ക്ഷീരമേഖലയെ നിയന്ത്രിക്കാൻ കന്നുകാലി പ്രജനന ബിൽ; കർഷകർക്ക് ഗുണമോ ദോഷമോ?
Mail This Article
സംസ്ഥാനത്ത് മികച്ച കന്നുകാലികളെ ഉരുത്തിരിച്ചെടുക്കുന്നതിനായി പുതിയ ബില്ലുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. പ്രജനനത്തിന് ഉപയോഗിക്കുന്ന വിത്തുകാളകളിൽനിന്നുള്ള ബീജോൽപാദനം, ബീജമാത്രകളുടെ സംസ്കരണം, ശേഖരണം, വിൽപന, വിതരണം, കൂടാതെ കൃത്രിമ ബീജാധാനം തുടങ്ങിയ പ്രജനന പ്രവൃത്തികളും നിയന്ത്രിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും വേണ്ടി 11 അംഗ പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് കന്നുകാലി (എരുമയും ഉൾപ്പെടും) പ്രജനന നയം നടപ്പാക്കുകയാണ് അതോറിറ്റിയുടെ പ്രധാന ചുമതല. ഇതിനൊപ്പം സംസ്ഥാനത്തിന് അകത്തോ പുറത്തോ ഉൽപാദിപ്പിക്കുന്നതോ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ ബീജമാത്രകളുടെയോ ഭ്രൂണത്തിന്റെയോ സംഭരണം, വിൽപന, ഉപയോഗം എന്നിവ നിയന്ത്രിക്കുക, വ്യവസ്ഥകൾക്ക് അനുസൃതമായി സെമൻ ബാങ്കുകൾ, എഐ കേന്ദ്രങ്ങൾ എന്നിവ റജിസ്റ്റർ ചെയ്യുക, എഐ ടെക്നീഷ്യന്മാരുടെ റജിസ്ട്രേഷൻ തുടങ്ങിയവയും അതോറിറ്റിയുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും.
ബില്ലിൽ പ്രധാനമായും പുതിയ സെമൻ സ്റ്റേഷൻ രൂപീകരണം, പ്രവർത്തനം, റജിസ്ട്രേഷൻ എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും തങ്ങൾക്ക് ഭാവിയിൽ ബുദ്ധിമുട്ടായേക്കാവുന്ന ചില വെല്ലുവിളികൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പല വൻകിട–ഇടത്തര ഡെയറി ഫാമുകളിൽ പ്രധാനമായും ബീജാധാനത്തിനായി ഉപയോഗിക്കുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതോ അല്ലെങ്കിൽ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവന്നതോ ആയ ബീജമാത്രകളാണ്. മികച്ച പാലുൽപാദനമുള്ള പശുക്കളെ സ്വന്തം ഫാമിൽ ഉരുത്തിരിച്ചെടുക്കാൻ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്ന കർഷകർക്ക് ഭീഷണിയാണ് ബില്ലിലെ പല കാര്യങ്ങളും. ഇത്തരത്തിൽ സ്വന്തം ഉപയോഗത്തിനായി സ്വന്തം നിലയ്ക്ക് വാങ്ങി സൂക്ഷിക്കുന്ന ബീജമാത്രകൾക്ക് നിയന്ത്രണമോ നിരോധനമോ വന്നാൽ ഫാമുകൾ പ്രതിസന്ധിയിലാകും. എന്നാൽ, ഏതൊക്കെ ബീജമാത്രകളാണ് ഉപയോഗിക്കുന്നതെന്നും അവയുടെ കുട്ടികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു റജിസ്ട്രേഷൻ രീതി ഏർപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ, അതൊരിക്കലും സ്വന്തം ഫാമിൽ പാലുൽപാദനമുള്ള പശുക്കളെ വർത്താൻ താൽപര്യമുള്ള കർഷകന്റെ/സംരംഭകന്റെ അവകാശങ്ങളെ ഹനിക്കുന്നതാവരുത്.
