മനുഷ്യൻ വേണ്ട, യന്ത്രം മതി; ഭക്ഷണത്തിന്റെ ഭാവി ഇങ്ങനെ; തിന്നാനും കുടിക്കാനും ത്രീഡി
Mail This Article
അതിവേഗം വളരുകയാണ് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ. പൂച്ചട്ടി മുതൽ വീടുവരെ ഉടനടി ‘അച്ചടിച്ച്’ വാങ്ങാവുന്ന സ്ഥിതിയിലേക്കു സാങ്കേതികവിദ്യ മുന്നേറിയിരിക്കുന്നു. നമ്മുടെ നാട്ടിൽ അത്ര പരിചിതമായിട്ടില്ലെങ്കിലും, വിവിധ മേഖലകളിൽ, വിശേഷിച്ചും ഭക്ഷ്യസംസ്കരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ത്രീഡി സാങ്കേതികവിദ്യ വലിയ വിപ്ലവമാണു വരും നാളുകളിൽ സൃഷ്ടിക്കുക. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് (NIFTEM-T) ഇപ്പോൾത്തന്നെ ത്രീഡി ഫുഡ് പ്രിന്റിങ് സാങ്കേതികവിദ്യകൾ ഭക്ഷ്യസംരംഭകർക്കു കൈമാറിക്കഴിഞ്ഞു.
സാധാരണഗതിയിൽ കടലാസിൽ നമ്മളൊരു ചിത്രം അച്ചടിക്കുമ്പോൾ ദ്വിമാന (2D) രൂപത്തിലാണല്ലോ ലഭിക്കുക. നീളം, വീതി എന്നിങ്ങനെ 2 മാനങ്ങൾ. വസ്തുവിനെ നീളവും വീതിയും ഉയരവും ചേരുന്ന ത്രിമാനരൂപമായി അച്ചടിച്ചെടുക്കുന്നതാണ് ത്രീഡി പ്രിന്റിങ്. അതായത്, എന്താണോ നിർമിക്കേണ്ടത് അതിനാവശ്യമായ അസംസ്കൃതവസ്തു, അതിനു യോജിച്ച ത്രീഡി പ്രിന്ററിനും അച്ചടിക്കേണ്ട ഡിസൈൻ, പ്രിന്ററിനോടു ഘടിപ്പിച്ച കംപ്യൂട്ടറിനും നൽകുക. നിശ്ചിത സമയത്തിനുള്ളിൽ ഉൽപന്നം തയാർ. നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിലും ഗുണമേന്മയിലും ഉൽപന്നം തയാറാക്കാം എന്നതാണ് ഇതിന്റെ മേന്മ. അധ്വാനമാകട്ടെ പരിമിതവും. ഒടിഞ്ഞ കയ്യും കാലുമൊക്കെ പ്ലാസ്റ്റർ ഇടുന്നതുമുതൽ മൂക്കും ചെവിയുമൊക്കെ പുനർനിർമിക്കുന്നിടത്തുവരെ ഇന്ന് ത്രീഡി പ്രിന്റിങ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഔഷധനിർമാണരംഗത്തും ത്രീഡി പ്രിന്റിങ് പുരോഗതി നേടിക്കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും രോഗാവസ്ഥയ്ക്കും അനുസൃതമായ ഗുളികകൾ ‘പ്രിന്റ്’ ചെയ്യുന്ന സാഹചര്യത്തിലേക്കാണു ഗവേഷണങ്ങൾ മുന്നേറുന്നത്.
‘ഇഷ്ടം പോലെ’ പ്രിന്റിങ്
ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തിലും 5 വർഷത്തിനുള്ളിൽ ത്രീഡി പ്രിന്റിങ് വലിയ മാറ്റമുണ്ടാക്കുമെന്നു തഞ്ചാവൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. ജയൻ എ. മോസസ് പറയുന്നു. ഡോ. ജയനും തിരുവനന്തപുരത്തുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണനും ചേർന്നാണ് ത്രീഡി ഫുഡ് പ്രിന്റിങ്ങിന് തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചത്.
