ADVERTISEMENT

അടുക്കളത്തോട്ടമൊരുക്കാനും പച്ചക്കറിക്കൃഷി ചെയ്യാനും പലരും ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുമെങ്കിലും ആദ്യത്തെ ആവേശം അധികകാലം നീണ്ടുനില്‍ക്കാറില്ല. എന്തെല്ലാം ചെയ്തിട്ടും  ചെടികള്‍ നന്നായി വളരാത്തതാണ് മിക്കവരുടെയും ആവേശം കെടുത്തുന്നത്. തുടക്കം തൊട്ട് നല്ല വളര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ പ്രതീക്ഷിച്ച വിളവു കിട്ടുകയുള്ളൂ.

ആദ്യം  ശ്രദ്ധിക്കേണ്ടതു നല്ല വിത്ത് തിരഞ്ഞെടുക്കുക എന്നതുതന്നെ. അത്യുല്‍പാദനശേഷിയുള്ളതോ ഹൈബ്രിഡ് ഇനമോ തിരഞ്ഞെടുക്കുന്നതാകും ഏറ്റവും നല്ലത്.  ഗുണമേന്മയുള്ള നാടന്‍ ഇനങ്ങള്‍ ലഭ്യമാണെങ്കില്‍ അതും ഉള്‍പ്പെടുത്താം. മഞ്ചേശ്വരം വെണ്ട, ആനക്കൊമ്പന്‍ വെണ്ട, വേങ്ങേരി വഴുതന ഇവയൊക്കെ ഉല്‍പാദനത്തിലും രുചിയിലും ഒരുപോലെ കേമമാണ്. 

അടുത്തത് മണ്ണ്. ജീവനുള്ള മണ്ണിലേ വിത്തിന് അതിന്റെ പരമാവധി കഴിവ് പുറത്തെടുക്കാന്‍ പറ്റൂ. സൂക്ഷ്മാണുക്കള്‍ കൂടുന്നതിന് അനുസരിച്ച് മണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടും.  പൊടിഞ്ഞ ജൈവവളം ചേര്‍ക്കുന്നതിന് അനുസരിച്ച് സൂക്ഷ്മാണുക്കള്‍ സക്രിയരാകും. രണ്ടാഴ്ചയിലൊരിക്കലെങ്കിലും പൊടിഞ്ഞ ജൈവവളം ചേര്‍ത്തുകൊടുക്കണം. പലതരം ജൈവവളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നതാണ് നല്ലത്. പൊടി‍ഞ്ഞ കാലിവളവും കോഴിക്കാഷ്ഠവും ആട്ടിന്‍കാഷ്ഠവും കംപോസ്റ്റും ശീമക്കൊന്നയുമെല്ലാം ജൈവ വളമായി പല തവണ ചേര്‍ത്തുകൊടുക്കാം.

തുടക്കത്തിലെ വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് മണ്ണിലെ കീട,രോഗങ്ങള്‍.  ഇതിന് പ്രതിരോധമായി ആദ്യ ഘട്ടത്തില്‍ മണ്ണിന്റെ പുളിരസം മാറ്റിയേ തീരൂ. പുളിരസം കൂടിയ മണ്ണില്‍ രോഗാണുക്കളുടെ അളവും കൂടും.  മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായമിട്ട് ഇളക്കിച്ചേര്‍ക്കണം. നന്നായി നനച്ച മണ്ണില്‍ പൊടിഞ്ഞ കുമ്മായം സെന്റ് ഒന്നിന് 2-3 കിലോ  വരെ ചേര്‍ത്തു കൊടുത്ത് 2 ആഴ്ചയ്ക്കു ശേഷം മാത്രമേ തൈ നടാവൂ.  

വിത്തിൽ പുരട്ടിയും മുക്കിയും സ്യൂഡോമോണാസ് ഉപയോഗിക്കുകയാണെങ്കിൽ മുളച്ചുവരുന്ന കുഞ്ഞിത്തൈകൾ ചീഞ്ഞുപോകാതെ നോക്കാം.  പ്രോട്രേയിൽ വിത്തു  മുളപ്പിച്ചെടുക്കുന്ന രീതിയിൽ ട്രൈക്കോഡെർമ സമ്പുഷ്‌ട ജൈവവളവും മറ്റും കൊടുക്കുകയാണെങ്കിൽ തൈകൾക്കു കരുത്ത് കൂടും.  

മഗ്നീഷ്യത്തിന്റെ കുറവും ചെടിവളർച്ചയെ നിർണായകമായി ബാധിക്കും.  ഹരിതകം നിറയാനും  പ്രകാശ സംശ്ലേഷണം നന്നായി നടക്കാനും മഗ്നീഷ്യം സൾഫേറ്റ് ഒരു സെന്റിന് 350 ഗ്രാം തോതില്‍ ചേർക്കുകയാണ് പരിഹാരം.  നല്ല പച്ചനിറമുള്ള ഇലയ്ക്ക് ഭക്ഷണം പാകം ചെയ്യൽ എളുപ്പമാകും.  പൂക്കുന്നതിനു തൊട്ടു മുൻപ്  ചെടി ഒന്നിന്  10 ഗ്രാം പൊട്ടാഷ് ആഴ്ചയിലൊരിക്കൽ കൊടുക്കണം.  പൊടിഞ്ഞ മത്സ്യവളം 10 ദിവസത്തിലൊരിക്കലും.

വേനൽക്കാലമായതുകൊണ്ടു തന്നെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ കരുതിയിരിക്കണം.  വിശേഷിച്ച് വെള്ളീച്ചക്കൂട്ടത്തെ.  ഇലയ്ക്കടിയിലിരുന്ന് നീരൂറ്റിക്കുടിച്ച് എല്ലാം  ചുക്കിച്ചുളിഞ്ഞ് ചെടികളുടെ വളർച്ച മുരടിക്കുന്നു.  ഇതിനെതിരെ  20 ഗ്രാം  ബ്യുവേറിയയും  10 ഗ്രാം ശർക്കരയും ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 10 ദിവസത്തിലൊരിക്കൽ തളിച്ചു കൊടുക്കുന്നതു ഫലപ്രദമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com