ബോൺസായ് വൃക്ഷങ്ങളിൽ വിസ്മയം തീർത്ത് രവീന്ദ്രൻ
Mail This Article
അമ്പതു വർഷം മുമ്പ് ആദ്യമായി ബോൺസായ് പരിചയപ്പെടുമ്പോൾ രവീന്ദ്രൻ കോളജ് വിദ്യാർഥിയായിരുന്നു. ചെടികളോടും പൂക്കളോടുമുള്ള ഇഷ്ടം കണ്ട്, അക്കാലത്തു കാർഷിക കോളജിൽ അധ്യാപകനായിരുന്ന ബന്ധു, രവീന്ദ്രനെ വെള്ളായണി ക്യാംപസിലേക്കു കൂട്ടിക്കൊണ്ടുപോയി. വൻവൃക്ഷങ്ങളായി വളരുന്ന അരയാലും പേരാലും ചട്ടിയിലൊതുക്കി വളർത്തുന്നതിന്റെ കൗതുകം കാണിക്കാനായിരുന്നു യാത്ര.
വളരെ പരുക്കനായ രീതിയിൽ ശിഖരങ്ങൾ മുറിച്ചൊതുക്കി, വിശേഷിച്ചൊരു രൂപഭംഗിയൊന്നുമില്ലാതെ, പുതിയൊരു ഉദ്യാനകൗതുകം എന്ന നിലയ്ക്കുമാത്രം സംരക്ഷിച്ചിരുന്ന ചെടികളാണ് അവിടെക്കണ്ടത്. കേരളത്തിലോ ഇന്ത്യയിൽത്തന്നെയോ അന്നു ബോൺസായ് പരിപാലനം അറിയുന്നവർ ചുരുക്കമായിരുന്നു. വായിച്ചു മനസ്സിലാക്കാൻ പുസ്തകങ്ങളും ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ വെള്ളായണിയിലെ അന്നത്തെ ബോൺസായ് പരിപാലകർക്കും മറ്റു മാതൃകകൾ പരിചയമുണ്ടായിരുന്നില്ല.
ഏതായാലും, അതുവരെ റോസാച്ചെടികളിൽ മാത്രം പ്രിയമുണ്ടായിരുന്ന രവീന്ദ്രൻ അന്നു മുതൽ ജാപ്പനീസ് ഉദ്യാനകലയായ ബോൺസായ്ക്കു പിന്നിലെ കലയും കരവിരുതും സ്വന്തമാക്കാന്‍ ശ്രമം തുടങ്ങി. ഇന്ന് ഈ രംഗത്ത് രാജ്യത്തെ മുൻനിര ബോൺസായ് ആർട്ടിസ്റ്റായി വളർന്നിരിക്കുന്നു രവീന്ദ്രൻ.
കേരള സംസ്ഥാനം രൂപപ്പെട്ടപ്പോൾ തമിഴ്നാടിന്റെ ഭാഗമായ മലയാളി കുടുംബമാണ് രവീന്ദ്രന്റേത്. സയൻസ് ബിരുദത്തിനും അതിനുശേഷം എൽഎൽബിക്കും പഠിക്കുന്ന കാലത്ത് ഒഴിവുദിവസങ്ങളിൽ നാഗർകോവിലിലെ വീടിനടുത്തുള്ള കുന്നുകളിൽ, ബോൺസായ്ക്കു ചേർന്ന ചെടികൾ തേടി നടന്നു രവീന്ദ്രൻ. അന്നത്തെ ആ ചെടികൾ അരനൂറ്റാണ്ടിനിപ്പുറം, തക്കലയിൽ പത്മനാഭപുരം കൊട്ടാരത്തിനരികെ രവീന്ദ്രൻ സൃഷ്ടിച്ചിരിക്കുന്ന നിക്കി ബോൺസായ് ഗാർഡനിലെ വിലപിടിപ്പുള്ള വിശിഷ്ടാംഗങ്ങൾ.
വിനോദവും വരുമാനവും
ബോൺസായ് സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ എഴുപതിൽ തുടങ്ങിയെങ്കിലും എൺപതുകളിൽ പീറ്റർ ചാൻ ഉൾപ്പെടെ രാജ്യാന്തര പ്രശസ്തരായ ബോൺസായ് കലാകാരന്മാരെ പരിചയപ്പെടുകയും അവരുടെ പുസ്തകങ്ങൾ വായിക്കുകയും ചെയ്തതോടെയാണ് ശാസ്ത്രീയ അറിവുകൾ ലഭ്യമായതെന്നു രവീന്ദ്രൻ.
‘‘വെള്ളവും വളവും നൽകാതെ വെറുതെ വെട്ടിയൊതുക്കി ചെടിയെമുരടിപ്പിച്ചു നിർത്തുന്നതാണ് ബോൺസായ് എന്നു കരുതുന്നവരുണ്ട്. തീർത്തും തെറ്റിദ്ധാരണയാണത്. വേരുകൾ യഥേഷ്ടം പടരാനായി മണ്ണും മണലും ചാണകപ്പൊടിയും ചേർന്ന, നല്ല നീർവാർച്ചയുള്ള നടീൽമിശ്രിതത്തിൽ നട്ടുവളർത്തി, പോഷകങ്ങൾ സമൃദ്ധമായി നൽകി ചെടിയുടെ വളർച്ച വേഗത്തിലാക്കുന്ന പരിപാലനരീതിയാണ് ബോൺസായ്. ഈ വളർച്ചയെ കലാപരമായ കയ്യടക്കത്തോടെ നിയന്ത്രിക്കുമ്പോൾ പത്തോ ഇരുപതോ വർഷം പ്രായമുള്ള മരം നൂറോ ഇരുനൂറോ വയസ്സിന്റെ ഗാംഭീര്യത്തിലെത്തും’’, രവീന്ദ്രന്റെ വാക്കുകൾ.
