അലങ്കാരപ്പൊയ്ക ഹരിതാഭമാക്കാം
Mail This Article
ഉദ്യാനം ഒരുക്കുമ്പോൾ പൂച്ചെടിയായും അലങ്കാരച്ചെടിയായും എത്രയോ ഇനങ്ങൾ ഇന്നു ലഭ്യമാണ്. പാതി തണലുള്ളിടത്തും നേരിട്ടു വെയിൽ കിട്ടുന്നിടത്തും തയാറാക്കുന്ന, പൊയ്കയിലും ജലസംഭരണിയിലും പരിപാലിക്കാൻ യോജിച്ച അലങ്കാര ജലസസ്യങ്ങളും വിപണിയിലുണ്ട്. ജലത്തിൽ വേരൂന്നി വളരുന്ന ചെടികൾ ജലാശയത്തിലെ പലതരം മാലിന്യങ്ങൾ ആഗിരണം ചെയ്ത് വളർച്ചയ്ക്കു പ്രയോജനപ്പെടുത്തുന്നു. അതുവഴി പായൽ (ആൽഗ) വളർന്നു വെള്ളം മോശമാകുന്നതു തടയാനും ഒരു പരിധിവരെ ജലം ശുദ്ധീകരിക്കാനും ഉപകരിക്കുന്നു. ചെടികളുടെ തണൽ ജലാശയത്തിലെ മീനുകൾക്ക് നേരിട്ടുള്ള വെയിലിൽനിന്നു സംരക്ഷണം നല്‍കും. ജലാശയത്തിന്റെ അടിത്തട്ടിലെ മണ്ണിൽ വേരൂന്നി വളരുന്ന അലങ്കാര ജലസസ്യങ്ങളാണ് വാട്ടർ ബാംബൂ, പാപൈറസ് ഗ്രാസ്, വയമ്പ്, പൗഡറി താലിയ തുടങ്ങിയവ. മണ്ണിൽ വേരിറങ്ങി വളരുന്ന ജലസസ്യങ്ങൾ ചട്ടിയിൽ നട്ട് ജലാശയത്തിൽ ഇറക്കിവച്ചോ അല്ലെങ്കിൽ അടിത്തട്ടിലെ മണ്ണിൽ നേരിട്ടു നട്ടോ വളർത്താം.
വാട്ടർ ബാംബൂ
ഒറ്റനോട്ടത്തിൽ പച്ചനിറത്തിൽ വലുപ്പമുള്ള ഈർക്കിലികൾ കൂട്ടമായി ജലപ്പരപ്പിനു മുകളിലേക്കു വളർന്നുനിൽക്കുന്ന പ്രകൃതം. സൂക്ഷിച്ചുനോക്കിയാൽ മുട്ടുകളോടുകൂടിയ, ഇലകൾ ഇല്ലാത്ത മുളംതണ്ടിനു സമാനം. വളർച്ചയെത്തിയ തണ്ടുകൾ ചിലപ്പോൾ വശങ്ങളിലേക്കു ശാഖകൾ ഉൽപാദിപ്പിക്കും. അകം പൊള്ളയായ തണ്ടുകളുടെ മുട്ടുകൾക്കു കറുപ്പുനിറമായിരിക്കും. പന്നൽച്ചെടികളുടെ വർഗത്തിൽ പെടുന്ന വാട്ടർ ബാംബൂ പൂവിടില്ല; പകരം തണ്ടുകളുടെ അഗ്രഭാഗത്ത് കോണാണ് ഉൽപാദിപ്പിക്കുക. കോണിലുള്ള വിത്തുകൾ വഴിയാണ് ഈ ജലസസ്യത്തിന്റെ സ്വാഭാവിക പ്രജനനം. ചെടിയുടെ സസ്യപ്രകൃതിയിൽ മണ്ണിനടിയിൽ പടർന്നുവളരുന്ന തണ്ടുകൾ സവിശേഷതയാണ്. ഇതിൽ നിന്നാണ് മുകളിലേക്ക് പച്ചനിറത്തിലുള്ള കമ്പുകൾ ഉണ്ടായിവരിക. പുതിയ തളിർപ്പുകളോടു കൂടിയ, മണ്ണിനടിയിലുള്ള തണ്ടുഭാഗം നടീൽവസ്തുവായി ഉപയോഗിക്കാം. ചട്ടിയിലോ കുളത്തിലോ ഉള്ള ജലാർദ്രമായ മണ്ണിലാണ് തണ്ട് നടേണ്ടത്. വേഗത്തിൽ വളരുന്ന പ്രകൃതമുള്ള ചെടി കാലതാമസം കൂടാതെ ധാരാളം കമ്പുകൾ ഉണ്ടായിവന്ന് മനോഹരമായി മാറും.
