിനൊപ്പം സ്വന്തം കൃഷി വിപുലമാക്കാനും യന്ത്രങ്ങൾ പ്രയോജനപ്പെടുത്തിയതാണ് ബിന്ദുവിനെ നേട്ടത്തിന്റെ നിറുകയിലെത്തിച്ചത്. രണ്ടോ മൂന്നോ ഏക്കറിൽ കൃഷി ചെയ്തിരുന്ന ബിന്ദുവും മനോഹരനും ഇന്ന് അൻപതേക്കറില്‍ നെല്ലിനു പുറമേ ഒന്നര ഏക്കറിൽ പച്ചക്കറിയും 2 ഏക്കറിൽ മഞ്ഞളും കൃഷി ചെയ്യുന്നു. ഇവര്‍ക്കു ഭൂമി പാട്ടത്തിനു നൽകാൻ പലരും തയാറായി നില്‍ക്കുന്നു. വേനൽക്കാലത്ത് പത്തേക്കറിൽ ഉഴുന്ന്, ചെറുപയർ, മുതിര, തുവര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഏറക്കുറെ ഭൂരിഭാഗം ജോലികളും യന്ത്രസഹായത്തോടെ ഇവര്‍തന്നെ ചെയ്യുന്നു.  

അൻപതേക്കറിൽ ജ്യോതി, ലാവണ്യ, ശ്രേയസ്സ്, ഉമ, മിഥുല, ഏഴോം, രക്തശാലി, ജീരകശാല, മനു രത്ന തുടങ്ങി വ്യത്യസ്ത നെല്ലിനങ്ങളാണ് കൃഷി ചെയ്യുന്നത്. ആകെ നെല്ലുൽപാദനത്തിന്റെ 90 ശതമാനവൂം വിത്തായാണ് വിൽപന. പട്ടുവത്തുനിന്ന് ആലപ്പുഴ ജില്ലയിലേക്കു സ്ഥലം മാറിപ്പോയ കൃഷി ഓഫിസർ വിത്തിനായി ബിന്ദുവിനെ സമീപിച്ചതുതന്നെ ഇവരുടെ വിത്തിന്റെ ഗുണമേന്മയ്ക്കു തെളിവ്. വിത്തായി വിൽക്കുമ്പോൾ കൂടുതല്‍ വില കിട്ടും.  വിളവിന്റെ ഒരു ഭാഗം സമീപത്തെ മില്ലുകൾക്കു നൽകും. സർക്കാരിന്റെ സംഭരണവിലയെക്കാള്‍ കൂടുതല്‍ മില്ലുകൾ വിലയിടുന്നതായി ബിന്ദു ചൂണ്ടിക്കാട്ടി. പാതയോരത്ത് നെല്ല് കൂട്ടിയിടുകയേ വേണ്ടൂ. അവർ ലോറിയുമായെത്തി കിലോയ്ക്ക് 30 രൂപ നിരക്കിൽ എടുത്തുകൊണ്ടുപോകും. ഈർപ്പത്തിന്റെ പേരിലും മറ്റും തർക്കം ഇവിടെയില്ല.

ഫോൺ: 9947210250

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com