ADVERTISEMENT

'ആദ്യത്തെ കൃഷിയില്‍ നല്ല ഫലം ലഭിച്ചു. രണ്ടാമത്തേതും വലിയ കുഴപ്പങ്ങളില്ലാതെ നന്നായിരുന്നു. ഈ പ്രാവശ്യം അത്ര മെച്ചമായില്ല' - പല കര്‍ഷകരും പറയുന്ന പ്രശ്‌നമാണിത്.

അതിന് ഓരോ സീസണിലും വളരുന്ന ചെടികള്‍ മണ്ണിലെ പോഷകങ്ങള്‍ വലിച്ചെടുത്തു കായ്ഫലങ്ങള്‍ നല്‍കുന്നുണ്ട്. അപ്പോള്‍ അത്രയും പോഷകങ്ങളുടെ കുറവ് അടുത്ത സീസണില്‍ ഉണ്ടാകുമല്ലോ. ഈ കുറവ് നികത്താന്‍ സഹായിക്കുന്ന വിധം പോഷകങ്ങള്‍ രണ്ടാമത്തെ കൃഷിക്ക് മുന്‍പായി നല്‍കിയില്ലെങ്കില്‍ അത്രയും കുറവ് കാണുമല്ലോ. അപ്പോള്‍ പിന്നെ അതുപോലെ പോഷകങ്ങള്‍ നല്‍കാതെ മൂന്നാമത്തെ സീസണില്‍ ഉണ്ടാകുമെന്നു പ്രതീക്ഷ വേണ്ട. ഇങ്ങോട്ടു കിട്ടണമെന്ന് മാത്രം ചിന്തിച്ചാല്‍ മതിയോ മണ്ണ് നന്നാക്കാനുള്ള വളം വേണ്ടുംവിധം നല്‍കിയാലല്ലേ വിളവുണ്ടാകൂ.

ചെടികള്‍ വളരുംതോറും പോഷകം വളര്‍ച്ചയ്ക്ക് മാത്രമല്ല ചെടികളുടെ പ്രതിരോധശേഷിക്കും വേണം ഈ പറഞ്ഞ പോഷകങ്ങള്‍. അത് വളമിട്ടെന്നു കരുതി വെറും സംസ്‌കരിച്ചെടുക്കാത്ത ചാണകവും കോഴിവളവും മാത്രം ചേര്‍ത്ത് അനങ്ങാതിരുന്നാല്‍ ചെടികളില്‍ കായ്ഫലം ഉണ്ടായെന്നു വരില്ലല്ലോ. മാത്രവുമല്ല വളര്‍ച്ചാ സ്തംഭനവും ഉണ്ടാകാം.

കൃഷിയില്‍ പൊടിക്കൈകളില്ല. പൊടിക്കൈകള്‍ക്കു പുറകെ പോകയുമരുത്. പൊടിക്കൈകള്‍ വെറും താല്‍കാലികം എന്നര്‍ഥത്തില്‍ സ്വീകരിക്കുക. ഒരു ഒരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ശരിയായ പ്രശ്‌ന പരിഹാരം സ്വീകരിക്കുന്നതുവരെയുള്ള സമയങ്ങളില്‍ താല്‍കാലികമായ ഒരു ശാന്തി എന്ന രീതിയില്‍ മാത്രം പൊടികൈകള്‍ സ്വീകരിക്കുക. പൊടിക്കൈകള്‍ അങ്ങിനെയാണ് കാണേണ്ടത്. പൊടികൈകള്‍ പിന്നെ തുടര്‍ച്ചയായി കൃഷിയിലുടനീളം അനുവര്‍ത്തിച്ചു ഉല്‍പാദനം സ്തംഭിപ്പിക്കുന്നവരാണ് അധികവും.

ഉദാഹരണത്തിന് പാവല്‍ ചെടിയുടെ പന്തല്‍ തൂങ്ങി വീഴാന്‍ പോകുന്ന സമയത്തു താങ്ങായി നല്ല മുളവടി ലഭിച്ചില്ലെങ്കില്‍ ഏതെങ്കിലും ബലഹീനമായ ഒരു വടിയെടുത്ത് താങ്ങായി നിര്‍ത്താറുണ്ട്. എന്നിട്ട് നല്ല മുളവടി അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടുവന്നു സ്ഥിരതയുള്ള താങ്ങായി പിന്നീട് കര്‍ഷകര്‍ കൊടുക്കാറുമുണ്ട്. ഇത്തരം വിദ്യകളെയാണ് പൊടികൈകള്‍ എന്ന് പറയുന്നത്. പൊടികൈകള്‍ താല്‍കാലിക സംവിധാനം പ്രയോഗം എന്നീ അര്‍ഥങ്ങളില്‍ കാണുക. ഏതാനും സമയത്തേക്ക് വേണ്ടിയുള്ള താല്‍കാലിക സംവിധാനങ്ങള്‍. അടിയന്തിര ഘട്ടങ്ങളില്‍ ചെയ്തെടുക്കുന്ന അടിയന്തിര സംവിധാനങ്ങള്‍. ഇത്തരം അടിയന്തിര സംവിധാനങ്ങളും പ്രയോഗങ്ങളും ഒരു ശരിയുടെ ചട്ടക്കൂട് വേണം എന്നതും നിര്‍ബന്ധമാണ്. ഇത്തരം സംവിധാനം ആംബുലന്‍സ് വാഹനങ്ങളില്‍ കാണാം. അവിടെയും പൊടികൈകള്‍ പ്രയോഗമുണ്ട്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ചു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കും വരെയുള്ള പൊടിക്കൈകള്‍. അതുമൊരു ഉദാഹരണം. 

