ഓരോ ചുവടിലും 30–40 കിലോ വിളവ്: തൂക്കത്തിലും ലാഭത്തിലും നേട്ടമായി സുമോ കപ്പ
Mail This Article
പാലക്കാട് ജില്ലയിൽ ഷൊർണൂർ കുളപ്പുള്ളി അടവക്കാട് വീട്ടിൽ അജിത് കുമാറിന്റെ മുഖ്യ വിളകൾ കൂവയും കസ്തൂരി മഞ്ഞളുമാണ്. ഒപ്പം പരിമിത തോതിൽ കപ്പയും. എന്നാൽ ഈ വർഷം പരീക്ഷിച്ച സുമോയിനം പുതിയ ലാഭസാധ്യത പഠിപ്പിച്ചെന്ന് അജിത്. 500 ചുവട് സുമോയാണ് പരീക്ഷണാർഥം കഴിഞ്ഞ വർഷം നട്ടത്. ഓരോ ചുവടിലും 30 കിലോ മുതൽ 40 കിലോ വരെ വിളവ്. മികച്ച പരിപാലനമെങ്കിൽ സുമോ 100 കിലോ വരെ വിളയുമെന്നാണു കണക്ക്. ഏതായാലും മികച്ച വിളവും കിലോ 30–35 രൂപ വിലയും ചേർന്നതോടെ കപ്പക്കൃഷി നിനച്ചിരിക്കാതെ മികച്ച ലാഭം നൽകിയെന്ന് അജിത്.
വിളവു കൂടുതലാണെങ്കിലും സുമോ കൂടുതൽ നേട്ടമെന്നു പറയാനാവില്ല. കിഴങ്ങിനു നീണ്ടു വളരാൻ പാകത്തിന് വലിയ കൂമ്പൽ അല്ലെങ്കിൽ വാരം തയാറാക്കണം. ഓരോ കപ്പയും തമ്മിൽ ശരാശരി 5 അടി അകലവും നൽകേണ്ടി വരും. അതോടെ ഏക്കറിലെ എണ്ണം ഗണ്യമായി കുറയും. ശിഖരങ്ങളുമായി പടർന്നു നിൽക്കുന്നതിനാൽ ഇടയകലം കുറഞ്ഞാൽ ഇടയിലൂടെ നടക്കുന്നതും പ്രയാസം. അതേസമയം മറ്റ് ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച നൂറും രുചിയും പാചകഗുണവും സുമോയ്ക്കുണ്ടെന്ന് അജിത് പറയുന്നു.
ഫോൺ: 9446235354