നിങ്ങൾക്കു വേണ്ടുന്ന ബിസ്കറ്റും ചോക്ലേറ്റും ചായയും കാപ്പിയുമെല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറത്തിലും രൂപത്തിലും പോഷകമൂല്യത്തിലും വീട്ടിൽത്തന്നെ ‘പ്രിന്റ്’ ചെയ്തെടുക്കാമെന്നു ജയൻ. അസംസ്കൃതവസ്തു പ്രിന്ററിനു നൽകിയശേഷം കംപ്യൂട്ടറിന് മേൽപ്പറഞ്ഞ ഘടകങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകിയാൽ മതി. പലതാണ് ഇതിന്റെ ഗുണങ്ങൾ. ഭക്ഷണത്തിന്റെ പോഷകമൂല്യം കൃത്യമായി നിശ്ചയിക്കാമെന്നതാണ് ഒരു മെച്ചം. പോഷക അനുപാതത്തിൽ നിങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അനസൃതമായി മാറ്റങ്ങൾ വരുത്താം. നിലവിൽ ത്രീഡി പ്രിന്റ് ചെയ്ത വിഭവങ്ങൾ ബേക്ക് ചെയ്യേണ്ടിവരും. താമസിയാതെ അതും പ്രിന്ററിൽ സാധ്യമാകും. ഒരേ ഭക്ഷണം എന്നും ഒരേ ആകൃതിയിലും നിറത്തിലും കഴിക്കുന്നത് വിരസതയുണ്ടാക്കുമല്ലോ. അതി നും ത്രീഡി പ്രന്റിങ് പരിഹാരമാണ്. ചോക്ലേറ്റും ബിസ്കറ്റ് മാത്രമല്ല നാളെ ഇഡ്ഡലിയും ദോശയും വരെ വിവിധ നിറങ്ങളിലും രൂപങ്ങളിലും ‘പ്രിന്റ്’ ചെയ്തെടുക്കാൻ കഴിയുമെന്ന് ഡോ. ജയൻ. ഭക്ഷണം കഴിക്കാൻ കുട്ടികൾക്കുള്ള മടിയും അതോടെ മാറും. അതതു ദിവസത്തെ മൂഡിനു ചേർന്ന രീതിയില്‍ വിഭവങ്ങളെ പരിഷ്കരിക്കുകയുമാവാം. ചോക്ലേറ്റും ബിസ്കറ്റും കുക്കീസും കൂണുൽപന്നങ്ങളും ചിക്കൻ ഉൽപന്നങ്ങളുമെല്ലാം ഒരുക്കാന്‍ സാങ്കേതിക സഹായം തേടി ഒട്ടേറെ സംരംഭകർ NIFTEMൽ എത്തുന്നുണ്ട്.
