പച്ചക്കറിക്കൃഷിക്ക് ഗ്രോബാഗ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
Mail This Article
വീട്ടാവശ്യത്തിനുള്ള വിഷമുക്ത ജൈവ പച്ചക്കറി നിത്യവും വേണമെന്നുള്ളവര്‍ക്ക് വീടിന്റെ മുറ്റത്തും, ടെറസിലും, മതിലിനു മുകളിലും, ഇന്റര്‍ലോക്ക് ടൈലിട്ട പ്രതലങ്ങളിലുമടക്കം വെയിലും വെളിച്ചവും കിട്ടുന്ന എവിടെയും ഗ്രോബാഗില്‍ കൃഷി ചെയ്യാം, നനയ്ക്കണമെന്നു മാത്രം. വിപണിയില്‍ കിട്ടുന്ന ഗ്രോബാഗ് തന്നെ വേണമെന്നില്ല. ആവശ്യത്തിനു വലുപ്പമുള്ള പെയിന്റ് ബക്കറ്റ്, പൊട്ടിയ ബക്കറ്റ്, ടയര്‍, ഷോപ്പിങ് കവറുകള്‍, നല്ല കട്ടിയുള്ള 25 കിലോ അരിച്ചാക്ക്, ഫ്‌ലക്‌സ് ഷീറ്റ് കവര്‍ രൂപത്തിലാക്കിയത് തുടങ്ങി പാല്‍ കവര്‍വരെ പച്ചക്കറി നട്ടുവളര്‍ത്താന്‍ ഉപയോഗപ്പെടുത്താം.
ഗ്രോബാഗ് വാങ്ങുമ്പോള്‍
ഉള്‍വശം കറുത്ത നിറത്തിലും പുറംഭാഗം വെളുത്ത നിറത്തിലുമുള്ള ഗ്രോബാഗാണ് വിപണിയില്‍ ലഭിക്കുക. ചുരുങ്ങിയത് 150 ഗേജ് കനമുള്ള ഗ്രോബാഗാണ് നല്ലത്. കനം കുറഞ്ഞാല്‍ ഏറെ വൈകാതെ ദ്രവിച്ചു പൊട്ടിപ്പോകും. വിപണിയില്‍ ഇന്ന് പല വലുപ്പത്തിലുള്ള ഗ്രോബാഗുകള്‍ ലഭ്യമാണ്. 40 സെ.മീ. X 24 സെ.മീ. X 24 സെ.മ.ീ., 35 സെമീ.X20 സെ.മീX20 സെ.മീ., 30 സെ.മീ. X16 സെ.മീ. X16 സെ.മീ. എന്നീ വലുപ്പങ്ങളിലുള്ള ഗ്രോബാഗുകള്‍ വിപണിയില്‍ കിട്ടും. വില യഥാക്രമം 16, 13, 10 രൂപ. മൊത്തവിതരണസ്ഥാപനങ്ങളില്‍ വില വീണ്ടും കുറയും.
കറുത്ത നിറത്തിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് കവര്‍ തൂക്കി വാങ്ങി അതിലും കൃഷി ചെയ്യാം. ഒരു കവറിന് ഏകദേശം 6 രൂപ വില വരും. ഗ്രോബാഗിന്റെ പകുതി മാത്രമേ വില വരുന്നുള്ളൂ. ഈ കവര്‍ വാങ്ങി കാല്‍ഭാഗം വളമിശ്രിതം നിറച്ച് രണ്ട് മൂലയും കൈവിരല്‍ ഉപയോഗിച്ച് ഉള്ളിലേക്കു തള്ളി ചുവടുഭാഗം തറയില്‍ തട്ടി കൈകൊണ്ട് അമര്‍ത്തിയാല്‍ ഗ്രോബാഗിന്റെ ആകൃതി ലഭിക്കുകയും ചെയ്യും.