ആദ്യകാലങ്ങളിൽ അരയാലും പേരാലുമായിരുന്നു നമ്മുടെ ബോൺസായ് കാഴ്ചകളിൽ മുഖ്യമെങ്കിൽ ഇന്ന് അവയെക്കാൾ ബോൺസായ്ക്കിണങ്ങിയ ഒട്ടേറെ ചെടികളുണ്ട്. കല്ലാൽ, ചെറുകുമിൾ, മുഞ്ഞ, വാളൻപുളി എന്നിങ്ങനെ നമ്മുടെ നാട്ടിൽ സുപരിചിതമായ ഇനങ്ങളിലും ചൂളമരത്തിന്റെ വർഗത്തിലെതന്നെ നേർത്ത, ചെറിയ ഇലകളുള്ള ഇനം, ചൈനീസ് ബനിയൻ ട്രി, ബ്രസീലിയൻ മഴമരം, മൈക്രോകാർപ ഇനങ്ങൾ, ലോങ് ഐലൻഡ്, ഗ്രീൻ ഐലൻഡ് തുടങ്ങിയ വിദേശവൃക്ഷങ്ങളിലുമാണ് ഇന്നു രവീന്ദ്രനെപ്പോലെയുള്ള ബോൺസായ് ആർട്ടിസ്റ്റുകൾക്കു താൽപര്യം. ഇന്ത്യയിൽ ബോൺസായ് വിപണി ശക്തമായ മുംബൈയിലെ സംരംഭകർ കൂടുതലിണങ്ങിയ മരങ്ങൾ വിദേശത്തുനിന്നെത്തിക്കുന്നതിൽ ഉത്സുകരാണെന്നു രവീന്ദ്രൻ.
ലക്ഷണമൊത്ത ബോൺസായിക്ക് ഒട്ടേറെ ഘടകങ്ങൾ ഇണങ്ങിയിരിക്കണം; മണ്ണിനു മുകളിൽ പടർന്നുകാണുന്ന വേരുകൾ, ചുവട്ടിൽ വണ്ണം കൂടിയും മുകളിലേക്കു പോകുന്തോറും വണ്ണം കുറഞ്ഞും ദൃശ്യമാവുന്ന തായ്ത്തടി, നിറയെ ചില്ലകൾ തുടങ്ങി പ്രായത്തിന്റെ അടയാളങ്ങൾ പലതും. വർഷങ്ങൾ നീളുന്ന പരിപാലനവും ശ്രദ്ധയും എല്ലാറ്റിലുമുപരി കലാഹൃദയവുമുണ്ടാവണം ഒാരോ ബേൺസായിയും രൂപപ്പെടുത്താൻ. 4 ലക്ഷം രൂപ വരെ വിലയിട്ടിരിക്കുന്ന വൃക്ഷവിസ്മയങ്ങൾക്കു പിന്നിൽ രവീന്ദ്രന്റെ ഈ കലാവൈദഗ്ധ്യംതന്നെ.
ചൈനയിൽ രൂപം കൊണ്ടെങ്കിലും ജപ്പാനിലെ സെൻബുദ്ധമത ആശ്രമങ്ങളിലൂടെയാണ് നൂറ്റാണ്ടുകൾ നീളുന്ന ബോൺസായ് പാരമ്പര്യം വികസിച്ചുവന്നത്. ധ്യാനജീവിതത്തിന്റെ ഭാഗമായിരുന്നു സെൻബുദ്ധമത സന്യാസികൾക്ക് ഉദ്യാനങ്ങളും ബോൺസായ് വളർത്തലും. രവീന്ദ്രന്റെ നിക്കി ഗാർഡനിലെ ഓരോ ബോൺസായ്കളും കലാസ്വാദകരുടെ ഹൃദയത്തിനു പകരുന്നതും ധ്യാന പൂർണിമ.
സംരംഭ സാധ്യത
ഹ്രസ്വകാല സംരംഭമായല്ല, തലമുറകളിലേക്കു നീളുന്ന സംരംഭത്തുടർച്ചയായി വേണം ബോൺസായിയെ സമീപിക്കേണ്ടത്. പൊതുവിപണിയിൽ വിൽപനയ്ക്കെത്തുന്ന ഒന്നല്ല സാധാരണഗതിയിൽ ബോൺസായ്. എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ബോൺസായ് തേടുന്ന കലാസ്വാദകരുടെ എണ്ണം വളരെ വർധിച്ചിട്ടുണ്ട്. ബോൺസായ് രൂപത്തിൽ വളർത്താൻ യോജിച്ച ചെടികൾ തേടി സമീപിക്കുന്ന ഒട്ടേറെപ്പേരുണ്ട്. വിശിഷ്ട സമ്മാനമായി പ്രിയപ്പെട്ടവർക്കു നൽകാൻ ബോണ്‍സായ് തേടുന്നവരും പുതിയ പൂന്തോട്ടത്തിൽ പരിപാലിക്കാൻ വർഷങ്ങൾ പ്രായമുള്ള ബോൺസായ് വാങ്ങുന്നവരുമുണ്ട്. വാങ്ങിയാൽ പോരാ, തുടർ പരിപാലനം പ്രധാനമാണ്. അതല്ലെങ്കിൽ ചെടി അനിയന്ത്രിതമായി വളരും. കേരള ബോൺസായ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിൽ കേരളത്തിൽ പരിശീലന പരിപാടികൾ പതിവായി നടത്താറുണ്ട്.
ഫോൺ: 9367525371