ഉദ്യാനത്തിന് അഴകേകാൻ വെസ്റ്റ് ഇൻഡീസ് സുന്ദരി
Mail This Article
കണ്ടാല്‍ ഫാഷൻ ഫ്രൂട്ടിനെ അനുസ്മരിപ്പിക്കുന്ന ‘ലെമണ്‍ വൈന്‍’ കേരളത്തിന് മധുരമേകിത്തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. വെസ്റ്റ് ഇന്‍ഡീസ് സ്വദേശിയായ ഈ ചെടി മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ് എങ്കിലും അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളര്‍ത്തുന്നത്. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ലെമണ്‍ വൈന് അനുയോജ്യമാണ്.
മൂപ്പെത്തിയ വള്ളികള്‍ ചാണകപ്പൊടി, ചകിരിച്ചോര്‍, മണല്‍ എന്നിവ സമം ചേര്‍ത്തു നിറച്ച കൂടകളില്‍ നട്ടു വേരുപിടിപ്പിച്ച ശേഷം അനുയോജ്യമായ മണ്ണില്‍ മാറ്റി നടാം. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗ ത്തുണ്ടാകുന്ന ചെറുപൂക്കള്‍ക്ക് ഇളംമഞ്ഞ നിറവും നേര്‍ത്ത സുഗന്ധവുമുണ്ടാകും. പൂക്കള്‍ വിരി ഞ്ഞുണ്ടാകുന്ന ചെറുകായ്കൾ പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം. വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമണ്‍ വൈനിന്റെ വള്ളികളില്‍ ജലാംശം ശേഖരിച്ചു വയ്ക്കുന്നതിനാല്‍ വരള്‍ച്ചയെ സ്വാഭാവികമായി അതിജീവിക്കും.
ദീര്‍ഘനാളേക്ക് കൊഴിയാതെ വള്ളികളില്‍ നില്‍ക്കുന്ന കായ്കളില്‍ ചെറിയ ഇലകള്‍ കാണുന്നുവെന്ന അപൂര്‍വതയുമുണ്ട്. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണില്‍ ജൈവവളങ്ങള്‍ ചേര്‍ത്ത് നട്ടു പടര്‍ന്നു വളരാന്‍ സൗകര്യമൊരുക്കിക്കൊടുക്കണം. സമൃദ്ധമായി വളര്‍ന്നു ഫലങ്ങളുണ്ടാകുന്ന ലെമണ്‍ വൈന്‍ ഉദ്യാന പ്രേമികളുടെ മനംനിറയ്ക്കും.