തുള്ളിനന: ജലം ലാഭിക്കാം, സമയവും
Mail This Article
വർഷങ്ങളായി കേൾക്കുന്ന ആശയമാണെങ്കിലും കേരളത്തിൽ തുള്ളിനന ഇനിയും വ്യാപകമാകേണ്ടതുണ്ട്. വിശേഷിച്ച് കാലാവസ്ഥക്കെടുതികൾ വർധിക്കുന്ന സാഹചര്യത്തിൽ. വലിയ കൃഷിയിടങ്ങളിൽ മാത്രമല്ല, ചെറിയ അടുക്കളത്തോട്ടങ്ങളിൽപോലും തുള്ളിനനയ്ക്ക് പ്രസക്തിയേറെ. ജലം മാത്രമല്ല, സമയവും അധ്വാനവും ലാഭിക്കാൻ സഹായകമായ ഇത്തരം തുള്ളിനന സംവിധാനങ്ങൾ പാർട് ടൈം കർഷകരേറെയുള്ള കേരളത്തിന് ഏറെ യോജ്യമാണ്. രണ്ടു തുള്ളിനന സംവിധാനങ്ങൾക്കും സർക്കാർ സബ്സിഡിയും ലഭ്യമാണ്. അടുക്കളത്തോട്ടങ്ങൾക്കുള്ള ഫാമിലി ഡ്രിപ് സംവിധാനത്തിനു സബ്സിഡി കൃഷിഭവനുകൾ വഴിയും വലിയ കൃഷിയിടങ്ങൾക്കുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതി അഗ്രിക്കൾച്ചർ എൻജിനീയറിങ് വകുപ്പ് വഴിയുമാണ് നടപ്പാക്കുന്നത്.
ഫാമിലി ഡ്രിപ്
അടുക്കളത്തോട്ടങ്ങളിൽ തുള്ളിനന സംവിധാനം ആഗ്രഹിക്കുന്നവർക്ക് യോജിച്ചതാണ് ഫാമിലി ഡ്രിപ്. ചെറുടാങ്കുകളിൽനിന്നു ഗ്രോബാഗിലും ബെഡുകളിലുമൊക്കെ വളരുന്ന പച്ചക്കറിവിളകളുടെ ചുവട്ടിലേക്ക് കുഴലുകളിലൂടെ വെള്ളമെത്തിക്കുന്ന രീതിയാണിത്. വെള്ളത്തോടൊപ്പം രാസപോഷകങ്ങളും മറ്റും കലർത്തി നൽ കുകയുമാവാം. മട്ടുപ്പാവുകളിൽ പച്ചക്കറിക്കൃഷി ചെയ്യുന്നവർക്കും ഇത് പ്രയോജനപ്പെടും. ഓവർഹെഡ് ടാങ്കും വിതരണശൃംഖലയുമടങ്ങുന്ന ഫാമിലി ഡ്രിപ് സംവിധാനത്തിനു സര്‍ക്കാര്‍ പദ്ധതിപ്രകാരം പരമാവധി 10,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതിന്റെ 75 ശതമാനം സബ്സിഡിയായി ലഭിക്കും. താൽപര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.
തുള്ളിനന– 80 ശതമാനം സബ്സിഡി
തുള്ളിനന സംവിധാനം കൃഷിയിടങ്ങളിൽ സ്ഥാപിക്കാൻ ആഗ്രഹിക്കു ന്നവർക്ക് ഇപ്പോൾ സുവർണാവസരം. 80 ശതമാനം സബിസിഡിയാണ് ഇത്തരം സൂക്ഷ്മനന രീതികൾക്ക് ഇപ്പോഴുള്ളത്. കൃഷിഭവനുകൾ വഴി നടപ്പാക്കിയിരുന്ന ഈ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഈ വർഷം മുതൽ സംസ്ഥാന കാർഷിക എൻജിനീയറിങ് വകുപ്പിനെ ഏൽപിച്ചിരിക്കുകയാണ്. ജില്ലകൾ തോറുമുള്ള കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫിസർമാർക്കാണ് ഇതിനായി അപേക്ഷ നൽകേണ്ടത്. 80 ശതമാനം സബ്സിഡി പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സർക്കാർ മാനദണ്ഡപ്രകാരം പറയുന്ന മുടക്കുമുതലിനെക്കാൾ കൂടുതൽ തുക ചെലവാക്കേണ്ടിവരുമെന്നു മറക്കരുത്. യൂണിറ്റ് സ്ഥലത്തേക്കു വിളകൾക്ക് അനുവദനീയമായ ഇടയകലമനുസരിച്ചാണ് അധികൃതർ പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ഇത് പലപ്പോഴും യഥാർഥ ചെലവിനെക്കാൾ കുറവായിരിക്കും. എങ്കിൽപോലും മുടക്കുമുതലിന്റെ ഗണ്യമായ ഭാഗം സർക്കാർ ഏറ്റെടുക്കുമെന്ന കാര്യം മറക്കാതിരിക്കാം. പാസ്പോർട്ട് സൈസ് ഫോട്ടോ, കരമടച്ച രസീത്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ തലത്തിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ നൽകണം.
English summary: Drip Irrigation Scheme for Farmers