നല്ല ഗുണനിലവാരമുള്ള ഗ്രോബാഗ് ശരാശരി 4 വര്‍ഷം ഉപയോഗിക്കാം. ഒരു കൃഷി കഴിഞ്ഞാല്‍ വളം മിശ്രിതം നന്നായി കഴുകിക്കളഞ്ഞ് ബാഗ് മടക്കിവയ്ക്കാം.
നടീല്‍മിശ്രിതം തയാറാക്കല്‍
ചെടികള്‍ വളര്‍ന്നു നല്ല വിളവ് ലഭിക്കാന്‍ നല്ല നടീല്‍മിശ്രിതം കൂടിയേ തീരൂ. വലിയ തരിയുള്ള മേല്‍മണ്ണ്,
നന്നായി പൊടിഞ്ഞ ചാണകപ്പൊടി അല്ലെങ്കില്‍ കോഴിക്കാഷ്ഠം, ചകിരിച്ചോറ് എന്നിവയാണ് പ്രധാന ചേരുവകള്‍. പച്ചച്ചാണകവും ചാരവും ചകിരിത്തൊണ്ടും ഉപയോഗിക്കരുത്. മണ്ണിരക്കമ്പോസ്റ്റാകാം.
കല്ലും കട്ടയും മാറ്റിയ മേല്‍മണ്ണ് പരത്തിയോ, കൂന കൂട്ടിയോ പ്ലാസ്റ്റിക് ഷീറ്റോ സില്‍പോളിന്‍ ഷീറ്റോ ഉപ യോഗിച്ച് നന്നായി മൂടിവയ്ക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഈ മണ്ണില്‍ കുമ്മായം, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് കൂട്ടിക്കലര്‍ത്തുക. പിറ്റേന്ന് ചാണകപ്പൊടി അല്ലെങ്കില്‍ കോഴിക്കാഷ്ഠം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ഡോളമൈറ്റ് എന്നിവയും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക. ചകിരിച്ചോറ് ഇപ്പോള്‍ കട്ടരൂപ (കൊക്കോ പീറ്റ്)ത്തില്‍ വിപണിയില്‍ കിട്ടും. അത് വെള്ളത്തില്‍ കുതിര്‍ത്തു നന്നായി ഉണക്കി ഉപയോ ഗിക്കാം. ചകിരിച്ചോര്‍ ലഭ്യമല്ലെങ്കില്‍ തരിയുള്ള ആറ്റുമണലും ഉപയോഗിക്കാം. ചകിരിച്ചോര്‍, ആറ്റുമണല്‍ എന്നിവ ഗ്രോബാഗില്‍ വായുസഞ്ചാരം ഉണ്ടാക്കാനും വേരുപടലം നന്നായി പടര്‍ന്നിറങ്ങാനും സഹായിക്കും. മണ്ണ് കൂടിപ്പോയാല്‍ മിശ്രിതം കട്ടിയാവുകയും വായുസഞ്ചാരം ഇല്ലാതെ വരികയും വേരോട്ടം കുറയുകയും ചെയ്യും.
മേല്‍മണ്ണ്, നന്നായി പൊടിച്ച ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ ആയിരി ക്കണം. ഒരു ഗ്രോബാഗിലേക്ക് വേപ്പിന്‍പിണ്ണാക്ക് 100 ഗ്രാം, എല്ലുപൊടി 100 ഗ്രാം, നിലക്കടലപ്പിണ്ണാക്ക് 100 ഗ്രാം, ഡോളമൈറ്റ് (കുമ്മായം)50 ഗ്രാം എന്നീ തോതില്‍ ചേര്‍ക്കാം. നന്നായി ഉണങ്ങിയ കരിയിലകള്‍ കൈകൊണ്ടു നുറുക്കിയെടുത്ത് നടീല്‍മിശ്രിതത്തിനൊപ്പം ഗ്രോബാഗില്‍ നിറയ്ക്കാം. മിശ്രിതത്തിന്റെ ജലാ ഗിരണശേഷി വര്‍ധിപ്പിക്കാനും വായുസഞ്ചാരം കൂട്ടാനും വളമായും ഇത് ഉപകരിക്കും.
