ADVERTISEMENT

വ്യവസായ നഗരമായ കൊച്ചിയിൽ, വിഷരഹിത കാർഷികോല്‍പന്നങ്ങളുമായി ഒരു നാട്ടുചന്ത!. ‘നാട്ടുനന്മ ജൈവ കർഷക കൂട്ടായ്മ’യുടെ നേതൃത്വത്തിലാണ് ഈ ജനപ്രിയ സംരംഭം. കാക്കനാട് എംഎഎഎം ഗവ. എൽ.പി സ്കൂളിൽ (പഞ്ചായത്ത് സ്കൂൾ) ഞായറാഴ്ചകളിൽ രാവിലെ എട്ടു മുതൽ 11 വരെയാണ് ചന്ത. 

കർഷകർ നേരിട്ടാണ് ഈ ആഴ്ചച്ചന്തയിൽ വിൽപന. അതിനാൽ ‘മേല്‍വിലാസമുള്ള സാധനങ്ങള്‍’ വാങ്ങാമെന്ന മെച്ചമുണ്ട്.  ‘നാട്ടുനന്മ’യുടെ അടയാളവാക്യവുമിതു തന്നെ, ‘മേല്‍വിലാസമുള്ള സാധനങ്ങള്‍  വാങ്ങാം’. ആവശ്യമെങ്കിൽ ഉപഭോക്താക്കൾക്ക് കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്യാം. ജൈവോൽപന്നങ്ങൾ മാത്രമേ ഇവിടെ വിൽക്കാൻ അനുവദിക്കുകയുള്ളൂ.

sunday-market-kakkanad-1
കാക്കനാട്ടെ നാട്ടുനന്മ ജൈവ കർഷക കൂട്ടായ്മയുടെ നാട്ടുചന്തയിൽനിന്ന്

കൃഷിയിൽ പാരമ്പര്യ വേരുകളുള്ള, ഏതാനും യുവാക്കളുടെ കൂട്ടായ്മയാണ് നാട്ടുനന്മ റജിസ്ട്രേഡ് കർഷക സൊസൈറ്റി. ഇടനിലക്കാരെ ഒഴിവാക്കി, സമൂഹത്തിന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജൈവ കർഷകനായ സെബാസ്റ്റ്യൻ കോട്ടൂർ (പ്രസിഡന്റ്), ഐടി ഉദ്യോഗസ്ഥനായ ഹരിറാം (സെക്രട്ടറി), ഇന്റീരിയർ കോൺട്രാക്ടര്‍ നൗഫൽ മുബാറക്ക് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

ഒൻപത് കർഷകരും 50 ഉപഭോക്താക്കളുമായി 2017ലാണ് നാട്ടുചന്ത ആരംഭിച്ചത്. ഇപ്പോൾ 37 കർഷകരും അഞ്ഞൂറോളം ഉപഭോക്താക്കളുമുണ്ട്. ആശയവിനിമയത്തിന് എട്ടോളം വാട്സാപ് ഗ്രൂപ്പുകളും. 

sunday-market-kakkanad-2
കാക്കനാട്ടെ നാട്ടുനന്മ ജൈവ കർഷക കൂട്ടായ്മയുടെ നാട്ടുചന്തയിൽനിന്ന്

ഉൽപന്ന സമൃദ്ധമാണ് ഈ നാട്ടുചന്ത. കപ്പ, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, വാഴപ്പിണ്ടി, വാഴച്ചുണ്ട്, കൂൺ, വാഴപ്പഴം തുടങ്ങി നാടൻ വിഭവങ്ങൾ ഒട്ടേറെ. പാൽ, മുട്ട, വെളിച്ചെണ്ണ, മുളക്-മല്ലി-കൂവ പൊടികൾ എന്നിങ്ങനെ അടുക്കളയിലേക്കു വേണ്ടതെല്ലാം ഇവിടെക്കിട്ടും.  തൈര്, നെയ്യ്, കായ വറുത്തത് എന്നിങ്ങനെ മൂല്യവർധിത ഉല്‍പന്നങ്ങളും.

