ADVERTISEMENT

ഊട്ടിയിൽനിന്നാണ് മുഖ്യമായും കേരളത്തിലേക്കു ബട്ടൺ മഷ്റൂം എത്തുന്നത്. സൂക്ഷിപ്പുകാലം കൂടുതലുള്ളതിനാല്‍ കൂൺവിഭവങ്ങൾ വിളമ്പുന്ന മുന്തിയ ഹോട്ടലുകളാണ് മുഖ്യമായും ഉപഭോക്താക്കൾ. സാധാരണ ഉപഭോക്താക്കൾ ചിപ്പിക്കൂണിന്റെ അത്രയും പരിചയപ്പെടാത്ത ഇനമാണ് ബട്ടൺ കൂൺ. ലഭ്യതക്കുറവാണ് കാരണം. എന്നാലിപ്പോൾ തണുപ്പേറിയ മലനിരകളിൽനിന്ന് താഴ്‌വരകളിലേക്കും ബട്ടൺ ഇനം കൂൺകൃഷി എത്തുന്നു.

കോട്ടയം മോനിപ്പള്ളി നടുവിലേടത്ത് ജോർജ് പോൾ 2000 ബെഡിലാണ് ബട്ടൺ മഷ്റൂം വിളയി ച്ചു വിജയകരമായി വിപണി നേടുന്നത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിർമാണമേഖലയിൽ ദീർഘകാലം കോൺട്രാക്ടറായിരുന്നു ജോർജ് പോൾ. അവിടെ വിപുലമായ തോതിൽ കൃഷി ചെയ്തിരുന്നു. നാട്ടിൽ തിരിച്ചെത്തി സ്വസ്ഥമായപ്പോൾ കൃഷിതാൽപര്യം വീണ്ടും സജീവമായി. അങ്ങനെയാണ് ശീതീകരിച്ച ഷെഡിൽ ബട്ടൺ മഷ്റൂം കൃഷി തുടങ്ങുന്നത്. ആദ്യ ബാച്ച് കൃഷിയും വിപണനവും വിജയമായതോടെ കൂൺപുരയുടെ വിസ്തൃതിയും ബെഡുകളുടെ എണ്ണവും കൂട്ടി. നിലവിൽ 2 നിലകളിലായി 320 ചതുരശ്രയടി വീതം വരുന്ന കൂൺപുരയിൽ 2000 ബെഡുകള്‍. രണ്ടിലും വീടുകളില്‍ ഉപയോഗിക്കുന്ന എസി യൂണിറ്റ് തന്നെ  പ്രയോജനപ്പെടുത്തുന്നു. കാർഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് സബ്സിഡിയുള്ളതിനാൽ ചെലവ്  2 മാസം കൂടുമ്പോൾ ശരാശരി 3000 രൂപയിലൊതുങ്ങും.

button-mushroom-4

കൂൺകൃഷിയിൽ തുടക്കമായതിനാൽ  കംപോസ്റ്റ് ബെഡുകൾ തമിഴ്നാട്ടിൽനിന്നു വാങ്ങുകയാണ്. ചിപ്പിക്കൂണിൽനിന്നു വുത്യസ്തമാണ് ബട്ടൺ മഷ്റൂമിന്റെ ബെഡ് നിർമാണം. െവെക്കോൽ, കോഴിക്കാഷ്ഠം, യൂറിയ തുടങ്ങിയവയെല്ലാം ചേർന്ന, അണുനാശം വരുത്തിയ കംപോസ്റ്റാണ് നടീൽ മാധ്യമം. അതിൽ കൂൺ വിത്ത് വിതറി, ദ്വാരങ്ങളിട്ട ബെഡിലാക്കിയാണ് തമിഴിനാട്ടിൽനിന്നെത്തുന്നത്. നിലവിൽ 130 രൂപ  ഒരു ബെഡിന് ഈടാക്കുന്നു. ഈ ബെഡ് ആദ്യ 20 ദിവസം 23–28 ഡിഗ്രി താപനിലയിൽ സൂക്ഷിക്കും. ഈ കാലയളവിൽ കൂൺതന്തുക്കൾ (mycelium)) ബെഡിൽ പടർന്ന് നിറയും. തുടർന്ന് കെയ്സിങ്. 

button-mushroom-2

കൂണിന് നടീൽമിശ്രിതത്തിൽ ഉറച്ചുനിന്നു വളരാനുള്ള സൗകര്യമാണ് കെയ്സിങ്. ചകിരിച്ചോറ്, ഉമിക്കരി എന്നിവ ചേർന്ന മിശ്രിതം ഒന്നര ഇഞ്ച് കനത്തിൽ വിതറുന്നതാണ് കെയ്സിങ്. ഉമിക്കരിക്കു പകരം ചാണകപ്പൊടിയോ മണ്ണോ ഒക്കെയാവാമെന്നു ജോർജ്. പ്രാദേശികമായി ഉമിക്കരി ലഭ്യമായതിനാൽ അത് ഉപയോഗിക്കുന്നുവെന്നു മാത്രം. തുടർന്ന് താപനില 15–18 ഡിഗ്രിയിലേക്കു താഴ്ത്തുന്നു. ഈ രീതിയിൽ രണ്ടാഴ്ച കൂടി പിന്നിടുന്നതോടെ ആദ്യ ഘട്ട ബട്ടൺ വിളവെടുപ്പു തുടങ്ങും. 35–40 ദിവസം നീളും വിളവെടുപ്പു കാലം. ഇക്കാലയളവിൽ ഒരു ബെഡിൽനിന്ന് ശരാശരി രണ്ടര കിലോ കൂൺ ലഭിക്കും. 4 കിലോയ്ക്കു മുകളിൽ വിളഞ്ഞ ബെഡുകളുമുണ്ടെന്ന് ജോർജ്.  സൂക്ഷിപ്പുകാലം അഞ്ചു ദിവസം വരെ നീളുമെന്നതാണ്  ബട്ടൺ കൂണിന്റെ നേട്ടം. സൂപ്പർ മാർക്കറ്റുകളും പ്രാദേശിക കടകളും വീട്ടിൽ നേരിട്ടെത്തുന്നവരും കേറ്ററിങ് യൂണിറ്റുകളുമെല്ലാം ചേർന്ന് വിപണനം എളുപ്പം. കിലോ 300 രൂപയ്ക്കാണ് വിൽപന.

button-mushroom-3

വിളവെടുപ്പിനുശേഷമുള്ള ബെഡ് അവശിഷ്ടങ്ങൾ പച്ചക്കറിക്കൃഷിക്കു പ്രയോജനപ്പെടുത്തും. മാലിന്യസംസ്കരണവും കൃഷിയും ഒരുമിച്ചു നടക്കും. കൂൺ ബെഡിനുള്ള കംപോസ്റ്റ് നിർമിക്കാനു ള്ള യൂണിറ്റ്, വിത്തുൽപാദനം എന്നിവ കൂടി ചേര്‍ത്ത് കൃഷി വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജോർജ്. സംസ്ഥാന ഹോര്‍ട്ടി കള്‍ചര്‍ മിഷന്റേതടക്കമുള്ള സഹായം ഉറപ്പാക്കി ഉഴവൂർ കൃഷിഭവനും ജോർജിനൊപ്പമുണ്ട്. ഫോൺ: 7907998260

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com