ഡോ. ഹരി മുരളീധരൻ: 680 ഇനം ഫലവർഗച്ചെടികളുടെ ഉടമ
Mail This Article
മഴക്കാടെന്നു കേട്ടിട്ടുണ്ടാവും. എന്നാലിതാ, കൊട്ടാരക്കര പട്ടണത്തിൽ ഡോ. ഹരി മുരളീധരന്റെ പഴക്കാട്. 60 സെന്റിൽ ലോകമെമ്പാടും നിന്നുള്ള 680 ഇനം ഫലവർഗച്ചെടികൾ വളരുന്ന ഈ പഴക്കാടിനു ഗ്രീൻഗ്രാമ എന്നാണ് അദ്ദേഹം പേരിട്ടിരിക്കുന്നത്. ഇത്രയധികം ചെടികൾ 60 സെന്റിൽ കൃഷി ചെയ്യുന്നതെങ്ങനെയെന്നു സംശയിക്കേണ്ട. ആകെ 420 ഇനങ്ങൾ മാത്രമാണ് തോട്ടത്തിലുള്ളത്. ബാക്കി കൂടകളിൽ മണ്ണ് നിറച്ച് വളർത്തുകയാണ്. അവയ്ക്കായി വൈകാതെ മറ്റൊരു തോട്ടംകൂടി സൃഷ്ടിക്കും.
സൂര്യപ്രകാശത്തിന്റെ ആവശ്യകതയനുസരിച്ച് ചെടികൾ തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തുന്നതുകൊണ്ടാണ് ഇത്രയധികം സാന്ദ്രതയിൽ അവ നടാൻ സാധിക്കുന്നത്. മരങ്ങൾ മാത്രമല്ല, കുറ്റിച്ചെടികളും വള്ളിച്ചെടികളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. തണലിൽ വളരുന്ന ചെറുസസ്യങ്ങൾക്കും വള്ളിച്ചെടികൾക്കും വലിയ മരങ്ങളുടെ ചുവട്ടിൽ സ്ഥാനം നൽകും. തെല്ലകലെയായി ഭാഗികമായി തണൽ സഹിക്കുന്നവയും. നിശ്ചിത അകലം നൽകിയില്ലെങ്കിലും കായ്‌പിടിക്കുമെന്നു കാണിച്ചുകൊണ്ട് വർഷം മുഴുവൻ ഈ കാട് ഹരിക്കു ഫലം നൽകുന്നു. ഇതിനകം 200 ഇനങ്ങൾക്ക് കായ്‌പിടിച്ചിട്ടുണ്ട്.
തിരിച്ചറിയാനാവാത്തവർക്ക് പാഴ്‌മരങ്ങളെന്നു തോന്നുമെങ്കിലും ഇവിടുത്തെ ഓരോ പഴമരത്തിനും പറയാനുണ്ടാവും ഒരു ചരിത്രവും ഭൂമിശാസ്ത്രവും. ചരിത്രം യാത്രയുടേതാവും. പല നാടുകളിൽനിന്നു കൊട്ടാരക്കരയിലെ ഇത്തിരി മണ്ണിലെത്തിയ ചരിത്രം. എന്നാൽ ഭൂമിശാസ്ത്രം വിശാലംതന്നെ. ആഫ്രിക്കയിൽനിന്നുള്ള മറുലയും തെക്കേഅമേരിക്കയിൽനിന്നുള്ള ഇൻകാ പീനട്ടും സിംഗപ്പൂരിനു സമീപമുള്ള ബോണിദ്വീപിൽനിന്നുള്ള കുബാളും സെനഗലിൽനിന്നുള്ള മാഡ് ഫ്രൂട്ടും ഹരിയുടെ തോട്ടത്തിലുണ്ട്.
വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽനിന്നുള്ള ഫലവർഗങ്ങൾ സ്വന്തമാക്കാൻ സഹിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ ഏറെയായിരുന്നു. ആദ്യഘട്ടത്തിൽ പ്രോത്സാഹനമേകാൻ ആരുമുണ്ടായിരുന്നില്ല. തേടി കണ്ടെത്തിയ പഴവർഗങ്ങളുടെ തൈകളും വിത്തും കൈമാറാൻ അവ കുത്തകയാക്കിയവർ തയാറാവുമായിരുന്നില്ല. വിവിധ രാജ്യങ്ങളിലെ ഗവേഷകരുമായും കൃഷിക്കാരുമായും ബന്ധമുണ്ടാക്കിയതുകൊണ്ടാണ് ഇത്രയും വലിയ ശേഖരം സ്വന്തമാക്കാനായതെന്ന് ഹരി പറഞ്ഞു.
നാലു പഴങ്ങളുടെ രുചി നൽകുന്ന പഴമായ കുബാൾ, ഗ്രീൻഗ്രാമയിലെ ആകർഷണമാണ്. ലോകത്തിലേക്കും മധുരമേറിയ സസ്യഘടകമായി അറിയപ്പെടുന്ന തൗമാറ്റിൻ പ്രോട്ടീൻ വേർതിരിച്ചെടുക്കുന്നത് കറ്റാംഫെ മരത്തിന്റെ പഴത്തിൽനിന്നാണ്. പഞ്ചസാരയുടെ 3000 മടങ്ങ് മധുരമുള്ളതാണത്രെ ഈ പ്രോട്ടീൻ. കറ്റാംഫെയും ഗ്രീൻഗ്രാമയിലുണ്ട്. പഞ്ചസാരയുടെ 10,000 മടങ്ങ് മധുരമുള്ള ഫ്ലാവസ് സ്പീഷീസ് കൂടി ഇപ്പോൾ ഹരി സ്വന്തമാക്കിയിട്ടുണ്ട്. ഗവേഷണാവശ്യങ്ങൾക്കു മാത്രമാണ് ഈ പഴങ്ങൾ ഇപ്പോൾ പ്രയോജനപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേർപ്പിച്ചു മധുരം കുറച്ചാൽ മാത്രമേ മനുഷ്യരുടെ നാവിലെ രുചിമുകുളങ്ങൾക്ക് ഈ മധുരം തിരിച്ചറിയാനാവൂ.
ഫ്ലൂട്ടഡ് പംപ്‌കിൻ എന്നറിയപ്പെടുന്ന പഴച്ചെടി കേരളത്തിൽ ആദ്യം കായ്‌പിടിച്ചത് തന്റെ തോട്ടത്തിലാണെന്നു ഹരി പറയുന്നു. ജീവകസമ്പുഷ്ടമായ വിവിധ ഇനം ചെറികൾ നമ്മുടെ നാട്ടിൽ വളർത്താറുണ്ടെങ്കിലും പലതിനും പുളിരസം കൂടുതലാണെന്നു ഹരി ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമെന്നവണ്ണം തന്റെ ശേഖരത്തിലെ ചെറി ഇനങ്ങൾ പ്രയോജനപ്പെടുത്തി ഗ്രീൻഗ്രാമ17 സ്വീറ്റ് പ്ലം ചെറി എന്ന ഇനം വികസിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇതിലെ മധുരത്തിന്റെ അളവ് 17 ബ്രിക്സ് ആണ്. വൈകാതെ തന്നെ 24 ബ്രിക്സ് മധുരമുള്ള മറ്റൊരു ഇനം ചെറി കൂടി പുറത്തിറക്കാമെന്ന പ്രതീക്ഷയും ഹരിക്കുണ്ട്.
വിദേശ ഇനങ്ങൾ മാത്രമാണ് ഡോ. ഹരിയുടെ ശേഖരത്തിലുള്ളതെന്നു കരുതേണ്ട– കൊരണ്ടിപ്പഴം, മൂട്ടിപ്പഴം, പൂച്ചപ്പഴം എന്നിങ്ങനെ തനി നാടൻ പഴങ്ങളുടെ പട്ടികയും നീളുകയാണ്. കാടുപോലെയാണ് വളർത്തുന്നതെങ്കിലും ഫലവൃക്ഷങ്ങൾക്ക് വേണ്ടത്ര വളം നൽകാൻ ഹരി മടിക്കാറില്ല. ജീവാമൃതവും സ്വന്തമായി വികസിപ്പിച്ച പ്ലാന്റോണിക്സ് എന്ന ജൈവമിശ്രിതവുമാണ് ഈ തോട്ടത്തിലെ പോഷകസ്രോതസുകൾ. ഹോർമോൺ സമ്പുഷ്ടമായ പ്ലാന്റോണിക്സ് ചെടികളുടെ വളർച്ചയ്ക്കും പൂവിടലിലും ഉത്തമമാണെന്ന് ഹരി അവകാശപ്പെടുന്നു.
