പോഷണത്തിനു ജൈവ ഗവ്യം, ഇത് അലക്സാണ്ടറിന്റെ പ്രത്യേക ജൈവവളക്കൂട്ട്
Mail This Article
എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്ന മികച്ച വളമാണ് െജെവഗവ്യം. ഈ ജൈവവളക്കൂട്ട് വികസിപ്പിച്ചു തയാറാക്കി ഉപയോഗിച്ചുവരികയാണ് കോടഞ്ചേരി മണിമല അലക്സാണ്ടർ. വലിയ മുതൽമുടക്കില്ലാതെ തന്നെ ഇതു തയാറാക്കാം.
ചേരുവകള്‍
ഗോമൂത്രം 50 ലീറ്റർ, ചാണകം 50 കിലോ (നാടൻപശുവിന്റേതായാല്‍ നന്ന്), ശീമക്കൊന്നയിലയും പുറന്തൊലിയും കൂടി 30 കിലോ, പപ്പായയില 30 കിലോ, കൊടിത്തൂവ സമൂലം 15 കിലോ, കലർപ്പില്ലാത്ത വേപ്പിൻ പിണ്ണാക്ക് 10 കിലോ, നിലക്കടലപ്പിണ്ണാക്ക് 10 കിലോ, പറമ്പിലെ കല്ലു കലരാത്ത മണ്ണ് 3 പിടി, 10 നാളികേരത്തിന്റെ വെള്ളം, തൈര് ഒരു ലീറ്റർ.
തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി 200 ലീറ്റർ കൊള്ളുന്ന ബാരലിൽ ഇട്ട് ദിവസം രണ്ടു നേരം മരത്തിന്റെ കമ്പ് ഉപയോഗിച്ച് ഘടികാരദിശയിലും എതിർദിശയിലും 21 ദിവസം നന്നായി ഇളക്കുക. ഇരുപത്തിരണ്ടാം ദിവസം മുതൽ ഒരാഴ്ച ഇളക്കാതെ വയ്ക്കുക. ആദ്യ ദിവസം മുതൽ ഉപയോഗിച്ചു തീരുന്നതുവരെ ബാരലിന്റെ മുകൾഭാഗം വായു കടക്കാത്ത രീതിയിൽ കട്ടിയുള്ള ചണച്ചാക്കുകൊണ്ട് നന്നായി മൂടിയിടണം. മുപ്പതാം ദിവസം ഒരു ലീറ്റർ എടുത്ത് 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് വിളകളുടെ ചുവട്ടിൽനിന്നു മൂന്നടി അകലത്തിൽ ഒഴിച്ചുകൊടുക്കുക. വിളകള്‍ക്കു നനച്ച ശേഷമാണ് ഇതു പ്രയോഗിക്കേണ്ടത്. എല്ലാ വിളകളുടെയും ചുവട്ടില്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാതിരിക്കാൻ നന്നായി പുതയിടുകയും വേണം.
English summary: Special Organic Fertilizer