വീട്ടുമുറ്റത്തെ ചെടികൾ വരുമാനമാക്കിയ മേഴ്‌സി
Mail This Article
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം പന്തിരുവേലിൽ മേഴ്‌സി ചെടികളോട് കൂട്ടുകൂടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മുറ്റത്തും തൊടിയിലുമൊക്കെയായി വിവിധ തരത്തിലുള്ള അലങ്കാരച്ചെടികൾ സ്ഥാനംപിടിച്ചു. ഏതാണ്ട് ഏഴു മാസം മുമ്പു വരെ ഇവയുടെ വിൽപന നടത്തിയിരുന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളും ഇവ ഇങ്ങനെ വളർത്തിയിട്ട് എന്തെങ്കിലും പ്രയോജമുണ്ടോ എന്ന് ചോദിക്കുമ്പോൾ ഒരു പുഞ്ചിരിമാത്രമായിരുന്നു മേഴ്‌സി സമ്മാനിക്കുക. വീട് ഉൾപ്രദേശത്തായതിനാൽ ചെടികളുടെ വിൽപന അത്ര സാധ്യമായിരുന്നില്ല.
അങ്ങനെയാണ് ബിസ്മിയുടെ സഹായം തേടുന്നത്. മേഴ്‌സിയുടെ ശേഖരത്തിൽനിന്ന് 18,000 രൂപയുടെ ചെടികൾ വാങ്ങി ബിസ്മി മേഴ്‌സിയെ ചെടികളുടെ ബിസിനസിലേക്ക് കൈപിടിച്ചുയർത്തി. എന്തൊക്കെ ചെയ്യണമെന്നും ഏതു ചെടികൾക്കാണ് ഡിമാൻഡ് കൂടുതലെന്നും ബിസ്മി പറഞ്ഞുകൊടുത്തു. അങ്ങനെയാണ് മേഴ്‌സിയെത്തേടി വലിയൊരു ഓർഡർ എത്തുന്നത്.
ചെമ്പരത്തി നൽകിയ പ്രചോദനം
75,000 ചെമ്പരത്തിത്തൈകൾക്കാണ് കൊച്ചിയിലുള്ള ഒരു സ്ഥാപനം മേഴ്‌സിക്ക് ഓർഡർ നൽകിയത്. നടാനുള്ള കമ്പ് അവർ നൽകും. കൂടകളിൽ നട്ട് മുളപ്പിച്ച് തിരികെ നൽകിയാൽ മതി. ചാണകപ്പൊടിയും മണ്ണും ചേർത്ത് തയാറാക്കുന്ന നടീൽ മിശ്രിതത്തിൽ തുല്യവലുപ്പത്തിൽ കമ്പു നട്ട് മുളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അത്യാവശ്യം വലുപ്പമായാൽ കമ്പനിതന്നെ നേരിട്ടു വന്ന് തൈകൾ കൊണ്ടുപൊയ്ക്കൊള്ളും. ഇതിലൂടെ തന്നെ മികച്ച വരുമാനം മേഴ്‌സിക്ക് ലഭിക്കുന്നുണ്ട്.
ചെമ്പരത്തി വരുമാനമാർഗമായെങ്കിലും മേഴ്‌സിയുടെ ഉദ്യാനത്തിൽ വിവിധ രൂപത്തിലും ഭംഗിയിലുമുള്ള ചെടികൾ ഒട്ടേറെ. കാർപെറ്റ് സെഡം നല്ല രീതിയിൽ ഇവിടെ വളരുന്നുണ്ട്. മേഴ്സിയുടെ ഇഷ്ട സസ്യവും ഇതുതന്നെ. കൂടാതെ സ്പൈഡർ പ്ലാന്റ്, അഗ്ലോണിമ, ഫേണുകൾ, മണി പ്ലാന്റ്, ലക്കി ബാംബു, മൊസാൻഡ, സിൻഗോണിയം, മൈക്രോ ഫേൺ, നെർവ് പ്ലാന്റ്, സ്ട്രിങ് ഓഫ് ബനാന, ബൊഗൈൻ വില്ല, വിവിധ തരത്തിലുള്ള ഹാങ്ങിങ് പ്ലാന്റുകൾ എന്നിവ ഇവിടെ വളരുന്ന ചെടികളിൽ ചിലതു മാത്രം.
ചെടികൾ മാത്രമല്ല രണ്ടു പശുക്കളെയും എട്ടു പന്നികളെയും മേഴ്‌സിയും ഭർത്താവ് പി.എ. സെബാസ്റ്റ്യനും കൂടി വളർത്തുന്നുണ്ട്. പശുക്കളിൽനിന്ന് പാലിലൂടെ വരുമാനം ലഭിക്കുമ്പോൾ പന്നികളെ ഇറച്ചിക്കായും കുഞ്ഞുങ്ങൾക്കുമായാണ് വളർത്തുന്നത്. സിവിറ്റ്, സിമി എന്നിവരാണ് മക്കൾ.
ഫോൺ: 9061814862