ADVERTISEMENT

മൂന്നാം നിലയുടെ മുകളിലേക്കുള്ള നടപ്പ് അൽപം ആയാസം തന്നെ, മുകളിലെത്തുന്നവർ പക്ഷേ ‘ഈ നഗരമധ്യത്തിൽ ഇത്ര വിശാലമായൊരു പച്ചക്കറിത്തോട്ടമുണ്ടായിരുന്നോ’ എന്ന് ആശ്ചര്യം കൊള്ളും. ഇടുക്കി ജില്ലയിൽ തൊടുപുഴ ടൗണിന്റെ നടുമുറ്റത്താണ് മംഗലം വീട്ടിൽ പുന്നൂസ് ജേക്കബിന്റെ പച്ചക്കറിത്തോട്ടം. 10 വർഷം മുൻപ് കൗതുകത്തിനു തുടങ്ങിയതാണെങ്കിലും ബ്രാൻഡ് ചെയ്തുള്ള വിൽപനയിലേക്കും ജില്ലയിലെ മികച്ച മട്ടുപ്പാവു കർഷകനുള്ള സര്‍ക്കാര്‍ പുരസ്കാരനേട്ടത്തിലേക്കും വളർന്നിരിക്കുന്നു പുന്നൂസ്. 

മൂവായിരം ചതുരശ്രയടി ടെറസ്സിൽ 500 ഗ്രോബാഗ് വരെ വയ്ക്കാം. വീടിനു മുന്നിൽ റോഡിന് അഭിമുഖമായുള്ള വാണിജ്യക്കെട്ടിടത്തിന്റെ ടെറസ്സിലാണ് കൃഷി, കൃഷിവകുപ്പിന്റെ സബ്സിഡിയോടെ  6 വർഷം മുൻപ് ഒരുക്കിയ മഴമറയുടെ സുരക്ഷിതത്വത്തില്‍. കൃഷി തുടങ്ങുന്ന കാലത്ത് മൂന്നാം നിലയുടെ മുകളിലേക്ക് എത്തിച്ച മണ്ണുതന്നെ ഇപ്പോഴും  പ്രയോജനപ്പെടുത്തുന്നതെന്നു പുന്നൂസ്. 

terrace-farming-punnoose1
സ്റ്റാൻഡിൽ ഗ്രോബാഗ് വച്ചിരിക്കുന്നു

നടീൽ മിശ്രിതം

നഗരങ്ങളിലെ ടെറസ് കർഷകര്‍ക്കു നല്ല മണ്ണു ലഭിക്കുക എളുപ്പമല്ല. കിട്ടിയാൽ അതു ചുമന്നു മുകളിലെത്തിക്കുന്നത് ഏറെ പ്രയാസം. ഒരിക്കൽ മുകളിലെത്തിച്ച മണ്ണിന് ഇടയ്ക്കു വിശ്രമം നൽകിയും വീണ്ടും വളം ചേർത്തും ഉപയോഗിക്കുകയാണ് പുന്നൂസ്. മണ്ണ്, വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേരുന്നതാണ്  നടീൽമിശ്രിതം. മിശ്രിതത്തിൽ ചാണകം ചേർക്കാറില്ല. തൈ വളരാൻ തുടങ്ങുന്നതോടെ നാടൻപശുവിന്റെ ചാണകം ഉപയോഗിച്ചുണ്ടാക്കിയ ജീവാമൃതം ആഴ്ചയിലൊരിക്കൽ നൽകും. 

ഒരു ബാച്ച് കഴിയുമ്പോള്‍ ഗ്രോബാഗുകളിലെ നടീൽമിശ്രിതമത്രയും മൂലയ്ക്ക്  കൂട്ടിയിടുന്നു. ഇനി മണ്ണിനു വിശ്രമവേളയാണ്.  അപ്പോഴേക്കും മുൻപത്തെ ബാച്ചിന് ഉപയോഗിച്ച മണ്ണ് കുമ്മായം ചേർത്തു പുളിപ്പു നീക്കിയും വളങ്ങൾ ചേർത്തു സമ്പുഷ്ടീകരിച്ചും തയാറാക്കിയിട്ടുണ്ടാവും.  നടീൽമിശ്രിതം ഇങ്ങനെ മാറിമാറി ഉപയോഗിക്കുന്നതുകൊണ്ട് ഏറെ നേട്ടങ്ങളുണ്ട്. പുതിയ മണ്ണ് എത്തിക്കുന്നതിന്റെ അധ്വാനം വേണ്ട. പുതിയ സമ്പുഷ്ട നടീൽമിശ്രിതം വിളവു കൂട്ടുന്നു.