അവസരങ്ങൾ ഒട്ടേറെ
മൈക്രോവേവ് അവ്ൻ പോലെ നാളെ എല്ലാ വീടുകളിലും ഫുഡ് പ്രിന്റർ സാധാരണമാകുമെന്നു ഡോ. ജയൻ. ഇപ്പോൾതന്നെ ചെറിയ ത്രീഡി ഫുഡ് പ്രിന്ററുകൾ ഓൺലൈനിൽ വാങ്ങാനുണ്ട്. എന്നാൽ അവയ്ക്കു പ്രിന്റിങ് പരിമിതികളുണ്ട്. വാണിജ്യാടിസ്ഥാനത്തിൽത്തന്നെ ഉൽപന്നങ്ങൾ നിർമിക്കാവുന്ന സാങ്കേതികവിദ്യയാണ് NIFTEM കൈമാറുന്നത്. താമസിയാതെ ഓരോ ഉപഭോക്താവിനും അയാളുടെ താൽപര്യപ്രകാരം നിറവും മണവും രുചിയും വലുപ്പവും അളവും പോഷക അനുപാതവുമെല്ലാം ക്രമീകരിച്ച വിഭവങ്ങൾ ഉടനടി ‘പ്രിന്റ്’ ചെയ്തെടുക്കാവുന്ന കിയോസ്ക്കുകളും വരുമെന്ന് ഡോ. ജയൻ പറയുന്നു. ഈ മാറ്റങ്ങളെല്ലാം രാജ്യത്തെ ഭക്ഷ്യസംരംഭകർക്കു വലിയ സാധ്യതകളാണ് തുറന്നു നൽകുക. ആരോഗ്യമേന്മകളുള്ള പ്രോബയോട്ടിക് വിഭവങ്ങൾ തയാറാക്കുന്നതിലും ത്രീഡി പ്രിന്റർ ഏറെ ഗുണകരമാകും. ഇതിന് അനുബന്ധമായി ഭക്ഷ്യസംസ്കരണത്തിനും സൂക്ഷിപ്പു കാലാവധി കൂട്ടുന്നതിനുമായി നിലവിൽ ഉപയോഗിക്കുന്ന ഉയർന്ന അളവിലുള്ള ചൂടാക്കലിനു പകരം ‘നോൺ തെർമൽ’ രീതികളായ പൾസ്ഡ് ഇലക്ട്രിക് ഫീൽഡ്, അൾട്രാസൗണ്ട് എന്നിവ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളും സ്ഥാപനം സംരംഭകർക്കു ലഭ്യമാക്കിയിട്ടുണ്ട്.
സംരംഭകർക്കു സ്വാഗതം
ഭക്ഷ്യസംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച ഇൻകുബേഷൻ സെന്ററാണ് NIFTEM ഒരുക്കിയിട്ടുള്ളത്. വിവിധ ഭക്ഷ്യസംരംഭങ്ങൾക്കു യോജിച്ച 143 സാങ്കേതികവിദ്യകൾ ഇവിടെ കൈമാറ്റത്തിനു തയാറെന്ന് ഡയറക്ടർ പ്രഫ. പളനിമുത്തു. പലതും കേരളത്തിലുൾപ്പെടെ ഭക്ഷ്യസംരംഭകർ പ്രയോജനപ്പെടുത്തുന്നു. ഓരോ സാങ്കേതികവിദ്യയ്ക്കും നിശ്ചിത ഫീസ് നൽകേണ്ടിവരും. സാങ്കേതികവിദ്യ മാത്രമല്ല, പരിശീലനം, ഉൽപന്നനിർമാണം, പായ്ക്കിങ്, ബ്രാൻഡിങ് എന്നിങ്ങനെ സംരംഭത്തിനു സർവ പിന്തുണയും ഇൻകുബേഷൻ സെന്ററിൽ ലഭിക്കും.
