വിളകൾക്ക് ഏറെ അനുയോജ്യം വെള്ളത്തിലൂടെയുള്ള വളപ്രയോഗം: വരാവുന്ന പ്രശ്നങ്ങൾ പരിഹാരങ്ങൾ
Mail This Article
? ഫെർട്ടിഗേഷനിൽ വരാവുന്ന പ്രശ്നങ്ങൾ എന്തൊക്കെ. എങ്ങനെ ഒഴിവാക്കാം.
തുള്ളിനനസംവിധാനത്തിലൂടെയാണ് ഫെർട്ടിഗേഷൻ. ഡ്രിപ്പറുകളുടെ പൂർണ നിർഗമനശേഷിയിൽ പ്രവർത്തിക്കാനാവശ്യമായ മർദം നൽകുന്നതാവണം ഇതിനു തിരഞ്ഞെടുക്കുന്ന പമ്പ്, പമ്പിങ് ഹെഡ് തിരഞ്ഞെടുക്കുമ്പോൾ സക്‌ഷൻ ഹെഡ് (ജലസ്രോതസ്സിൽനിന്നു പമ്പിലേക്കുള്ള ഉയരം), ഡെലിവറി ഹെഡ്( പമ്പിൽനിന്നും നിർഗമനപോയിന്റിലേക്കുള്ള ഉയരം), ഡ്രിപ്പറുകളിലാവശ്യമായ മർദം, പ്രധാന പൈപ്പുകൾ, ഉപ പൈപ്പുകൾ, ശാഖാ പൈപ്പുകൾ, ഫിൽറ്ററുകൾ എന്നിവയിലെ മർദനഷ്ടം എന്നിവയും പരിഗണി ക്കണം. ടാങ്കുകളെ ആശ്രയിക്കുമ്പോൾ അവ വേണ്ടത്ര മർദം നൽകാൻ കഴിയുന്നത്ര ഉയരത്തിലാണെന്ന് ഉറപ്പാക്കണം. എല്ലാ ഡ്രിപ്പറുകളും ഒരേ നിരക്കിൽ ജലം വിതരണം ചെയ്യണമെങ്കിൽ അവ പ്രവർത്തിക്കാനുള്ള മർദം ഉണ്ടായേ തീരൂ. തുള്ളിനന കൃത്യമായി നടക്കുന്നതിന് 2.5 കിലോ/ച. സെ.മീ. മർദം നൽകുന്ന വിധത്തിൽ 25 മീറ്റർ എങ്കിലും ഉയരത്തിലുള്ള ടാങ്ക് ആവശ്യമാണ്.
ഡ്രിപ്പറുകളുടെ നിർഗമനം, പൈപ്പുകളുടെയും വാൽവുകളുടെയും മറ്റു ഘടകങ്ങളുടെയും പ്രവർത്തനം എന്നിവ ക്രമമായി നിരീക്ഷിക്കണം. ഡ്രിപ്പറുകൾ ശരിയായ സ്ഥാനങ്ങളിൽ തന്നെയാണെന്നും അവ തടങ്ങൾ ശരിയായി നനയ്ക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഫിൽറ്ററുകൾ ഇടയ്ക്കിടെ പരിശോധിക്കുകയും വൃത്തിയാക്കുകയും വേണം. സബ് മെയിനുകൾ, ലാറ്ററൽ പൈപ്പുകൾ എന്നിവ ഇടയ്ക്കിടെ ഫ്ലഷ് ചെയ്യണം. ജലത്തിലടങ്ങിയ ലവണങ്ങൾ, സൂക്ഷ്മജീവികൾ എന്നിവ മൂലം ഡ്രിപ്പറുകൾ അടയുന്നത് ഒഴിവാക്കാൻ ഹൈഡ്രോക്ലോറിക് ആസിഡ്, ക്ലോറിൻ, തുരിശ് എന്നിവയുടെ ലായനി കടത്തിവിടാം.