സ്വന്തമായി ബീജമാത്രകൾ സൂക്ഷിക്കുന്നതിനു നിയന്ത്രണം വരുന്നതിനൊപ്പം അതോറിറ്റി അധികാരപ്പെടുത്തിയ ആളുകൾക്ക് മാത്രമേ ബീജമാത്രകൾ കൈകാര്യം ചെയ്യാനോ കൈമാറാനോ കഴിയൂ എന്നും ബില്ലിൽ പറയുന്നു. ഈ നിയന്ത്രണം മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് ബാധകമല്ല. സംസ്ഥാനത്ത് എഴുന്നൂറോളം സ്വകാര്യ എഐ ടെക്നീഷ്യന്മാർ ജോലി ചെയ്യുന്നുണ്ട്. ബീജാധാന പരിശീലനം നേടിയ യുവാക്കൾ മുതൽ വെറ്ററിനറി സർവീസിൽനിന്നു വിരമിച്ചവർ വരെ ഇതിൽ ഉൾപ്പെടും. ഇത്തരം എഐ ടെക്നീഷ്യന്മാരാണ് എബിഎസ്, എൻഡിഡിബി പോലുള്ള സ്ഥാപനങ്ങളിൽനിന്നുള്ള ബീജമാത്രകൾ കർഷകർക്ക് ലഭ്യമാക്കുന്നതും അത് പശുക്കളിൽ ആധാനം ചെയ്യുന്നതും. മികച്ച പാലുൽപാദനം ലക്ഷ്യമിടുന്ന കർഷകർ ഇവരുടെ സേവനമാണ് തേടാറുള്ളത്. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജമാത്ര പശുക്കളിൽ ആധാനം ചെയ്യുന്നതു മാത്രമല്ല ഇതിനായി ക്രയോ ക്യാൻ കൂടി കൊണ്ടുവരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരിൽ നല്ല പങ്കും ചെയ്യാത്ത കാര്യങ്ങളാണ് ഇത്തരം സ്വകാര്യ ടെക്നീഷ്യന്മാർ ചെയ്യുന്നതെന്ന് പറയാതെ വയ്യ. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജമാത്ര ആധാനം ചെയ്യാൻ വിസമ്മതിക്കുന്ന സർക്കാർ എൽഐമാരുണ്ട്. പകരം ഏതെങ്കിലും കാളയുടെ ബീജമാണ് കുത്തിവയ്ക്കുക. കുട്ടി വലുതാകും, പ്രസവിക്കാൻ ബുദ്ധിമുട്ടും എന്നൊക്കെയുള്ള സ്ഥിരം ന്യായങ്ങളും പറയുന്നു. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജം ലഭ്യമാക്കാനായില്ലെങ്കിൽ കന്നുകാലി പ്രജനന പദ്ധതികൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സ്വന്തം പശുവിന് ഏതു കാളയുടെ ബീജം കുത്തിവയ്ക്കണമെന്ന് തീരുമാനിക്കാൻ കർഷകന് അവകാശമില്ലേ? സ്വകാര്യ സ്ഥാപനങ്ങളുടെ ബീജമാത്രകൾ കുത്തിവച്ച കർഷകരുടെ ഡെയറി ഫാമുകളിൽ കെഎൽഡിബി അധികൃതർ സർവേ നടത്തുന്നുണ്ട്. കിടാരികളുടെ വളർച്ച, ഉൽപാദനം തുടങ്ങിയവയൊക്കെ ശേഖരിക്കുന്നുണ്ടെന്നാണ് അറിവ്.
കേരളത്തിലെ പശു സമ്പത്ത് ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ വർഷംതോറും കോടികളാണ് ചെലവഴിക്കുന്നത്. ഇത്തരം പദ്ധതികളുടെ ഭാഗമായി കേരളത്തിനു പുറത്തുനിന്ന് എത്തിച്ച പശുക്കൾ എത്രയെണ്ണം ജീവനോടെയുണ്ടെന്നത് പരിശോധിക്കണം. പശുക്കൾക്കൊപ്പം കേരളത്തിലേക്ക് എത്തുന്നത് രോഗങ്ങൾ കൂടിയാണ്. തൈലേറിയ, അനാപ്ലാസ്മ പോലുള്ള രക്തപരാദ രോഗങ്ങൾ വ്യാപിച്ചത് ഇതര സംസ്ഥാന പശുക്കളിലൂടെയാണ്. പശുക്കൾക്കുവേണ്ടി പുറത്തേക്കു പോകാതെ ഇവിടെത്തന്നെ വളർത്തിയെടുക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ വകുപ്പ് തയാറാകണം. അതിന് സ്വന്തം നിലയ്ക്ക് പാലുൽപാദനമുള്ള പശുക്കളെ വർത്തിയെടുക്കാൻ ശ്രമിക്കുന്ന കർഷകരെ നിരുത്സാഹപ്പെടുത്തരുത്. സംസ്ഥാനത്തെ ഒരു പശുവിന്റെ ശരാശരി പാലുൽപാദനം 10 ലീറ്റാണെങ്കിൽ പല ഡെയറി ഫാമുകളിലെയും ശരാശരി ഉൽപാദനം 16 ലീറ്ററിനു മുകളിലാണ്.
