കാലാവസ്ഥ തിരിച്ചടി തുടർക്കഥ; തേയില, കാപ്പി വില കൂടും; തേയിലയെ സഹായിച്ച് വിദേശ രാജ്യങ്ങൾ
Mail This Article
കനത്ത മഞ്ഞുവീഴ്ച്ചയിൽ തേയിലത്തോട്ടങ്ങൾ പലതും സ്‌തംഭിച്ചു. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിവിധ ഭാഗങ്ങളിൽ തണുപ്പിന് കാഠിന്യമേറി. കാലാവസ്ഥ മാറ്റം മൂലം തേയില ഉൽപാദനത്തിൽനിന്നു വിട്ടുനിൽക്കാൻ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും നിർബന്ധിതരാകുന്നു. മൂന്നാർ മേഖലയിൽ തണുപ്പ് പൂജ്യം ഡിഗ്രിയിലേക്ക് താഴ്‌ന്നു. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും തണുപ്പ് ശക്തമാണ്. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ ഈ മാസം കൊളുന്തുനുള്ള് 50 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും തേയിലത്തോട്ടം മേഖല മാത്രമല്ല, കാലാവസ്ഥ മാറ്റത്തിൽ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. ആഗോള തലത്തിൽ ഇന്ത്യൻ തേയിലയ്‌ക്ക് ഏറ്റവും കൂടുതൽ വിലയും ഡിമാൻഡും നിലനിൽക്കുന്ന ഡാർജിലിങ് തേയില ഉൽപാദനവും ഇടിയുന്നു. പിന്നിട്ട ഒരു ദശാബ്‌ദത്തിൽ ഏറെയായി ഡാർജിലിങ്ങിൽ ഏറ്റവും മികച്ചയിനം തേയില ഉൽപാദനം ഓരോ വർഷം പിന്നിടുന്തോറും കുറയുകയാണ്. ബംഗാളിൽ നിന്നുള്ള തേയിലയിൽ ലോക വിപണിയിൽ ഏറ്റവും പ്രീയം കൂടിയിനമാണ് ഡാർജിലിങ് തേയില.
ദക്ഷിണേന്ത്യൻ തേയിലയുടെയും ശ്രീലങ്കൻ തേയിലയുടെ രുചിയിൽനിന്നും വ്യത്യസ്തമാണ് ഡാർജിലിങ് ചായ. എന്തായാലും ഉൽപാദനം രണ്ടു വശത്തും കുറവാണ്. കാലാവസ്ഥ മാറ്റം സൃഷ്‌ടിച്ച ആഘാതത്തിൽ ഉത്തരേന്ത്യൻ തോട്ടങ്ങളിലും ദക്ഷിണേന്ത്യയിലും ഒരു വർഷകാലയളവിൽ തേയില ഉൽപാദനം ഗണ്യമായി കുറഞ്ഞു. ശക്തമായ മഴ പല അവസരത്തിലും തേയില ഉൽപാദനത്തിന് തടസമായി. അപ്രതീക്ഷിതമായി ഉയർന്ന പകൽ താപനിലയും തോട്ടം മേഖലയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇതിനിടെ കീടബാധ ആക്രമണങ്ങൾ രുക്ഷമായത് ഉൽപാദനം കുറച്ചു.
തോട്ടം മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ രക്ഷകരായി വിദേശ രാജ്യങ്ങൾ രംഗത്തെത്തി. റഷ്യയും ഇറാനും ഇറാക്കും ജർമനിയും അമേരിക്കയുമെല്ലാം ഇന്ത്യൻ ചായ കുടിക്കാൻ കാണിച്ച ഉത്സാഹം അവർക്ക് മാത്രമല്ല, നമ്മുടെ തേയിലക്കർഷകർക്കും ഉൻമേഷം പകർന്നു. ആഭ്യന്തര ഓർഡറുകളെ അപേക്ഷിച്ച് വിദേശ കയറ്റുമതി ഓർഡറുകൾ മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കി.
ഡാർജിലിങ് തേയിലയിലേക്ക് തിരിഞ്ഞാൽ ഉൽപാദനം ഒരോ വർഷം പിന്നിടുമ്പോഴും കുറയുകയാണ്. കഴിഞ്ഞ വർഷം ഡാർജിലിങ് തേയില ഉൽപാദനം 60 ലക്ഷം കിലോയിൽ ഒരുങ്ങി. തൊട്ട് മുൻ വർഷം ഇത് 69.3 ലക്ഷം കിലോയായിരുന്നു. പത്തു വർഷക്കാലയളവിൽ അവിടെ ഉൽപാദനം കുറഞ്ഞതിന് അനുസൃതമായി വില ആകർഷകമായി മാറുന്നില്ലെന്നാണ് ചെറുകിട കർഷകരുടെ പക്ഷം. വിലക്കയറ്റത്തിന് തടസമായത് അയൽരാജ്യമായ നേപ്പാളിൽനിന്നുള്ള വില കുറഞ്ഞ തേയിലയുടെ പ്രവാഹമാണ്. ആ മേഖലയിലെ ഭൂമിശാസ്‌ത്രപതമായ മാറ്റങ്ങളാണ് തേയിലുടെ രുചി വർധിപ്പിക്കുന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തേയില ഉൽപാദനം ഉയർത്താനുള്ള കഠിന ശ്രമത്തിലാണ്. മികച്ച കാലാവസ്ഥ അവസരമാക്കി സ്‌മാർട്ട് കൃഷി രീതി അവലംബിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ആസാമിലെ തേയില തോട്ടംമേഖല. ജലസേചന സംവിധനങ്ങളും മഴവെള്ള സംഭരണികളും ഒരുക്കുന്നതിനൊപ്പം കൃഷി ഇടങ്ങളിൽ ശരിയായ രീതിയിൽ തണൽ വരുത്തി സ്‌മാർട്ട് കൃഷിയിലൂടെ വിളവ് ഉയർത്താനുള്ള നീക്കത്തിലാണ്.
