ADVERTISEMENT

കോട്ടയം കലക്ടറേറ്റിനു സമീപം കരിപ്പുറം വീടിന്റെ പിന്നാമ്പുറത്തുള്ള പച്ചക്കറിത്തോട്ടത്തെ കിച്ചണ്‍ പാര്‍ക്കെന്നു വിളിക്കാം. അത്രമാത്രം സുന്ദരവും ക്രമീകൃതവുമാണ് ഈ കൃഷിയിടം. നിലം നിരപ്പാക്കിയശേഷം മള്‍ചിങ് ഷീറ്റ് പുതച്ച പാര്‍ക്കിലൂടെ തട്ടിവീഴുമെന്ന ഭീതിയില്ലാതെ നടക്കാം. നിശ്ചിത സ്ഥാനങ്ങളില്‍ ഷീറ്റ് മുറിച്ചുമാറ്റി  പലതരം പച്ചക്കറിവിളകള്‍ നട്ടിരിക്കുന്നു. വിവിധ ആകൃതികളില്‍ ചകിരിത്തൊണ്ട് അടുക്കി അതിരിട്ടതിനാല്‍ ചെടിച്ചുവട്ടിലെ മണ്ണ് പുറത്തേക്കു പോകില്ല. 

വീട്ടിലെത്തുന്ന അതിഥികള്‍പോലും ഉല്ലാസത്തിനായി  പോഷകത്തോട്ടത്തിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങിയതോടെ ഗൃഹനാഥയായ ഗീതാ ജോര്‍ജിനും സന്തോഷം. കാലില്‍ മണ്ണു പറ്റാതിരിക്കാനല്ല, പുല്ലും കളയും ഒഴിവാക്കാനാണ് ഷീറ്റ് വിരിച്ചതെന്ന് അവര്‍ പറഞ്ഞു. ഇഴജന്തുക്കളുടെ ശല്യം തടയാനും  ഈ പരിഷ്‌കാരം സഹായകം. ഷീറ്റിലൂടെ താഴേക്കിറങ്ങുമെന്നതിനാല്‍ വെള്ളം കെട്ടിക്കിടക്കുമെന്ന ഭീതിയും വേ ണ്ട.  

സ്വയം പരിപാലിച്ചുവന്ന പോഷകത്തോട്ടം ഭംഗിയാക്കാനായി തൃക്കൊടിത്താനം സ്വദേശി മണിക്കുട്ടനെ ഏല്‍പിച്ചതോടെയാണ് ഈ മാറ്റമെന്നു ഗീതാ ജോര്‍ജ് പറഞ്ഞു. പുല്ലു വളരാതിരിക്കാന്‍ ഇടനിലങ്ങളില്‍  പുതയിടുകയെന്ന ആശയം അദ്ദേഹത്തിന്റേതാണ്. പ്രാരംഭ മുതല്‍മുടക്ക് കൂടുമെങ്കിലും സൗകര്യം പരിഗണിച്ചു സമ്മതിക്കുകയായിരുന്നു. ഇതോടെ കളശല്യം ഏറക്കുറെ പൂര്‍ണമായി ഇല്ലാതായി. ചെടിച്ചുവട്ടിലെ പുല്ല് മാത്രമേ ഇപ്പോള്‍ പറിച്ചുനീക്കേണ്ടതുള്ളൂ.  

സായാഹ്നങ്ങളില്‍ നടക്കാനും ഇരുന്നു സംസാരിക്കാനുമുള്ള ഇടമായി അടുക്കളത്തോട്ടം മാറിയെന്നതാണ് സന്തോഷമെന്നു ഗീതാ ജോര്‍ജ്. അതിനിടെ ചെടിച്ചുവട്ടിലെ കളകള്‍ പറിച്ചുനീക്കും. ഷീറ്റിനു മീതേ മണ്ണും പൊടിയുമൊക്കെ വീണാലും ചൂലുകൊണ്ട് എളുപ്പം വൃത്തിയാക്കാം. പുത വിരിക്കുക മാത്രമല്ല, മണിക്കുട്ടന്‍ ചെയ്തത്. അടുക്കളത്തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ജൈവ മാലിന്യങ്ങള്‍ക്കായി പ്രത്യേക ടാങ്കും  സ്ഥാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി കൂടുകള്‍ നിരത്തുക കൂടി ചെയ്തതോടെ അടുക്കളത്തോട്ടം വേറെ ലെവലായി. 

kitchen-park-2
മണിക്കുട്ടന്‍

പുതയിടാന്‍ പുതിയ രീതി  

കളശല്യം ഒഴിവാക്കാനാണ് പൊതുവെ വിളകളുടെ ചുവട്ടില്‍ പുതയിടുന്നത്. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനും ഉപകരിക്കും. പുതയിടുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിനടിയിലൂടെ തുള്ളിനന സംവിധാനം വേണ്ടി വരും. അല്ലാത്തപക്ഷം പുത ഉയര്‍ത്തിമാറ്റിയിട്ടുവേണം നന. പുതയില്ലാത്ത ഭാഗങ്ങളില്‍ കള വളരുകയും ചെയ്യും. അടുക്കളത്തോട്ടവും പുരയിടവുമൊക്കെയുള്ളവരുടെ നിത്യ തലവേദനയാണു കളയെടുപ്പ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് തന്റെ പുതയിടല്‍ ശൈലിയെന്നു മണിക്കുട്ടന്‍. 

വിളകളുടെ ചുവടുഭാഗമൊഴികെ ബാക്കി സ്ഥലമാകെ ഷീറ്റ് വിരിക്കുന്നു. അടുക്കളത്തോട്ടമാകെ ചെത്തി നിരപ്പാക്കിയ ശേഷമാണ് ഷീറ്റുവിരിക്കുക. ഷീറ്റുകള്‍ തമ്മില്‍ തുന്നിച്ചേര്‍ക്കുകയും ചെയ്യും. വിളകളുടെ ചുവട്ടില്‍ മാത്രം ഷീറ്റ് മുറിച്ചു നീക്കും. തന്മൂലം ഹോസ് ഉപയോഗിച്ച് അനായാസം ചുവട് നനയ്ക്കാം. ചൂ ലുപയോഗിച്ച്  വൃത്തിയാക്കാനും എളുപ്പം. വൃത്തം, ചതുരം, ത്രികോണം, നക്ഷത്രം എന്നിങ്ങനെ വ്യത്യ സ്ത രൂപങ്ങളില്‍ ഷീറ്റ് മുറിച്ചുനീക്കി െവെവിധ്യമൊരുക്കാനും മണിക്കുട്ടന്‍ ശ്രദ്ധിക്കാറുണ്ട്. വര്‍ഷങ്ങളായി കേരളത്തിലുടനീളം അടുക്കളത്തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും തയാറാക്കി നല്‍കുന്ന ഇദ്ദേഹം യുട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും ശ്രദ്ധാകേന്ദ്രമാണ്. പുത വിരിക്കല്‍ മാത്രമല്ല, അടുക്കളത്തോട്ടവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇദ്ദേഹം ചെയ്തുകൊടുക്കും.

ഫോൺ: 9567491921

English summary:  Kitchen Park at Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com