ആരും കൊതിക്കും തക്കാളിപ്പഴങ്ങൾ: അനായാസം നിർമിക്കാം വീട്ടിലൊരു അടിപൊളി തക്കാളിപ്പന്തൽ
Mail This Article
ചിത്രങ്ങൾ കാണുമ്പോൾ ഏതെങ്കിലും വിദേശരാജ്യത്ത് നൂതന കൃഷിരീതിയിലൂടെ വിളയിച്ച തക്കാളിപ്പഴങ്ങളാണെന്നു തോന്നിയാൽ തെറ്റി. ഒരു വീട്ടമ്മയുടെ വീട്ടുമുറ്റത്ത് വിളഞ്ഞവയാണിവ. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി കൊച്ചുവീട്ടിൽ ദീപാ ഷാജു കൃഷിചെയ്ത് വിളയിച്ചെടുത്ത രുചിയേറും തക്കാളിപ്പഴങ്ങൾ! വലിയ പരിചരണമൊന്നും ഇല്ലാതെതന്നെ ഇവ അനായാസം കൃഷി ചെയ്യാമെന്ന് ദീപ പറയുന്നു. തക്കാളി കൃഷി ചെയ്യുന്ന രീതി ദീപ കർഷകശ്രീ ഓൺലൈനിന്റെ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.
മണ്ണിൽ തടമെടുത്തും ഗ്രോബാഗിലുമാണ് കൃഷിചെയ്യുന്നത്. തടത്തിൽ ഡോളോമൈറ്റും കംപോസ്റ്റും ചേർത്താണ് തക്കാളിത്തൈ നടുക. മണ്ണും കംപോസ്റ്റും ഡോളോമൈറ്റും കംപോസ്റ്റ് ചെയ്ത ചകിരിച്ചോറും ചേർത്താണ് ഗ്രോബാഗിൽ തൈകൾ നടാറ്. ഹൈബ്രിഡ് വിത്താണ് ഉപയോഗിക്കുന്നത്.
ആഴ്ചയിലൊരിക്കൽ വളങ്ങൾ ലീച്ച് ചെയ്ത് (പുളിപ്പിച്ച്) തടത്തിൽ ഒഴിച്ചു കൊടുക്കാറുണ്ട്. ഇതിനായി ചാണകം, ഗോമൂത്രം, പിണ്ണാക്ക്, എല്ലുപൊടി, വേപ്പും പിണ്ണാക്ക് ഇവയെല്ലാം ഉപയോഗിക്കുന്നു. വളം ചാണകം, ആട്ടിൻകാഷ്ഠം, കോഴിവളം, റോക്ക് ഫോസ്ഫേറ്റ്, എല്ലുപൊടി, കരിയിലകൾ, പച്ചിലകൾ, പച്ചക്കറി–പഴവേസ്റ്റുകൾ, മുട്ടത്തോട് ഇവയെല്ലാം ചേർത്ത് അടിപൊളി കംപോസ്റ്റ് ഉണ്ടാക്കിയാണ് കൃഷി ചെയ്യുന്നത്. ഈ കംപോസ്റ്റ് ചെടികൾ വളരുന്നതിനനുസരിച്ച് തടത്തിൽ ചേർക്കാറുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഓർഗാനിക് കീടനാശിനി (നീം ഓയിൽ) ഉപയോഗിക്കുന്നു. അതിനാൽ കീടബാധയില്ല. തക്കാളി ചെറിയ പന്തലിൽ ആണ് പടർത്തിയിരിക്കുന്നത്. അതിനാൽ ഒടിഞ്ഞു പോകുമെന്ന് പേടിക്കേണ്ട ആവശ്യവുമില്ല.