ഏതാനും വർഷങ്ങളായി കേരളത്തിലെ ക്ഷീര സമ്പത്ത് ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പല കർഷകരും പശുക്കളെ വിറ്റൊഴിവാക്കുന്നു. ഉൽപാദനം കുറഞ്ഞ പശുക്കളും രോഗങ്ങളും വർധിച്ച ഉൽപാദനച്ചെലവുമെല്ലാം ക്ഷീരകർഷകരെയും അവരുടെ കുടുംബ പശ്ചാത്തലങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പലരും പശുവളർത്തൽ അവസാനിപ്പിച്ച് മറ്റു വരുമാന സാധ്യതകൾ തേടുന്നു. പരമ്പരാഗത രീതിയിൽ ഒന്നും രണ്ടും പശുക്കളെ വളർത്തിയിരുന്നവരിലും ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധത്തിൽ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോഴും കേരളത്തിലെ ക്ഷീരമേഖലയുടെ അവസ്ഥ മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പുകൾ തിരിച്ചറിഞ്ഞിട്ടില്ല.
ഒരുകാലത്ത് കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിന്റെ കുത്തകയായിരുന്ന ബീജ വിതരണവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തിൽ പശുക്കളുടെ എണ്ണം കുറഞ്ഞതുകൊണ്ടുതന്നെ ബീജമാത്ര വിതരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. കെഎൽഡി ബോർഡ് മൃഗസംരക്ഷണ വകുപ്പ് വഴി വിതരണം ചെയ്യുന്ന ബീജമാത്രകളോട് കർഷകർ മുഖംതിരിച്ചുതുടങ്ങിയിട്ട് വർഷങ്ങളായി. അതേസമയം, സംസ്ഥാനത്ത് നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ ബീജമാത്രകൾ ലഭ്യമായിത്തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിനോട് അടുക്കുന്നു. മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി (ഇപ്പോൾ ചെറിയ തുക ഈടാക്കുന്നുണ്ട്) വിതരണം ചെയ്യുന്ന ബീജമാത്രകളിൽനിന്ന് കർഷകർ മുഖംതിരിക്കുകയും മറ്റു കമ്പനികളുടെ സെമൻ പണം മുടക്കി വാങ്ങുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. ഗുണമേന്മ ഉള്ളതുകൊണ്ടല്ലേ കർഷകർ പണം മുടക്കാൻ തയാറാവുന്നത്? ഇത്തരം സ്വകാര്യ കമ്പനികൾ വളർന്നതും അതുകൊണ്ടുതന്നെയല്ലേ. വർഷം ഏതാണ്ട് അഞ്ചു ലക്ഷത്തോളം ഡോസ് ബീജമാത്രകൾ എൻഡിഡിബിയുടെ വിവിധ ബുൾ സ്റ്റേഷനുകളിൽനിന്ന് കേരളത്തിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. എങ്കിലും പ്രധാനമായും എത്തുന്നത് ചെന്നൈയിലെ അലമാദി സെമൻ സ്റ്റേഷനിൽനിന്നാണ്. ഗുണമേന്മയുള്ളത് ആരു വിതരണം ചെയ്താലും കർഷകർ വാങ്ങും. അവിടെ സൗജന്യമെന്നോ വിലയെന്നോ കർഷകർ നോക്കില്ല. കാരണം, കർഷകർക്ക് അവരുടെ നിലനിൽപ്പ് നോക്കാതിരിക്കാൻ കഴിയില്ലല്ലോ.
നിലവിൽ തയാറാക്കിയിട്ടുള്ള ബില്ല് ഇതേപടി നടപ്പാക്കിയാൽ കേരളത്തിലെ പശുസമ്പത്ത് കാര്യമായി ഇടിയുമെന്ന് ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു. ബില്ലിലൂടെ കെഎൽഡിബിക്ക് കേരളത്തിലെ ക്ഷീരമേഖലയെ പൂർണമായി ഏൽപ്പിച്ചു നൽകാനുള്ള സാധ്യതയാണ് കർഷകർ കാണുന്നത്. കർഷകർ ചൂണ്ടിക്കാട്ടിയ ചില പ്രശ്നങ്ങൾ ചുവടെ....