പാപൈറസ് ഗ്രാസ്
ചതുപ്പിലും ആഴം കുറഞ്ഞ ജലാശയങ്ങളിലും സ്വാഭാവികമായി കാണുന്നു ഈ അലങ്കാര പുല്ലിനം. പുരാതന കാലത്ത് ഈജിപ്റ്റുകാർ പാപൈറസ് ഗ്രാസിൽനിന്നാണ് ആദ്യമായി കടലാസ് നിർമിച്ചത്. നേരിട്ടു വെയിൽ കിട്ടുന്നിടത്തെ ആഴം കുറഞ്ഞ പൊയ്കയിലും ചട്ടിയിൽ നട്ട് വെള്ളത്തിലിറക്കിവച്ചും വളർത്താൻ യോജിച്ചതാണ് ഈ പുല്ലിനം. 1–2 അടി കുത്തനെ മുകളിലേക്കു വളരുന്ന, പച്ചനിറത്തിലുള്ള തണ്ടിന്റെ തലപ്പത്തു ബ്രഷ്പോലെ ചെറുകമ്പുകൾ നിറയെ ഉണ്ടായി വരും. പൂർണ വളർച്ചയെത്തിയ ചെടി ഈ ചെറുകമ്പുകളുടെ അഗ്രഭാഗത്തു കൂട്ടമായി കുഞ്ഞൻ പൂക്കൾ ഉൽപാദിപ്പിക്കും. മണ്ണിനടിയിൽ പടർന്നു വളരുന്ന തണ്ടിൽനിന്നാണ് മുകളിലേക്കു പച്ചനിറത്തിലുള്ള കമ്പുകൾ ഉണ്ടായിവരിക. പൂവിട്ടു തീർന്ന കമ്പ് ക്രമേണ ഉണങ്ങി നശിച്ചുപോകും. മണ്ണിനടിയിലുള്ള തണ്ട് പുതിയ കമ്പുകൾ ഉൽപാദിപ്പിച്ച് ഒരു കൂട്ടമായിത്തീരും. സ്വാഭാവികമായി ഈ പുല്ലിൽ ഇലകൾ വ്യക്തമായി കാണാറില്ല. പുതിയ കൂമ്പോടുകൂടിയ മണ്ണിനടിയിലുള്ള തണ്ടുപയോഗിച്ചാണ് പാപൈറസ് ഗ്രാസ് വളർത്തിയെടുക്കുന്നത്.
വയമ്പ്
ബുദ്ധിവികാസത്തിനും കണ്ഠശുദ്ധിക്കും ഗൃഹവൈദ്യത്തിലും ആയുർവേദത്തിലും പ്രാധാന്യമുള്ള വയമ്പ് തണ്ണീർത്തടസസ്യമാണ്. ഇലകൾക്കും മണ്ണിനടിയിലുള്ള കിഴങ്ങിനും ആസ്വാദ്യമായ ഗന്ധം സവിശേഷതയാണ്. കുളത്തിന്റെ അരികിലും ചെളിയും വെള്ളവുമായി കിടക്കുന്നിടങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഈ പുല്ലിനം ഉദ്യാനസസ്യമായി ജലാർദ്രമായ പ്ലാന്റർ ബോക്സിലും ജലധാരയ്ക്കരികിലും പൊയ്കയുടെ ആഴം കുറഞ്ഞ വെള്ളത്തിലും അലങ്കാരത്തിനും ഒപ്പം കൊതുകുപോലുള്ള കീടങ്ങളെ അകറ്റിനിർത്താനും യോജിച്ചതാണ്. മണ്ണിനടിയിൽ നീണ്ടുവളരുന്ന മൂലകാണ്ഡത്തിൽ നിന്നാണ് ചെടി മണ്ണിനു മുകളിലേക്കു കൂട്ടമായി നീണ്ടു നാടപോലുള്ള ഇലകൾ ഉൽപാദിപ്പിക്കുക. ഇലകൾക്കു തിളക്കമുള്ള പച്ചനിറമാണ്. ഇലയുടെ അഗ്രഭാഗം കൂർത്ത് വാൾമുനപോലിരിക്കും. മുളപ്പോടു കൂടിയ മൂലകാണ്ഡത്തിന്റെ തലപ്പാണ് നടീൽവസ്തു. അരയടി കനത്തിൽവരെ വെള്ളം കെട്ടിനിൽക്കുന്ന പൊയ്കയുടെ വശങ്ങളിലും ജലസംഭരണിയിലും അനായാസം വളർത്താം.