തമിഴ്നാട്ടിലെ മുരുഗപ്പ ചെട്ടിയാർ റിസർച്ച് സെന്ററിലെ മുതിർന്ന ഗവേഷകനായിരുന്ന ഡോ. ഹരി, അമ്മയെ ശുശ്രൂഷിക്കാനായി നാട്ടിലേക്കു താമസം മാറ്റിയതാണ് ഗ്രീൻഗ്രാമ എന്ന ജനിതക കലവറയുടെ സൃഷ്ടിക്കിടയാക്കിയത്. നാട്ടിലെത്തിയ ശേഷം സംരംഭമെന്ന നിലയിൽ ലോകമെമ്പാടുമുള്ള പഴങ്ങളുടെ സചിത്രപട്ടിക തയാറാക്കാൻ ശ്രമിച്ച ഹരി അമ്പരന്നുപോയി– 400 മരങ്ങളുടെ വിവരങ്ങൾ ചേർത്തശേഷവും പട്ടികയിൽ ഇനങ്ങൾ ബാക്കി. ആ അറിവ് പഴവർഗങ്ങളുടെ ലോകത്തേക്ക് ഹരിയെ എത്തിച്ചു. വീടിനോടു ചേർന്ന് കാടുപിടിച്ചുകിടന്ന സ്ഥലം ഫലവർഗത്തോട്ടമാക്കാനുള്ള ഉദ്യമത്തിനും തുടക്കമായി.
വിലമതിക്കാനാകാത്ത നേട്ടത്തിലേക്കുള്ള ആദ്യചുവടായിരുന്നു അതെന്ന് അന്നു ഹരി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ദീർഘകാലത്തെ ഗവേഷണ തപസ്യയ്ക്കു പോലും നൽകാനാവാത്ത പ്രശസ്തിയും അംഗീകാരവുമാണ് ഈ പഴത്തോട്ടം ഇദ്ദേഹത്തിനു നേടിക്കൊടുത്തത്. ഫലവൃക്ഷപ്രേമികളായ ആയിരക്കണക്കിനാളുകളുടെ കൂട്ടായ്മയുടെ നായകനാണദ്ദേഹം. പഴവർഗങ്ങളുടെ ശേഖരണം ഹോബിയാക്കിയ വിദേശികൾ പോലും ഹരിയെ തേടി കൊട്ടാരക്കരയിലെത്തുന്നു. ദുർലഭമായ പല ഇനങ്ങളും അവരിലൂടെ ഹരിയുടെ തോട്ടത്തിലെത്തുന്നു.
വാണിജ്യസാധ്യത
വാണിജ്യസാധ്യതയുള്ള പല പഴങ്ങളും ശേഖരത്തിലുണ്ട്. ഇൻകാ പീനട്ട്, അരസാ ബോയ് എന്നിവ ഉദാഹരണം മാത്രം. ഒമേഗാ 3 ഫാറ്റിആസിഡ് കൂടുതലായുള്ള ഇൻകാ പീനട്ട് വിദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. ഇതിൽനിന്നുള്ള എണ്ണ മീനെണ്ണയ്ക്കു പകരമായി നൽകാവുന്നത്ര പോഷകമൂല്യമുള്ളതാണ്. വർഷം മുഴുവൻ ഫലമേകുന്ന അരസാബോയി പഴച്ചാറെടുക്കാൻ ഏറ്റവും നന്ന്. വരും വർഷങ്ങളിൽ ഇത്തരം സാധ്യതകൾ വരുമാനമാക്കി മാറ്റാവുന്നതേയുള്ളൂ.
ഫോൺ: 7200707222