ഗ്രോബാഗ് നിറയ്ക്കല്‍
ഗ്രോബാഗ് നന്നായി നിവര്‍ത്തി അടിഭാഗം വട്ടത്തില്‍ ആകൃതി വരുത്താനായി അതിലേക്ക് കാല്‍ഭാഗം വള മിശ്രിതം നിറച്ച് തറയില്‍ വച്ച് ഒന്നു തട്ടുക. ശേഷം അതിലേക്ക് 70 ശതമാനംവരെ വളമിശ്രിതം സാവധാനം നിറയ്ക്കുക. കൈകൊണ്ട് അമര്‍ത്തി നിറയ്ക്കരുത്. തൈ വളര്‍ന്നുവരുന്നതിനനുസരിച്ച് വെള്ളവും വളവും നല്‍കാന്‍ വേണ്ടിയാണ് മുകള്‍ഭാഗം ഒഴിച്ചിടുന്നത്. ഇനി കവറിന്റെ അഗ്രഭാഗം രണ്ടു മൂന്ന് ഇഞ്ച് വീതിയില്‍ താഴേക്ക് മടക്കിവയ്ക്കണം. നല്ല ആകൃതി കിട്ടാനാണിത്. പിന്നീട് വളവും വെള്ളവും ചേര്‍ക്കുന്നതിനനുസരിച്ച് നിവര്‍ത്തി ഉയര്‍ത്തിക്കൊടുക്കുകയും ചെയ്യാം.
നാലിലെ പ്രായത്തില്‍ മുളപ്പിച്ച തൈകള്‍ ഗ്രോബാഗില്‍ നടുഭാഗത്തായി നടാം. ഒരു തൈ നട്ടാല്‍ മതി. വിത്താണെങ്കില്‍ മൂന്നെണ്ണം നട്ട് കരുത്തുള്ള ഒന്നു മാത്രം നിലനിര്‍ത്താം. വൈകുന്നേരം നടുന്നതാണ് നന്ന്. നട്ട് ആദ്യത്തെ മൂന്നു ദിവസം അധികം വെയില്‍ തട്ടാത്ത സ്ഥലത്തു വയ്ക്കുക. പന്തല്‍ ആവശ്യമുള്ള ചെടികള്‍ അതിനു പറ്റിയ സ്ഥലത്തു വയ്ക്കണം. പൂവാലികൊണ്ട് ഗ്രോബാഗ് നനച്ചു കൊടുക്കുക. പിറ്റേന്നുതന്നെ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത് ഗ്രോബാഗില്‍ ഒഴിച്ചു കൊടുക്കണം. കുമിള്‍ബാധ ഒഴിവാക്കുന്നതിനാണിത്. ശ്രദ്ധിക്കുക, വളമിശ്രിതം ഉണ്ടാക്കുന്ന സമയത്തു സ്യൂഡോമോണാസ് ചേര്‍ക്കരുത്.
ചെടിയുടെ വളര്‍ച്ചഘട്ടങ്ങളില്‍ പച്ചച്ചാണക തെളി, ബയോഗ്യാസ് സ്ലറി, കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും പുളിപ്പിച്ചത് എന്നിവ വളരെ നേര്‍പ്പിച്ച് മാറിമാറി ഒഴിച്ചു കൊടുക്കാം. ആഴ്ചയിലൊരിക്കല്‍ മത്തിശര്‍ക്കര മിശ്രിതവും നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍നിന്നു പരമാവധി വിട്ടിട്ട് ഒഴിച്ചു കൊടുക്കാം. ഒരുപിടി വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ അല്‍പാല്‍പം മണ്ണും ചകിരിച്ചോറും ചേര്‍ത്തു കൊടുക്കണം. ചെടിച്ചുവട്ടില്‍നിന്ന് അകറ്റി വേണം വളമിടാന്‍.
English summary: How to Use Growing Bags for Plants