പയർ,പാവൽ, പടവലം, വെണ്ട, വഴുതന, ചീര, തക്കാളി എന്നിവയാണ് പ്രധാന പച്ചക്കറിയിനങ്ങൾ. പാഷൻഫ്രൂട്ട്, റംബുട്ടാൻ, അവക്കാഡോ എന്നിവയടക്കം നാടന്‍, വിദേശ പഴങ്ങളും വാങ്ങാം. 

sunday-market-kakkanad-3
കാക്കനാട്ടെ നാട്ടുനന്മ ജൈവ കർഷക കൂട്ടായ്മയുടെ നാട്ടുചന്തയിൽനിന്ന്

എറണാകുളത്തിനു പുറമേ അയൽ ജില്ലകളിൽനിന്നും കർഷകർ ഉൽപന്നങ്ങളുമായി ഇവിടെ എത്താറുണ്ട്. ചെറുപയർ, കറിക്കടല, മല്ലി, മാങ്ങ, സപ്പോട്ട എന്നിവയുമായാണ് പാലക്കാട് സ്വദേശി (റിട്ട. എൻജിനീയർ) ബേബി ജോർജിന്റെ വരവ്. ചേർത്തലയിൽനിന്നു  പച്ചക്കറികൾ, കറിവേപ്പില, ചമ്മന്തിപ്പൊടി, നാടൻ പലഹാരങ്ങൾ എന്നിവയുമായി ഐടി ഉദ്യോഗസ്ഥരായ ഹരികൃഷ്ണനും ദർഷയും എത്തുന്നു. ഹരിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടാക്കിയ ഉൽപന്നങ്ങളാണ് ഇവരെത്തിക്കുന്നത്. 

മൈക്രോ ഗ്രീൻസ്, കെയ്ൽ, കോൾമിസാഗ് തുടങ്ങി ഇലക്കറികളാണ് സഞ്ജീവിന്റെ സ്റ്റാളിൽ. മട്ടുപ്പാവിൽ വിളയിച്ച പുതിനയിലയും മുരിങ്ങയിലയുമാണ് പത്രപ്രവർത്തകനായ ജോജി സേവ്യറിന്റെ സ്പെഷൽ. ഉൽപന്നങ്ങൾക്കു മികച്ച വിലയും സ്ഥിരം ഉപഭോക്താക്കളെയും കിട്ടുമെന്നതാണ് ഈ വിപണിയുടെ മെച്ചമെന്ന് 4 വർഷമായി വിൽപനയ്ക്കെത്തുന്ന ജോജി.

sunday-market-kakkanad-4
കാക്കനാട്ടെ നാട്ടുനന്മ ജൈവ കർഷക കൂട്ടായ്മയുടെ നാട്ടുചന്തയിൽനിന്ന്

ബാബു സെബാസ്റ്റ്യൻ, പോൾ കുരീക്കൽ, രാധാകൃഷ്ണൻ എന്നിവരാണ് ചന്തയിൽ പതിവായി ഏറ്റവുമധികം ഉല്‍പന്നങ്ങൾ കൊണ്ടുവരുന്നത്. തങ്കം, മിനി, ബേബി തുടങ്ങി പത്തോളം വനിതകളും പതിവായെത്തുന്നു.

നാട്ടുചന്തയിൽ വിൽപനാനുമതിക്കു ചില നടപടിക്രമങ്ങളുണ്ട്. കർഷകൻ ആദ്യം ചന്ത സന്ദർശിച്ച് താല്‍പര്യം അറിയിക്കണം. തുടർന്ന് കർഷക കൂട്ടായ്മ ഭാരവാഹികൾ കൃഷിയിടം സന്ദർശിക്കും. പൂർണമായും ജൈവമെന്ന് ബോധ്യപ്പെട്ടാൽ ഉൽപന്നങ്ങൾ കൊണ്ടുവരാന്‍ അനുമതി നല്‍കും. 

ഓരോ കർഷകനും തുടക്കത്തിൽ 500 രൂപ ഡെസ്ക് ഫണ്ട് (നിക്ഷേപം) നൽകണം. ഇത് പിന്നീട് തിരിച്ചു നൽകും. കൂടാതെ, കർഷകർ തങ്ങളുടെ മൊത്തം വിറ്റുവരവിന്റെ 5% ചന്തയുടെ നടത്തിപ്പ് ചെലവിലേക്കായി (750 രൂപയാണ് ചന്ത നടക്കുന്ന സ്കൂളിന് വാടക) നൽകണം.

ഫോണ്‍(ഹരി റാം, സെക്രട്ടറി): 99614 40644

English summary: Special Sunday Market at Kakkanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com