ഉദാഹരണങ്ങള്‍ അതിന്റെ അര്‍ഥത്തില്‍ എടുക്കണം, തര്‍ക്കിക്കാന്‍ വേണ്ടി വാക്കുകളില്‍ പിടിച്ചു തൂങ്ങരുതെ.. അടുക്കളയില്‍ ദോശ ചുടാന്‍ നേരം ചട്ടിയില്‍ എണ്ണ പുരട്ടാന്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ ചില പൊടിക്കൈകള്‍ താല്‍കാലികമായി, ശരിയായ സംവിധാനം എത്തും വരെ... ചിലപ്പോള്‍ ദോശ പരത്തിയതിനു ശേഷമായിരിക്കും ചട്ടുകത്തിനു വേണ്ടി ഓടുക... ചട്ടുകം പരതിയിട്ടു കാണുന്നുമില്ല... അപ്പോള്‍ കിട്ടിയ ഏതെങ്കിലും പരന്ന ഒരു ഉപകരണമെടുത്തു മറിച്ചിടാറുണ്ട്... ഇതൊക്കെയാണ് പൊടിക്കൈകള്‍.. അടിയന്തിര ഘട്ടങ്ങളിലെ താല്‍കാലിക ശമനം. പക്ഷേ, താല്‍കാലിക ശമനത്തെ ഒരു സ്ഥിര പരിഹാരമായി കണക്കാക്കരുത്.

ചിലപ്പോള്‍ നൈട്രജന്റെ കുറവ് മൂലം ചെടികളുടെ ഇലകള്‍ മഞ്ഞ നിറത്തിലേക്ക് നീങ്ങുന്നത് കണ്ട് അതിന്റെ ചിത്രങ്ങളെടുത്ത് എനിക്കയച്ചു തന്നു കരയുന്നവരുണ്ട്. ഈ കരയുന്നവരുടെ കയ്യില്‍ നല്ല കമ്പോസ്റ്റോ കമ്പോസ്റ്റു ചെയ്തു ജീര്‍ണ്ണിച്ച പക്ഷി-മൃഗ മാലിന്യമോ ഉണ്ടാകില്ല. ഈ രണ്ടു വസ്തുക്കളും ഉണ്ടോ ചേര്‍ക്കാന്‍ എന്ന് ചോദിച്ചാല്‍ ഇല്ലായെന്നും പകരം എന്തുണ്ട് എന്ന് ചോദിച്ചാല്‍ ചാണകപ്പൊടിയുണ്ട് എന്നുമായിരിക്കും ഉത്തരം. അപ്പോള്‍ ഞാന്‍ ഒരു പൊടികൈ എന്നപോലെ ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ തടത്തില്‍ ചേര്‍ക്കാന്‍ പറയാറുണ്ട്, നല്ല കമ്പോസ്റ്റു ലഭിക്കും വരെ. 

നല്ല കമ്പോസ്റ്റിലൂടെ, അല്ലെങ്കില്‍ കമ്പോസ്റ്റ് ചെയ്‌തെടുത്ത പക്ഷി-മൃഗ മാലിന്യത്തില്‍ മാത്രമാണ് ഓര്‍ഗാനിക് കൃഷിയില്‍ നൈട്രജന്‍ അളവ് കൂടുതല്‍ ഉണ്ടായിരിക്കുക. അത് ചേര്‍ക്കുമ്പോള്‍ മറ്റു സൂഷ്മ മൂലകങ്ങളും ഒരു നിശ്ചിത അളവില്‍ ലഭിക്കുകയും ചെയ്യും. എങ്കില്‍ പോലും നേരത്തെ പറഞ്ഞ പൊടിക്കൈ ആയ ഉണക്കച്ചാണകം ഒരു താല്‍കാലിക ശമനം മാത്രം. ഇതെല്ലം കഴിഞ്ഞതിനു ശേഷം സ്ഥിരപരിഹാരമായ സമൃദ്ധമായ അളവില്‍ നൈട്രജന്‍ അടങ്ങിയ വസ്തുക്കളുടെ പ്രയോഗം നടന്നിരിക്കാനുള്ള സംവിധാനം ഉണ്ടാക്കിയിരിക്കണം.

തക്കാളി പൂക്കുന്നില്ല എന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനു കീഴെ ഒരു വ്യക്തി കൊതുകുതിരി കത്തിച്ചു വയ്ക്കാനും വേറൊരു വ്യക്തി കായവും തൈരും കലക്കി ഒഴിക്കാനുമുള്ള പൊടികൈ പറയുന്നത് കണ്ടു. ആ ചെടി ഏതു കാലാവസ്ഥയിലാണ് വളരുന്നത്, ആ ചെടിയുടെ വളപ്രയോഗങ്ങളുടെ ചരിത്രമെന്താണ്, നാളതുവരെ പരിചരിച്ച രീതികള്‍ എന്താണ്, മണ്ണിന്റെ ഘടന, ജലസേചന രീതികള്‍, പ്രകാശ ലഭ്യത, പരാഗണ സാധ്യതകള്‍, ഫംഗല്‍ രോഗങ്ങള്‍, കീടാക്രമങ്ങള്‍ എന്നതൊന്നും പരിശോധിക്കാതെ ഇങ്ങിനെ ഉപദേശം നല്‍കുന്നവരും നമുക്കിടയില്‍ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 

വേണുഗോപാല്‍ മാധവ്, അള്‍ട്രാ-ഓര്‍ഗാനിക് ഫാം പ്രാക്ടീസ് കണ്‍സള്‍ട്ടന്‌റ്, മുറ്റത്തെ കൃഷി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. ഫോണ്‍: 9447462134

English summary: Vegetable Garden Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com