ADVERTISEMENT

കേരളത്തിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഒട്ടും പരിചരണം  ഇല്ലാതെ സുലഭമായി കാണപ്പെടുന്ന പെരുവെലം (Botanical name :cleodendrum  infortunatum) എന്ന ഔഷസസ്യവും താരമാണ്. പെരുക്, വട്ടപെരുവെലം, ഒരുവേരൻ എന്നിവയാണ് മറ്റു പേരുകൾ. ഉപയോഗ ഭാഗങ്ങൾ -ഇലയും വേരുമാണ്. ഇലയുടെ രുചി കയ്പ്പാണ്. ശലഭങ്ങളെ ആകർഷിക്കുന്ന വെളുത്ത പൂക്കളാണ് ഇതിനുള്ളത്. വട്ടയില അഥവാ  പൊടിഞ്ഞി എന്നു അറിയപ്പെടുന്ന മറ്റൊരു ചെടിയുടെ ഇലയുമായി  വളരെയധികം സാമ്യം ഉണ്ടെങ്കിലും, വട്ടയില മരമായി വളരുന്നതും, വട്ടപെരുവെലം കുറ്റിച്ചെടിയായി വളരുന്നതുമാണ്.    

ഉപയോഗങ്ങൾ

വിവാഹിതരായ സ്ത്രീകളിൽ കണ്ടു വരുന്ന  കാൻസറാണ് ഗർഭാശയഗള കാൻസർ   (Cervical cancer). മറ്റു കാൻസറുകളിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്നു ചോദിച്ചാൽ കാൻസർ ആയി പരിണമിക്കുന്നതിന്  പത്തോ പതിനഞ്ചോ വർഷം മുമ്പ് തന്നെ ലക്ഷണങ്ങൾ അല്ലെങ്കിൽ HPV വൈറസ് (Human papilloma virus) ബാധിച്ച കോശങ്ങൾ കണ്ടെത്താൻ സാധിക്കും. ഈ വൈറസുകൾ ഒട്ടു മിക്ക സ്ത്രീകളിലും കാണുന്നുണ്ടെങ്കിലും രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ, മറ്റു ലക്ഷണങ്ങൾ ഉള്ളവരിൽ, ഈ വൈറസ്  പ്രതിപ്രവർത്തിക്കാൻ തുടങ്ങുന്നു. (പാപ്സ്മിയർ ടെസ്റ്റ് എന്നറിയപ്പെടുന്ന 5 മിനിറ്റിൽ താഴെയും വേദന രഹിതവുമായ ടെസ്റ്റ് ആണ് HPV വൈറസിന്റ സാന്നിധ്യം അറിയുവാൻ സഹായിക്കുന്നത് ). ഇത്തരത്തിലുള്ള ഗർഭാശയ കാൻസറിനു പെരുവലത്തിന്റെ  വേര് അത്യുത്തമമാണ്. വലുത് അല്ലെങ്കിൽ പ്രായം കൂടിയ പെരുവേരൻ ആണെങ്കിൽ വേരിന്റെ തൊലിയും  ( പ്രായം കൂടിയതുകൊണ്ട് വേര് അരയ്ക്കാൻ ബുദ്ധിമുട്ടായിരിക്കും)  ചെറിയ തൈ ആണെങ്കിൽ വേരു മുഴുവനായും തവിടുകളയാത്ത പച്ചരിയുടെ കൂടെ അരച്ചെടുത്തു  അപ്പമോ അടയോ ആയി 15 ദിവസം കഴിക്കുക. അതുപോലെതന്നെ പ്രസവാനന്തര ശുശ്രൂഷയിൽ, ഗർഭാശയ ശുദ്ധിക്ക് പണ്ടുകാലത്തുള്ളവർ മേൽപ്പറഞ്ഞതുപോലെ അപ്പം ഉണ്ടാക്കി 11 ദിവസം കഴിച്ചിരുന്നു . അതിനോടൊപ്പം തന്നെ ശരീരത്തിലെ അയഞ്ഞ മാംസപേശികളെ ബലം ഉള്ളതാക്കിത്തീർക്കുകയും ചെയ്യുന്നു.