കാപ്പി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് കാപ്പി വിളവെടുപ്പ് വേളയാണ്. ഉൽപന്ന വില ആകർഷകമായ തലങ്ങളിൽ സഞ്ചരിക്കുന്നതിനാൽ വിളവെടുപ്പിനും സംസ്‌കരണം പൂർത്തിയാക്കി ചരക്ക് വിപണിയിൽ ഇറക്കാനും കർഷകർ പതിവിലും കൂടുതൽ ഉത്സാഹിക്കുന്നുണ്ട്. വിവിധ കാരണങ്ങൾ കൊണ്ട് ഇന്ത്യയിലും ഈ വർഷം കാപ്പി ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുമെന്നാണ് ആദ്യ വിലയിരുത്തൽ. അതുകൊണ്ട് തന്നെ വൻകിട തോട്ടങ്ങൾ ആഭ്യന്തര വിദേശ വിപണികളുടെ ചലനങ്ങളെ പരമാവധി നിരീക്ഷിക്കുകയാണ്.
വിദേശ വിപണികളിൽ കഴിഞ്ഞരാത്രി കാപ്പി വില ചൂടുപിടിച്ചു. മുഖ്യ ഉൽപാദകരാജ്യമായ ബ്രസീലിൽ വിളവ് ചുരുങ്ങിയതിനിടെ അവരുടെ നാണമായ റെയാൽ മൂല്യം ശക്തിപ്രാപിച്ചത് ഫണ്ടുകളെ രാജ്യാന്തര കാപ്പി വിപണിയിൽ വിൽപ്പനകൾ തിരിച്ചു പിടിക്കാൻ പ്രേരിപ്പിച്ചു. അവധി വ്യാപാര രംഗത്ത് അനുഭവപ്പെട്ട ഷോട്ട് കവറിങ്ങിനെത്തുടർന്ന് നിരക്ക് ഉയർന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ കാപ്പിത്തോട്ടങ്ങളിൽ വിളവെടുപ്പ് നടക്കുന്നുണ്ട്. മുഖ്യ ഉൽപാദന മേഖലകളായ വയനാട്ടിലെ കൽപ്പറ്റയിലും ബത്തേരിയിലും മികച്ചയിനം കാപ്പിയാണ് വിളഞ്ഞത്. അതേസമയം ഉൽപാദനം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് അൽപം ചുരുങ്ങിയതായാണ് കർഷകരുടെ പക്ഷം. സീസൺ ആരംഭത്തിലെ കനത്ത മഴ കാപ്പിപ്പൂക്കൾ അടർന്നു വീഴാൻ ഇടയാക്കിയത് തുടക്കത്തിൽ ഉൽപാദകരെ പ്രതിസന്ധിലാക്കി. പിന്നീട് കാലാവസ്ഥ അടിക്കടി മാറിമറിഞ്ഞതിനൊത്ത് കായ്‌ക്കൾ നിലനിർത്താൻ കാപ്പിച്ചെടികൾക്ക് കഴിയാഞ്ഞതും തിരിച്ചടിയായി.
വയനാടൻ മേഖലകളിൽ ഉണ്ടക്കാപ്പി 54 കിലോ 12,200 രൂപയിൽ വിപണനം നടക്കുമ്പോൾ കാപ്പി പരിപ്പ് വില കിലോ 410 രൂപയായി ഉയർന്നു. ഇന്ത്യൻ കാപ്പി വിപണിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് വിളവെടുപ്പ് വേളയിൽ ഉൽപന്ന വില ഇത്ര ശക്തമായ പ്രകടനം കാഴ്‌ചവയ്ക്കുന്നത്. കട്ടപ്പന വിപണിയിൽ കാപ്പി റോബസ്‌റ്റ 225 രൂപയിലും കാപ്പി പരിപ്പ് 390 രൂപയിലുമാണ് വിപണനം പുരോഗമിക്കുന്നത്. ഹൈറേഞ്ചിലെ മുൻ നിര വിപണികളായ രാജാക്കാട്, അടിമാലി, തോപ്രാംകുടി, നെടുങ്കണ്ടം, മുരിക്കാശ്ശേരി തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളിൽ കാപ്പിക്കുരു കിലോ 230 – 235 രൂപയിലാണ് നീങ്ങുന്നത്.