ADVERTISEMENT

കേരളത്തിനു സമാനമായ കാലാവസ്ഥയുള്ള നാടുകൾ ഓസ്ട്രേലിയയിൽ ഏറെയുണ്ട്. അത്തരത്തിലൊരു സംസ്ഥാനമാണ് ക്വീൻസ്‌ലൻഡ്. ക്വീൻസ്‌ലൻഡിലെ ടൗൺസവില്ലുൾപ്പെടെ മലയാളികൾ ഏറെ താമസിക്കുന്ന ഈ സംസ്ഥാനത്ത് കാർഷികമേഖലയിൽ നേട്ടം കൊയ്യുന്ന മലയാളികളുമുണ്ട്. അത്തരത്തിലൊരു മലയാളിയുടെ കപ്പ–വാഴക്കൃഷിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലിൽ ടോണി. ഓസ്ട്രേലിയൻ മല്ലു എന്ന ചാനലിലൂടെയാണ് ടോണി കൃഷിയടത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

ക്വീൻസ്‌ലൻഡിലെ എയർ എന്ന ഗ്രാമത്തിലാണ് ഈ തോട്ടം. വാഴയും കപ്പയും പ്രധാന വിളകളായി ഇവിടെ കൃഷി ചെയ്തിരിക്കുന്നു. ഒപ്പം മഞ്ഞൾ, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങൾ എന്നിവയെല്ലാം വളരുന്നുണ്ട്. രണ്ടിനം കപ്പയ്ക്കൊപ്പം നേന്ത്രൻ, പൂവൻ വാഴകളും അതുപോലെ ഓസ്ട്രേലിയൻ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗർ എന്നിവയാണുള്ളത്. 

പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നൽകുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകൾ വെട്ടിയരിഞ്ഞ് ചുവട്ടിൽ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയിൽ പറയുന്നുണ്ട്. ഉടമ നാട്ടിൽ പോയിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വിഡിയോയിലില്ല.

ഓസ്ട്രേലിയയിലെ മലയാളി സർക്കിളിൽത്തന്നെയാണ് പ്രധാനമായും വിപണനം. ഇതിനായി വാട്സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. വാഴയ്ക്കയും കപ്പയും ഒക്കെ കിലോയ്ക്ക് ഏകദേശം 5 ഡോളറിനാണ് ക്വീൻസ്‌ലൻഡിൽ വിറ്റഴിക്കുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളായ വെസ്റ്റേൺ ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലേക്ക് ഇത് കയറ്റി അയയ്ക്കുമ്പോൾ ഒരു കിലോയ്ക്ക് 15, 18 ഡോളർ വരെ കർഷകന് ലഭിക്കുന്നു. 

ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന മലയാളികൾ തങ്ങളുടെ കാർഷികപാരമ്പര്യം കൈവിടാതെ പരിമിതമായ സാഹചര്യത്തിൽ പോലും കൃഷി ചെയ്യുന്നുണ്ടെന്ന് ടോണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com