ADVERTISEMENT

എംബിഎ ബിരുദം നേടി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം തൊഴുവന്‍കോട് സ്വദേശി ശരത് എസ്. കുമാര്‍ ഹൈഡ്രോപോണിക്‌സിലെത്തുന്നത് ഭാവി സാധ്യതകള്‍ ഏറെയുള്ള  സംരംഭം എന്ന കണക്കുകൂട്ടലോടെ തന്നെ. വീടിന്റെ ഒന്നാം നിലയിലെ ഒരു മുറിയിലാണ്, നാലു തട്ടുകളിലായി ഏകദേശം 1000 ചതുരശ്രയടി വിസ്തൃതിയുള്ള കൃഷിയിടം. ഇവിടെ 1000 ചെടികള്‍ക്ക് ഒരേ സമയം വളരാം.  ദിവസവും വിളവെടുക്കാനും സ്ഥിരം ഉപഭോക്താക്കള്‍ക്ക് മുടങ്ങാതെ വിതരണം ചെയ്യാനും സാധിക്കും വിധം വ്യത്യസ്ത വളര്‍ച്ചഘട്ടങ്ങളായാണ് കൃഷി ക്രമീകരിക്കുന്നതെന്ന് ശരത്. വിത്തു മുളപ്പിക്കല്‍ മുതല്‍ വിളവെടുപ്പു വരെ വിവിധ പ്രായത്തിലുള്ള ചെടികളുണ്ടാവും യൂണിറ്റില്‍.

കെയ്‌ലും ലെറ്റിയൂസുംപോലുള്ള എക്‌സോട്ടിക് പച്ചക്കറികളുടെ ഗുണമേന്മയുള്ള വിത്തു ലഭിക്കലാണ് പ്രയാസമെന്നു ശരത്. നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് വാങ്ങുന്നത്. അവയുടെ മുളയ്ക്കല്‍ ശേഷി പക്ഷേ ഓരോ തവണ വാങ്ങുമ്പോഴും ഏറിയും കുറഞ്ഞുമിരിക്കും. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഉന്നത നിലവാരമുള്ള വിത്തുകള്‍ ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മികച്ച ഉല്‍പാദനവും അതുവഴി കൂടുതല്‍ നേട്ടവും ലഭിക്കുമെന്നു ശരത്.

hitech-farming

നഴ്‌സറി ട്രേയില്‍ വിത്തുകള്‍ മുളപ്പിക്കാന്‍ ക്ലേ ബോള്‍, കൊക്കോപീറ്റ്, ഗ്രോ ക്യൂബ്‌സ് എന്നിങ്ങനെ പിഎച്ച് ന്യൂട്രല്‍ (അമ്ല ക്ഷാര സന്തുലിതം) ആയ ഏതെങ്കിലും മാധ്യമം പ്രയോജനപ്പെടുത്താം. മുളച്ച് നിശ്ചിത ദിവസം പിന്നിടുന്നതോടെ അവയെ നെറ്റ് പോട്ടിലേക്കു മാറ്റുന്നു. വെളിച്ചത്തിന്റെ തീവ്രത ക്രമീകരിച്ച് വളര്‍ച്ചനിരക്ക് നിയന്ത്രിക്കുന്നു തുടര്‍ന്നുള്ള ഘട്ടങ്ങളില്‍. ചാനലിലൂടെ ചുറ്റിയൊഴുകുന്ന പോഷകജലത്തിന്റെ നിലവാരം പരിശോധിക്കാനും നിയന്ത്രിക്കാനും സൗകര്യമുണ്ട്. വെളിച്ചത്തിനു നേരെ അതിവേഗം വളരുന്ന ഈ ഇലച്ചെടികള്‍, മുളച്ച് 36-40 ദിവസംകൊണ്ട് വിളവെടുപ്പിലെത്തും. വേരുകളുടെ ശക്തി വര്‍ധിപ്പിക്കാനും വളര്‍ച്ചവേഗം കൂട്ടാനും വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കവുന്ന മൈക്കോറൈസ കുമിള്‍ പ്രയോജനപ്പെടുത്തുന്നു. പൂര്‍ണമായല്ലെങ്കിലും സ്വയം നിയന്ത്രിത സംവിധാനമുള്ള ഹൈടെക് കൃഷിയായതിനാല്‍ത്തന്നെ മനുഷ്യാധ്വാനം കുറവ്. കൃഷിക്കും പരിപാലനത്തിനുമായി നീക്കിവയ്‌ക്കേണ്ടി വരുന്നത് കുറഞ്ഞ സമയം മാത്രമെന്നു ശരത്. 

പല വിദേശരാജ്യങ്ങളിലും ഉന്നത നിലവാരമുള്ള റസ്റ്ററന്റുകള്‍ പലതും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ ഹൈഡ്രോപോണിക്‌സില്‍ ഉല്‍പാദിപ്പിക്കുന്നതു ശീലമാക്കിയിരിക്കുന്നു. കേരളത്തിലെ ഉപരി മധ്യവര്‍ഗ ഉപഭോക്താക്കളിലേക്കു മാത്രമല്ല, സാധാരണക്കാരിലേക്കും എക്‌സോട്ടിക് പച്ചക്കറികള്‍ എത്തുന്ന കാലം വിദൂരമല്ലെന്ന് ശരത്. അതുകൊണ്ടുതന്നെ ഹൈഡ്രോപോണിക്‌സിന് കേരളത്തില്‍ മികച്ച ഭാവിയുണ്ടെന്നും ഈ യുവകര്‍ഷകന്‍ പ്രതീക്ഷിക്കുന്നു.

ഫോണ്‍: 7994677784

English summary: Hi-tech farming for exotic vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com