പെയിന്റ് പാട്ടയിലെ പച്ചക്കറിക്കൃഷിയിൽ 100 മേനി വിജയവുമായി രാജേഷ്
Mail This Article
രാജേഷ് ഡേവിസിന്റെ വീടിന് ഇരുനിറമാണ്. മേല്‍ക്കൂരയില്‍ ഇതേ നിറങ്ങളുള്ള പെയിന്റു ടിന്നുകളുടെ ഒരു കൂട്ടമുണ്ട്. ആ ടിന്നുകള്‍ക്കുള്ളില്‍ ബഹുവര്‍ണങ്ങളില്‍ വിസ്മയങ്ങള്‍ വേറെയുമുണ്ട്. പക്ഷേ ഈ ടിന്നുകളൊന്നും വീടിനു പെയിന്റടിക്കാന്‍ വാങ്ങിയതല്ല; പകരം കൃത്രിമ നിറങ്ങള്‍ വയറിനുള്ളിലേക്ക് കടത്താതിരിക്കാന്‍ കണ്ടെത്തിയ നിറക്കൂട്ടുകള്‍ മാത്രം.
അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ തിരുതനത്തില്‍ രാജേഷ് തന്റെ വീട്ടുമേല്‍ക്കൂര കൃഷിത്തോട്ടമാക്കിയിട്ട് ഒട്ടേറെ വര്‍ഷങ്ങളായി. ഗ്രോബാഗുകളില്‍ പരീക്ഷിച്ചു തുടങ്ങിയ കൃഷിയുടെ പരിമിതിയാണ് പെയിന്റ് ടിന്നുകളിലേക്ക് എത്തിച്ചത്. ചെറുപ്പം മുതല്‍ കൃഷി തൽപരരായ മാതാപിതാക്കളുടെ ശിക്ഷണത്തില്‍ വളര്‍ന്ന രാജേഷിനു സ്കൂള്‍ തലത്തില്‍ കൃഷിവകുപ്പ് നടത്തിയ മത്സരത്തില്‍ സമ്മാനം ലഭിച്ചതോടെ കൂടുതല്‍ ആവേശമായി.
പടവലം, പാവൽ, മുന്തിരി, ചീര, വഴുതന, നിത്യവഴുതന, ഇഞ്ചി, ക്യാരറ്റ്, ബ്രൊക്കോളി, ബീറ്റ്റൂട്ട്, കോളിഫ്ലവർ, മുളക്, ഗാഗ് പഴം, പുതിനയില, തക്കാളി, ചൈനീസ് കാബേജ്, പാലക് ചീര, അഗത്തി ചീര, വെണ്ട, ഡ്രാഗൺ ഫ്രൂട് എന്നിങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റെ മേല്‍ക്കൂര കൃഷി. 1000 ചതുരശ്രയടി സ്ഥലത്തോളം ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗ്രോബാഗുകള്‍ക്ക് ആയുസ് കുറവായതിനാലാണ് ടിന്നുകളിലേക്കു മാറിയത്. കൂടാതെ വെള്ളം തുള്ളികളായി നനക്കുന്നതിനും സൗകര്യം പോലെ എവിടേക്കും മാറ്റിവയ്ക്കുന്നതിനും 20 ലീറ്ററിന്റെ ഇത്തരം ടിന്നുകള്‍ ഗുണകരമെന്ന് ഇദ്ദേഹത്തിന്റെ സാക്ഷ്യം. കീടനാശിനികള്‍ ഉപയോഗിക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കാമെന്നതിനു പുറമെ ആവശ്യക്കാര്‍ക്ക് നല്‍കാനും ചിലയവസരങ്ങളില്‍ കഴിയാറുണ്ട്. ഭാര്യ ജീനയും എട്ടുവയസുകാരന്‍ മകൻ ജോഹനും അവരുടെ സമയം പോലെ കൃഷിയില്‍ ശ്രദ്ധിക്കാറുണ്ട്.
വിഡിയോ കാണാം.
English summary: Terrace Farming