ഭക്ഷ്യേൽപന്നങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കും സാക്ഷ്യപത്രത്തിനും സമീപിക്കാവുന്ന രാജ്യത്തെ മുൻനിര സ്ഥാപനം കൂടിയാണിത്. ചെറുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ എന്നിങ്ങനെ ഒട്ടേറെ വിളകളിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള സാങ്കേതികവിദ്യകൾ ഇവിടെ ലഭ്യമാണ്. നീര ഷുഗർ ക്രിസ്റ്റൽസ്, ഇളനീർപ്പൊടി, തേങ്ങാപ്പാൽ പൗഡർ, നോൺ ഡെയറി ഐസ്ക്രീം എന്നിങ്ങനെ ‘ഫങ്ഷനല്‍ ഫുഡ്’ സാങ്കേതികവിദ്യകളും ലഭ്യമെന്ന് ഇൻകുബേഷൻ സെന്റർ മേധാവിയും മലയാളിയുമായി പ്രഫ. വി.ആർ.സിനിജ പറയുന്നു. ലിക്വിഡ് നൈട്രജൻ പ്രയോജപ്പെടുത്തിയുള്ള ക്രയോജനിക് ഗ്രൈൻഡർ പോലെ സംരംഭങ്ങൾക്കു യോജിച്ച നൂതന യന്ത്രങ്ങളും NIFTEM വികസിപ്പിച്ചിട്ടുണ്ട്. ഒട്ടും ചൂടാക്കാതെ പൊടിക്കാം എന്നതാണു നേട്ടം. ഉയർന്ന ചൂട് ഉൽപന്നങ്ങളുടെ ഗുണമേന്മ കുറയ്ക്കും. ക്രയോജനിക് ഗ്രൈൻഡറിൽ മഞ്ഞൾ പോലുള്ളവ പൊടിച്ചെടുക്കുമ്പോൾ ഗുണമേന്മയിൽ തെല്ലും കുറവു വരുന്നില്ല. മില്ലറ്റ് ഐസ്ക്രീം, വെർജിൻ കോക്കനട്ട് ഓയിൽ തുടങ്ങി കേരളത്തിലെ സംരംഭകർക്കു പ്രയോജനപ്പെടുന്ന ഒട്ടേറെ വിദ്യകൾ വേറെയുമുണ്ട്. ക്ഷേത്രങ്ങളിൽ തേങ്ങ ഉടയ്ക്കാനുള്ള കൗതുകകരമായ യന്ത്രവും ഇവിടെ വികസിപ്പിച്ചിട്ടുണ്ട്. തേങ്ങ ഉടയ്ക്കുന്നിടത്ത് തേങ്ങാവെള്ളം കെട്ടിക്കിടന്നുള്ള മലിനീകരണത്തിനും ദുർഗന്ധത്തിനും ഇതു പരിഹാരം കാണും. യന്ത്രത്തിൽ തേങ്ങ ഉടച്ചു കഴിയുമ്പോൾ തേങ്ങാവെള്ളം ശേഖരിച്ച് അരിച്ച് പ്രസാദമായി കയ്യിലെത്തും.
വാങ്ങാം വൈൻ വിദ്യകൾ
കാർഷിക സംരംഭം എന്ന നിലയിൽ വൈനറി സ്ഥാപിക്കാൻ നമ്മുടെ സംസ്ഥാനത്തും അനുമതിയായ സ്ഥിതിക്ക് NIFTEM നൽകുന്ന വൈൻ സാങ്കേതികവിദ്യകൾ നമുക്കും പ്രയോജനപ്പെടും. പൈനാപ്പിൾ, ചക്ക, മാങ്ങ, ജാതിക്ക, കുടമ്പുളി തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളിൽനിന്ന് വൈൻ നിർമിക്കാം. 5 ശതമാനത്തിൽ താഴെ ആൽക്കഹോൾ സാന്നിധ്യമുള്ള വൈൻ മദ്യമായല്ല, മറിച്ച് മികച്ച ആരോഗ്യപാനീയയങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുക. അവയ്ക്കു വിപണിയും വിപണ നമൂല്യവും വർധിച്ചുവരുകയാണ്. വൈനിന്റെ ഗുണമേന്മ നിശ്ചയിക്കുന്ന പ്രധാന ഘടകം കാലപ്പഴക്കമാണല്ലോ. ഹൈഡ്രോ ഡൈനാമിക് കാവിറ്റേഷൻ വിദ്യയുടെ സഹായത്തോടെ വൈനിന്റെ കാലപ്പഴക്കം (ഏജിങ്) വേഗത്തിലാക്കാമെന്ന് പ്രഫ, വി.ആർ.സിനിജ പറയുന്നു. ഈ വിദ്യ വൈനിൽ പരീക്ഷിച്ചു വിജയിപ്പിച്ചതും പ്രഫ. സിനിജ തന്നെ.
ഫോൺ: 04362 228155 (NIFTEM)