മണ്ണിര ടോണിക് മണ്ണിനും വിളവിനും: സ്ഥല പരിമിതിയിലും സ്ഥാപിക്കാം മണ്ണിര ടോണിക് യൂണിറ്റ്
Mail This Article
മണ്ണിരയെ ഉപയോഗിച്ചു കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി നമുക്ക് സുപരിചിതമാണ്. എന്നാൽ, ഇതേ മണ്ണിരയെ ഉപയോഗിച്ചു ദ്രവരൂപത്തിലുള്ള വെർമിവാഷ് എന്ന സസ്യ ടോണിക് ഉണ്ടാക്കുന്ന വിദ്യ പലരും അവഗണിക്കുന്നു. ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോണുകൾ, മൂലകങ്ങൾ, സൂക്ഷ്മ മൂലകങ്ങൾ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, എൻസൈമുകള്‍ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, കീടശല്യം കുറയ്ക്കുകയും വിളവളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മണ്ണിരക്കമ്പോസ്റ്റിനെപ്പോലെതന്നെ ഇതിനെ സ്വീകാര്യമാക്കുന്നത് ദുർഗന്ധമില്ല എന്ന ഗുണമാണ്. നഗരങ്ങളിലെ സ്ഥലപരിമിതിയിലും അടുക്കളമുറ്റത്തും ചെറിയ വെർമിവാഷ് യൂണിറ്റ് സ്ഥാപിക്കാം.
ആവശ്യമായ സാധനങ്ങൾ
ഒരു ബേസിൻ, മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് കുട്ട, വശങ്ങളിൽ സുഷിരങ്ങളോടു കൂടിയ ഒരു പിവിസി പൈപ്പ്, കുറച്ച് ഓടിൻ കഷണങ്ങൾ, ചകിരി, വീട്ടിലെ അടുക്കളമാലിന്യങ്ങൾ.
തയാറാക്കുന്ന വിധം
വേസ്റ്റ് ബാസ്കറ്റ് എടുത്ത് അടിയിൽ ഒരു സുഷിരം ഇടുക. എന്നിട്ട് ബേസിനിൽ കമഴ്ത്തിവയ്ക്കുക. ശേഷം ബാസ്കറ്റിൽ ഇട്ട ഹോളിലൂടെ പിവിസി പൈപ്പ് തിരുകി കയറ്റുക. ബേസിന്റെ വശങ്ങളിൽ ഓടിൻകഷണങ്ങൾ ഇടുക. അതിനു മുകളിലായി ചകിരി നിരത്തുക. ഇതിനു മേൽ പഴകിയ അടുക്കളമാലിന്യം വിതറുക. അതിനു മുകളിലായി മണ്ണിരയെ നിക്ഷേപിക്കുക. ഈ യൂണിറ്റിൽ കുറഞ്ഞത് 1000 മണ്ണിര വേണം. നമ്മുടെ നാട്ടിൽ സുലഭമായ ആഫ്രിക്കൻ മണ്ണിരയാണ് യോജ്യം. ഇതിൽ ദിവസേന ഖരമാലിന്യങ്ങൾ ഇടുക. ഒരാഴ്ച കഴിയുമ്പോൾ അവശിഷ്ടങ്ങള്‍ കറുത്ത കംപോസ്റ്റായി മാറും. 15 ദിവസം കഴിയുമ്പോൾത ന്നെ വെർമിവാഷ് ശേഖരിച്ചു തുടങ്ങാം. അതിനായി 2 ലീറ്റർ വെള്ളം ബേസിനിൽ ഒഴിക്കുക. അടുത്ത ദിവസം ഒരു സെഫൺ പമ്പ് പൈപ്പിനകത്തുകൂടെ ഘടിപ്പിച്ചാൽ വെർമിവാഷ് ലഭിക്കും.
ഉപയോഗക്രമം
വെർമിവാഷ് നെല്ലിന്റെ ഞാറ്റടിയിലും എല്ലാ പച്ചക്കറികളിലും അലങ്കാര ചെടികളിലും ഉപയോഗിക്കാം. ഇത് ചെടികൾക്കു പെട്ടെന്നു വലിച്ചെടുക്കാം. എളുപ്പം ഫലവും കിട്ടും.
റൂട്ട് ഡിപ്/ സ്റ്റെം ഡിപ്പ്
നടുന്നതിന് മുന്‍പ് തൈകൾ 10–15% വെർമിവാഷ് ലായനിയിൽ 15–20 മിനിറ്റ് മുക്കി നടാം. അതുപോലെ ലായനിയിൽ വേര് അല്ലെങ്കിൽ ചെടിയുടെ വേര് വരേണ്ട ഭാഗം വെട്ടിയെടുത്തുവച്ച ശേഷം ഉപയോഗിക്കാം.
ഫോളിയർ സ്പ്രേ
10–15% (8 മടങ്ങ് വെള്ളം ചേർക്കുക) നേർപ്പിച്ച ശേഷം വെർമിവാഷ് ഇലകളിൽ തളിക്കാം.
മണ്ണിന്റെ പ്രയോഗം
മണ്ണില്‍ ഉപയോഗിക്കുന്നത് വിള സസ്യങ്ങളുടെ പോഷകമൂല്യം വർധിപ്പിക്കുകയും അതു വഴി വിളകൾക്ക് പ്രകൃതിദത്ത വളമായി മാറുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക, യൂണിറ്റ് തണലത്തു വയ്ക്കണം. ആവശ്യമുള്ള ഈർപ്പം നിലനിർത്തുക. എലി, ഉറുമ്പ്, പക്ഷികള്‍ എന്നിവയുടെ ശല്യം ഇല്ലാതെ നോക്കുക.
English summary: Preparation and Advantages of Vermiwash