കൃഷിത്തുടക്കത്തിൽ ഗ്രോബാഗിന്റെ പകുതിയേ  മിശ്രിതം നിറയ്ക്കൂ. തൈ നട്ട ശേഷം മിശ്രിതം മൂടും വിധം മുറ്റത്തുനിന്നു ശേഖരിച്ച മാവില ചുറ്റും വിതറും. മാവിന്റെ കരിയില വിതറുന്നത് പച്ചക്കറിവളർച്ചയ്ക്കു ഗുണകരമെന്നു പുന്നൂസ്. ചെടി വളരുന്നതോടെ കരിയില നീക്കി മണ്ണിട്ട് വീണ്ടും കരിയില കൊണ്ടു മൂടും. അങ്ങനെ ചെടിയുടെ വേരോട്ടത്തിനും വളർച്ചയ്ക്കും അനുസൃതമായി ഗ്രോബാഗ് പടിപടിയായി നിറച്ചുകൊണ്ടു വരുന്നു.

terrace-farming-punnoose-2
ഗ്രോബാഗ് നിരത്തിയിരിക്കുന്നു

പരിപാലനം

തറയിൽനിന്ന് ഒന്നരയടിയോളം പൊക്കത്തില്‍ ഇരുമ്പു സ്റ്റാൻഡിലാണ് ഗ്രോബാഗുകൾ. തട്ടിനു മുകളിൽ മണ്ണുകൊണ്ടുള്ള പഴയ മേച്ചിൽ ഓടുവച്ച് അതിനു മുകളിലാണ് ഇവ വയ്ക്കുക. ഗ്രോ ബാഗിൽ നനയ്ക്കുമ്പോൾ ഊർന്നിറങ്ങുന്ന  അധിക ജലം ഓട്  വലിച്ചെടുത്തുകൊള്ളും. നടീൽമിശ്രിതത്തിന് എപ്പോഴും ഈർപ്പം കാണുകയും ചെയ്യും. കൃഷിയിടം മുഴുവൻ തുള്ളിനന സംവിധാനം ഉണ്ടെങ്കിലും പൂവാളിനനയാണ് പുന്നൂസിനു സ്വീകാര്യം. ഗ്രോബാഗില്‍  വെള്ളം വീഴുന്ന ഭാഗത്തൊഴികെയുള്ള മണ്ണ് വരണ്ടു കിടക്കും എന്നതാണ് തുള്ളിനനയുടെ പ്രശ്നമെന്നു പുന്നൂസ്.

ഒരു ആഴ്ചയിലെ പരിപാലനത്തിന്റെ സമയക്രമം ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട്. ജൈവ സ്ലറി, ഫിഷ് അമിനോ ആസിഡ് എന്നിങ്ങനെ ഓരോ ദിവസവും കൃത്യമായ പരിപാലനമുറകൾ. കീടങ്ങളെ കുരുക്കാൻ മഞ്ഞക്കെണിയും ഫെറമോൺ ട്രാപ്പും. വടക്കുകിഴക്കൻ സംസ്ഥാനങ്ങ ളിൽ കൃഷി ചെയ്യുന്ന ഭൂത് മിർച്ചിയാണ് കീടങ്ങൾക്കെതിരെ അറ്റകൈ പ്രയോഗം.  ലോകത്തിലെ തന്നെ ഏറ്റവും എരിവേറിയ മുളകിനങ്ങളുടെ പട്ടികയിലുള്ള ഭൂത് മിർച്ചിയുടെ ഏതാനും തൈകൾ നട്ടുവളർത്തി അതിന്റെ മുളക് പൊടിപ്പിച്ചെടുത്ത് വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്തത്  മികച്ച ഫലം നൽകി.

terrace-farming-punnoose-3

വിള, വിൽപന

വിഎഫ്പിസികെയുടെ വാഴക്കുളം നടുക്കരയിൽനിന്നു വാങ്ങുന്ന ഹൈബ്രിഡ് പച്ചക്കറിത്തൈകളാണ് നടുന്നത്. പ്രാദേശിക ഡിമാൻഡുള്ള തക്കാളി, വെണ്ട, വഴുതന, മുളക്, പയർ എന്നിവയാണ് മുഖ്യ ഇനങ്ങൾ. കോവലും പടവലവും താഴെ പുരയിടത്തിൽ പന്തലിൽ കൃഷി ചെയ്യുന്നു.  വെള്ളരിയിനത്തിൽപ്പെട്ട സുക്കിനിപോലുള്ള വിദേശ വിളകളും  ടെറസ്സിലുണ്ട്.  

terrace-farming-punnoose-4

ടൗണിലെ മാർജിൻ ഫ്രീ മാർക്കറ്റാണ് മുഖ്യ വിപണി. ഉൽപന്നങ്ങൾ മംഗലം ഫാംസ് എന്ന ബ്രാൻഡ് പതിപ്പിച്ച് പായ്ക്കറ്റിലാക്കി എത്തിക്കുന്നു. വിലയിൽ നീക്കുപോക്കില്ല. കൃഷിച്ചെലവും കർഷകന്റെ അധ്വാനമൂല്യവും കണക്കാക്കി പുന്നൂസ് തന്നെ വില നിശ്ചയിക്കുന്നു. വിപണിയിൽ തക്കാളി വില കിലോ 10 രൂപയായി താഴ്ന്നാലും 100 രൂപവരെ ഉയര്‍ന്നാലും  മംഗലം ഫാംസിന്റെ തക്കാളിവില കിലോയ്ക്ക് 90 രൂപ. ഈ വഴിക്കു തന്നെ മറ്റിനങ്ങളുടെയും വിലയും മൂല്യവും.

ഫോൺ: 9447155044

English summary: Organic farming on a 3,000 Sq. ft Terrace 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com