മഴക്കാല ഭക്ഷ്യോൽപാദനത്തിന് കൃൺകൃഷി തുടങ്ങാം, എന്തൊക്കെ ചെയ്യണം?
Mail This Article
മഴക്കാലം വരാൻ പോകുന്നു. ശക്തമായ മഴ പലപ്പോഴും പച്ചക്കറിക്കൃഷിക്ക് തടസമുണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. മഴക്കാലത്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികൾക്കു പകരമായി കൂൺകൃഷി പരീക്ഷിക്കാം. കൂൺകൃഷിക്ക് കാര്യമായ അധ്വാനം വേണ്ടിവരില്ല എന്നതാണ് പ്രധാന സവിശേഷത. കൂൺകൃഷി എങ്ങനെ ചെയ്യാം?
സാധാരണ വൈക്കോൽ, അറക്കപ്പൊടി മുതലായവ കൂൺകൃഷിക്കുള്ള മാധ്യമമായി ഉപയോഗിക്കാറുണ്ടെങ്കിലും വൈക്കോലാണ് ഏറെ അഭികാമ്യം. പഴക്കമില്ലാത്ത, നല്ല സ്വർണ നിറമുള്ള വൈക്കോൽ ഇതിനായി തിരഞ്ഞെടുക്കണം. ഈ വൈക്കോൽ അണുവിമുക്തമാക്കി വേണം ബെഡ് തയാറാക്കാൻ. ആവിയിൽ പുഴുങ്ങുക, തിളപ്പിക്കുക തുടങ്ങിയ മാർഗങ്ങളാണ് സാധാരണ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്. ഇതു കൂടാതെ കാർബെന്റാസിം (7.5 ഗ്രാം), ഫോർമലിൻ (50 മില്ലി) എന്നിവ 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം ഇതിൽ മുക്കിയും വൈക്കോൽ അണുവിമുക്തമാക്കാം. ഇതിലേക്ക് വൈക്കോൽ നിറച്ച് 18 മണിക്കൂർ കുതിർത്തുവയ്ക്കണം. ശേഷം, വൃത്തിയുള്ള പ്രതലത്തിൽ വിരിച്ചിട്ട് വെള്ളം വാർത്തുകളയാം. എന്നാൽ, പൂർണമായും ഉണങ്ങിപ്പോകാനും പാടില്ല.
അണുവിമുക്തമാക്കിയ വൈക്കോൽ 60 സെ.മീ. നീളവും 30 സെ.മീ. വ്യാസവും 150 ഗേജ് കട്ടിയുമുള്ള പോളിത്തീൻ ബാഗുകളിൽ നിറക്കാം. 10 സെന്റിമീറ്റർ കട്ടിയിൽ ഒരു പാളി വൈക്കോൽ വച്ചശേഷം അരികുകളിൽ കൂൺ വിത്തുകൾ ഇട്ടുകൊടുക്കാം. ഇത്തരത്തിൽ 4 പാളി വൈക്കോൽ ഒരു ബാഗിൽ വയ്ക്കാൻ കഴിയും. ഏറ്റവും മുകളിൽ പൂർണമായും വിത്ത് വിതറിക്കൊടുത്തശേഷം മുറുക്കിക്കെട്ടണം.
ശേഷം, അണുവിമുക്തമാക്കിയ മൊട്ടുസൂചി ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗ് നിറയെ സുഷിരങ്ങളിടണം. ഇങ്ങനെ തയാറാക്കിയ ബെഡുകൾ വെളിച്ചം കടക്കാത്ത മുറികളിൽ സൂക്ഷിക്കാം. 14 ദിവസത്തിനുശേഷം ഇവയിൽ കൂൺ വളർന്നുതുടങ്ങിയത് കാണാം. അങ്ങനെ കണ്ടുതുടങ്ങുമ്പോൾ ബ്ലേഡ് ഉപയോഗിച്ച് ബെഡ് വരഞ്ഞു കൊടുക്കണം. ഇങ്ങനെ ചെയ്യുന്നതുവഴി കൂൺ നല്ല രീതിയിൽ വളരും.
കൂൺബെഡ് നിർമാണവുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവകലാശാല തയാറാക്കിയ വിഡിയോ കാണാം.