വേരിന്റെ തൊലി കഷായംവെച്ച് കഴിക്കുന്നത് കാലപ്പഴക്കമുള്ള ആസ്തമയ്ക്ക് പോലും അത്യുത്തമമാണ്.

മൈഗ്രൈൻ അഥവാ കൊടിഞ്ഞി എന്ന അവസ്ഥയ്ക്ക് പെരുവലത്തിന്റെ തളിരില കൈവെള്ളയിൽ ഞെരടിയോ ചതച്ചോ പെരുവിരലിൽ വെച്ചു കെട്ടുക. തലവേദന വലതുവശത്ത് ആണെങ്കിൽ ഇടതുകാലിലെ പെരുവിരലും ഇടതുവശത്ത് ആണെങ്കിൽ വലതുകാലിന്റെ  പെരുവിരലും രണ്ട് വശങ്ങളിലും ഉണ്ടെങ്കിൽ രണ്ട് പെരു വിരലുകളിലും ഏഴുദിവസം വെച്ച് കെട്ടണം (മൈഗ്രൈൻ ആണോ സൈനസൈറ്റിസ് ആണോ എന്ന് തിരിച്ചറിഞ്ഞതിനുശേഷം മാത്രം ചികിത്സ ചെയ്യുക).

കുഴിനഖം ഉള്ള അവസ്ഥയിൽ മൂന്ന് തളിരില യുടെ നീര് ഇറ്റിക്കുകയോ ചതച്ചു കെട്ടി വയ്ക്കുകയോ ചെയ്യാം.    

അയ്യപ്പനയുടെ ഇലയുടെ ഗുണങ്ങളിൽ ഒന്നായ, കൊതുകും മറ്റ് പ്രാണികളും കടിച്ചുണ്ടാകുന്ന ചൊറിച്ചിലിനും, കുട്ടികളിൽ കണ്ടുവരുന്ന കരപ്പൻ എന്ന ത്വക്ക് രോഗത്തിനും പെരുവലത്തിന്റെ ഇലയുടെ നീര്  അല്ലെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണയിൽ ഇല കർക്കമാക്കി കാച്ചി ലേപനം ചെയ്യുന്നതും ഫലപ്രദമാണ്.

പൈൽസ് അഥവാ രക്താർശസ് എന്ന അവസ്ഥയ്ക്ക് പെരുവലത്തിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് ഉപ്പു കലർത്തി ചെറുചൂടിൽ ഇരിക്കുക. ഇത് ദിവസത്തിൽ രണ്ടോ മൂന്നോ നേരം ചെയ്യാവുന്നതാണ്. അതിനോടൊപ്പം തന്നെ ഇതിന്റെ ഇല ഞെരടി എടുത്ത് പൃഷ്ഠത്തിൽ വെക്കുന്നതും പൈൽസ് ചുരുങ്ങുന്നതിന് സഹായിക്കും. ( പൈൽസിന് ഉള്ളിലോട്ട് സേവിക്കുന്നതിനുള്ള  ഔഷധത്തിനായി അയ്യപ്പന ഉപയോഗിക്കാം).

പെരുവലത്തിന്റെ ഇലയ്ക്കു ഗുണങ്ങൾ വേറെയും ഉണ്ടെങ്കിലും ഇലയുടെ അധിക കയ്പ്പ് ചിലപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഗർഭിണികൾ ഉള്ളിലേക്ക് സേവിക്കുന്നതും ഉചിതമല്ല.

രോഗനിർണ്ണയവും, ഉള്ളിലേക്ക് സേവിക്കുന്ന മരുന്നുകളുടെ കാലാവധിയും സിദ്ധ അഥവാ ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക. 

English summary: More info about medicinal plant perukilam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com