ഫെർട്ടിഗേഷനുപയോഗിക്കുന്ന വളങ്ങൾ നന സാമഗ്രികളുമായി പ്രതിപ്രവർത്തിക്കുന്നതാവരുത്. വളങ്ങൾ പൂർണമായും ജലത്തിൽ ലയിക്കുന്നതാവണം. അല്ലാത്തപക്ഷം ഡ്രിപ്പറുകളിലും പൈപ്പുകളിലും മറ്റും അടിഞ്ഞുകൂടി ജലപ്രവാഹം തടസ്സപ്പെടുത്തും. ഫെർട്ടിഗേഷനിലൂടെ കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും വളങ്ങൾ ഒരേ തോതിൽ വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. വളലായനികൾ കടത്തിവിട്ട ശേഷം 5–10 മിനിറ്റ് നേരത്തേക്ക് ശുദ്ധജലം കടത്തിവിട്ട് എല്ലാ പൈപ്പുകളും എമിറ്ററുകളും വൃത്തിയാക്കണം. അല്ലെങ്കിൽ വളത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞ് പൈപ്പുകളും എമിറ്ററുകളും അടഞ്ഞുപോകും. ജലത്തിലെ സൂക്ഷ്മജീവികൾ, ഇരുമ്പ് എന്നിവ നശിക്കുന്നതിന് ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ ലയിപ്പിച്ച് അര മണിക്കൂർ നേരം കടത്തിവിടുക. തുടർന്ന് 24 മണിക്കൂർ നേരത്തേക്ക് തുള്ളിനന സംവിധാനം പ്രവർത്തിപ്പിക്കരുത്. അടുത്ത ദിവസം എല്ലാ വാൽവുകളും തുറന്നുവച്ച് ഫ്ലഷ് ചെയ്യുക.
Read also: കൃത്യതാക്കൃഷിക്കായി തുള്ളിനന ഒരുക്കുന്ന രീതി പരിചയപ്പെടാം: പത്തു സെന്റിലെ ഏകദേശ ചെലവും അറിയാം
ഫിൽറ്ററിൽ പായൽ അടിയുന്നത് ഒഴിവാക്കാൻ ജലസംഭരണിയിലോ ഫിൽറ്ററിലോ തുരിശിടണം. ലീറ്ററിന് 0.05 മുതൽ 2 മില്ലിഗ്രാം വരെ എന്ന തോതിലാവണം തുരിശ് ചേർക്കേണ്ടത്. ഈ പ്രക്രിയ 16 ദിവസത്തിലൊരിക്കൽ ആവർത്തിക്കണം. തുരിശ് ഒരു വിഷവസ്തുവായതിനാൽ വേണ്ടത്ര മുൻകരുതലോടെ വേണം ഇതു ചെയ്യേണ്ടത്. എമിറ്ററുകൾ അടഞ്ഞുപോകുന്നത് തുള്ളിനനയിലെ പ്രധാന പ്രശ്നമാണ്. നനയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തിയാൽ മാത്രമേ ഈ പ്രശ്നത്തിനു ശമനമുണ്ടാകൂ. ചെളി, മണൽ, പൊടിപടലങ്ങൾ എന്നിവ മൂലമുള്ള തടസ്സം ഒഴിവാക്കാൻ അരിപ്പകൾ അത്യാവശ്യമാണ്. എന്നാൽ അരിപ്പകൾ വെള്ളത്തിൽ ലയിച്ചുചേരുന്ന മാലിന്യങ്ങളെ നീക്കില്ല. അരിപ്പകൾ കൃത്യമായ ഇടവേളകളിൽ കഴുകി വൃത്തിയാക്കണം കൂടുതൽ മലിനമായ ജലസ്രോതസ്സാണെങ്കിൽ കൂടക്കൂടെ അരിപ്പ വൃത്തിയാക്കണം. വെള്ളം ഒഴുകുന്ന പൈപ്പിനടിയിൽ സ്ക്രീൻ അഥവാ ഡിസ്കുകൾ പിടിച്ച് നേർത്ത ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയാണ് ഉചിതം. ഓരോ ഫെർട്ടിഗേഷനു മുൻപും ശേഷവും 5 മിനിറ്റ് വീതം ശുദ്ധജലം കടത്തിവിടണം.
വിലാസം: ഡോ. വി.എം.അബ്ദുൾ ഹക്കിം, പ്രഫസർ, കേളപ്പിജി അഗ്രി. എൻജിനീയറിങ് കോളജ്, തവന്നൂർ, മലപ്പുറം
ഫോൺ: 9446279626
English summary: How to Reduce Clogging Problems in Fertigation