1. കേരളത്തിൽ ബീജോൽപാദനം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും വിത്തുകാളകളുടെ തിരഞ്ഞെടുപ്പ് മോശമാണ്. ഇപ്പോഴു തിരഞ്ഞെടുപ്പ് രീതി വിശ്വാസയോഗ്യമല്ല. മറ്റു രീതികൾ സ്വീകരിക്കാൻ മാത്രമുള്ള പശുക്കൾ ബുൾ മദർ ഫാമുകളിൽ ഇല്ല.
2. ബുൾമദർ ഫാമുകളിലെ പശുക്കളുടെ പാലുൽപാദനം കേരളത്തിലെ പല ഫാമുകളുടെയും പാലുൽപാദനത്തേക്കാൾ താഴെയാണ്. ഇത്തരം പശുക്കളിൽ ജനിക്കുന്ന വിത്തുകാളകളെ ക്ഷീരകർഷകർക്ക് താൽപര്യമില്ല. അമ്മയുടെ പാലുൽപാദനം നോക്കി മാത്രമുള്ള കാളകളുടെ തിരഞ്ഞെടുപ്പ് മാറ്റണം. ഇറക്കുമതി ചെയ്ത ഭ്രൂണത്തിലൂടെ ജനിച്ചതും ഇറക്കുമതി ചെയ്തതുമായ ഏതാനും ചില കാളകളെ മാത്രമാണ് ക്ഷീരകർഷകർക്ക് താൽപര്യം.
3. വർഗോദ്ധാരണത്തിന്റെ അടിസ്ഥാന തത്വം വർധിച്ച ജീൻവ്യാപനവും അതിൽനിന്നുള്ള തിരഞ്ഞെടുപ്പുമാണ്. കേരളത്തിലെ നൂറിൽ താഴെ വരുന്ന കാളകളെക്കൊണ്ടു (അതും അസ്വീകാര്യമായ തിരഞ്ഞെടുപ്പു രീതിയിലൂടെ തിരഞ്ഞെടുത്തത്) മാത്രം 12 ലക്ഷത്തോളം വരുന്ന പശുക്കളെ ബീജാധാനം നടത്താൻ നിർബന്ധിക്കുന്നത് അശാസ്ത്രീയമാണ്. നല്ല രീതിയിൽ വിത്തുകാള തിരഞ്ഞെടുപ്പു നടത്തി മികച്ച രീതിയിൽ പ്രവർത്തിക്കാതെ മോശപ്പെട്ട കാളകളിൽനിന്നുള്ള ബീജമാത്രകൾ കേരളത്തിലെ കർഷകരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഇതുവരെ ചെയ്തുകൊണ്ടിരുന്നത് ഈ അടിച്ചേൽപ്പിക്കലാണ്. ജനിക്കുന്ന കുട്ടികൾക്ക് നിലവാരമില്ല എന്ന് കർഷകർക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ജനിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവ അറവുകത്തിക്ക് ഇരയാകുന്നു.
4. നല്ല പശുക്കുട്ടികൾ ജനിക്കാത്തതു മൂലം സംസ്ഥാനത്തിനു പുറത്തു പോയി പശുക്കളെ വാങ്ങാൻ കർഷകർ നിർബന്ധിതരാകുന്നു. കിട്ടുന്ന കുട്ടികൾ നല്ലതല്ലെങ്കിൽ കുട്ടികളെ വളർത്താൻ കർഷകർ തയാറാവില്ല. രണ്ടും മൂന്നും വർഷം പരിപാലിച്ചശേഷം പാലുൽപാദനം ലഭിച്ചില്ലെങ്കിൽ കർഷകനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഓരോ വർഷവും കോടിക്കണക്കിനു രൂപ കേരളത്തിന് പുറത്തേക്ക് ഒഴുകുകയാണ്.
5. നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിനെപോലും കേരളത്തിൽനിന്ന് മാറ്റിനിർത്താൻ പ്രേരിപ്പിക്കുന്നതാണ് ഈ ബില്ല്.
6. വർഷം തോറും എത്രയോ ലീറ്റർ പാലാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ഒഴുകുന്നത്. അതുകൊണ്ട് നമ്മുടെ ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്?
കന്നുകാലി പ്രജനന ബില്ലിനെക്കുച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കൂ. ഇവിടെ ക്ലിക്ക് ചെയ്യുക.