പൗഡറി താലിയ
മണ്ണിനടിയിലുള്ള കിഴങ്ങിൽനിന്ന് ഇലകളോടുകൂടിയ തണ്ടുകൾ ഉൽപാദിപ്പിക്കുന്നു. മുകളിലേക്കു വളർന്നുവരുന്ന കമ്പുകൾക്ക് 3–4 അടിവരെ ഉയരം വയ്ക്കും. പല വലുപ്പത്തിലുള്ള ഇത്തരം തണ്ടുകളുടെ കൂട്ടമാണ് പൗഡറി താലിയയുടെ ഭംഗി. അനുകൂല കാലാവസ്ഥയിൽ ഇളം പർപ്പിൾ നിറത്തിൽ പൂക്കളുമായി തണ്ടിന്റെ അഗ്ര ഭാഗത്താണ് പൂങ്കുലകൾ ഉണ്ടായി വരിക. മണ്ണിനടിയിലുള്ള കിഴങ്ങാണ് നടീൽ വസ്തുവായി സാധാരണ ഉപയോഗിക്കുന്നത്.
വാട്ടർ മൊസൈക് ചെടി
ജലപ്പരപ്പിൽ പറ്റിവളരുന്ന ഈ ചെടിയുടെ മൊസൈക്പോലുള്ള ഇലകളാണ് ആകർഷകം. വെള്ളത്തിന്റെ ഉപരിതലത്തിൽ മൊസൈക് വിരിച്ചപോലെ പച്ചയും ചുവപ്പും നിറത്തിലുള്ള ഇലകളുടെ രൂപഘടന ഈ ചെടിക്കു പ്രത്യേക ഭംഗി നൽകുന്നു. ശൂലത്തിന്റെ ആകൃതിയിലുള്ള ഇലകൾക്ക് ഇളം പ്രായത്തിൽ പച്ച നിറവും പ്രായമാകുമ്പോൾ ചുവപ്പു നിറവുമാകും. ഇലകൾ നടുവിലുള്ള കുറുകിയ തണ്ടിൽനിന്ന് എല്ലാ വശങ്ങളിലേക്കും പൂക്കളംപോലെ ക്രമീകരിച്ചിരിക്കുന്നു; നടുവില്‍ ഇളം ഇലകൾ, പ്രായമായ ചുവന്ന ഇലകള്‍ ചുറ്റും. 6– 7 ഇഞ്ച് വരെ വൃത്താകൃതിയിൽ ചെടി വലുപ്പം വയ്ക്കും. പൂർണ വളർച്ചയെത്തിയ ചെടി, വശങ്ങളിൽ തൈകൾ ഉൽപാദിപ്പിച്ച് ജലപ്പരപ്പിൽ കൂട്ടമായി മാറും. ഈതൈകൾ വേർപെടുത്തിയെടുത്ത് നടീൽവസ്തുവായി ഉപയോഗിക്കാം. അനുകൂല കാലാവസ്ഥയിൽ ഇലകളുടെ ഇടയിൽ മഞ്ഞപ്പൂക്കൾ ഉണ്ടായി വരും. നേരിട്ടു വെയിൽ കിട്ടുന്ന സംഭരണികളും ജലാശയങ്ങളുമാണ് മൊസൈക് ചെടി വളർത്താൻ പറ്റിയ ഇടങ്ങൾ. മേൽപറഞ്ഞവ കൂടാതെ, ‘ബ്ലാക് മാജിക്’ ചേമ്പ് ഇനവും ജലസസ്യമായി പരിപാലിക്കാൻ നന്ന്. ചട്ടിയിൽ നട്ട ചെടി ജലാശയത്തിൽ ഇറക്കി വളർത്തുമ്പോൾ ചട്ടിയുടെ ഉപരിതലം വെള്ളാരംകല്ലുകൾ കൊണ്ടു നിറയ്ക്കണം. ഇതു ചട്ടിയിലെ മണ്ണ് വെള്ളവുമായി കലർന്നു ജലം മോശമാകാതെ സൂക്ഷിക്കാനും ചെടി മിശ്രിതത്തിൽ നിന്നു പുറത്തേക്ക് ഊരിപ്പോകാതിരിക്കാനും ഉപകരിക്കും.