ADVERTISEMENT

അഞ്ചും പത്തും സെന്റിന്റെ പരിമിതിയിൽ കഴിയുന്ന വീട്ടുകാരാണല്ലോ മാലിന്യനിർമാർജനത്തിന് ഏറ്റവും പ്രയാസപ്പെടുന്നത്. അവർക്കേറെ ഉപകാരപ്രദമാണ്, ബ്ലാക്സോൾജ്യർ ഈച്ചകളെ  ആകർഷിച്ചുള്ള മാലിന്യസംസ്കരണരീതി. ഭക്ഷ്യാവശിഷ്ടങ്ങളിലേക്ക് ഈച്ചകളെത്തുകയും അവയുടെ മുട്ട വിരിഞ്ഞെത്തുന്ന ലാർവകൾ അവശിഷ്ടങ്ങൾ തിന്നു വളരുകയും ചെയ്യുന്ന രീതിയാണിത്. അവിടംകൊണ്ട് നിർത്താതെ, പ്രോട്ടീൻ സമൃദ്ധമായ ഈ ലാർവകൾ നൽകി മുട്ടക്കോഴികളെയും മത്സ്യങ്ങളെയും വളർത്തിയാലോ? മത്സ്യങ്ങളുടെ വിസർജ്യം മാത്രം വളമാക്കി പച്ചക്കറിക്കൃഷി ചെയ്താലോ.  കഴിഞ്ഞില്ല, മുട്ടയും കോഴിയും മത്സ്യവും പച്ചക്കറികളുമെല്ലാം വിറ്റ് നല്ല വരുമാനം കൂടി ലഭിക്കുമെങ്കിലോ? ഇത്തിരിവട്ടത്ത് നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ എന്നു സംശയമുള്ളവർക്ക് തൃശൂർ ഗുരുവായൂരിനടുത്ത് തൊഴിയൂരുള്ള വൈശംവീട്ടിൽ അബ്ദുള്‍ റഷീദിന്റെ അടുക്കളത്തോട്ടത്തിലെത്താം. അടുക്കളമാലിന്യ സംസ്കരണവും പ്രോട്ടീൻ സമൃദ്ധമായ ബ്ലാക്സോൾജ്യർ ലാർവ ഉൽപാദനവും അവ നൽകിയുള്ള കോഴി–മത്സ്യം വളർത്തലുമെല്ലാം വർഷങ്ങളായി പാളിച്ചകളൊന്നുമില്ലാതെ ചെയ്യുന്നു ഈ കൃഷിക്കാരൻ. ഇതെല്ലാം നടക്കുന്ന വീടിന്റെ പിന്മുറ്റമാകട്ടെ, ഉദ്യാനം പോലെ മനോഹരവും. ഖത്തറില്‍നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി വീട്ടുവളപ്പിലെ ചെറിയ സ്ഥലവിസ്തൃതിയില്‍ തുടങ്ങിയ ഈ പരീക്ഷണകൃഷി ഇന്ന് അബ്ദുള്‍ റഷീദിന് ചെറുതല്ലാത്ത വരുമാനവും നല്‍കുന്നു. 

ബ്ലാക്സോള്‍ജ്യര്‍ ലാര്‍വകൾകൊണ്ട് ജൈവാവശിഷ്ടങ്ങള്‍ സംസ്കരിക്കുന്ന വ്യത്യസ്ത ബയോപോഡ് മോഡലുകളുണ്ട്. എന്നാല്‍ ചെറിയ കുടുംബങ്ങൾക്കു യോജിച്ച ലളിത സംവിധാനമാണ് അബ്ദുള്‍ റഷീദ് ഒരുക്കിയിരിക്കുന്നത്. നല്ല വായ്‌വട്ടമുള്ള 50 ലീറ്റര്‍ വീപ്പയാണ് അവശിഷ്ടങ്ങളിടാന്‍ ഉപയോഗിക്കുന്നത്. മറ്റൊരു ചെറു വീപ്പ സ്റ്റാന്‍ഡ് ആക്കി മാറ്റി അതിലാണ് വലിയ വീപ്പ സ്ഥാപിക്കുന്നത് (ചിത്രം കാണുക). താഴത്തെ വീപ്പയിലേക്ക് ജൈവാവശിഷ്ടങ്ങളില്‍നിന്നുള്ള ജലാംശം ഊറാനായി വലിയ വീപ്പയുടെ അടിയിൽ ചെറു ദ്വാരങ്ങൾ നല്‍കും. ഊറിയെത്തുന്ന സ്ലറി ശേഖരിക്കാന്‍ ചെറുവീപ്പയില്‍ ടാപ്പും ഘടിപ്പിക്കാം. ഉറുമ്പു കയറാതിരിക്കാൻ വെള്ളം ശേഖരിക്കാവുന്ന (വീപ്പയുടെതന്നെ) അടപ്പിലോ മറ്റോ വീപ്പ വയ്ക്കാം. 

ഏതു ജൈവവാശിഷ്ടങ്ങളും ചകിരിച്ചോറു കൂടി ചേര്‍ത്ത് വീപ്പയിലിടാം. പാത്രം തുറന്നു തന്നെ വയ്ക്കണം. തുറന്നിരുന്നാല്‍ മണമുണ്ടാകില്ലെന്നു മാത്രമല്ല പുഴുക്കൾ പുറത്തേക്കു നീങ്ങുകയുമില്ല. പ്രകൃതിയിൽനിന്ന് ഈച്ചകള്‍ തനിയെ വരുകയും അവശിഷ്ടങ്ങളില്‍ മുട്ടയിടുകയും ചെയ്യും. ഉപേക്ഷിച്ച സ്‌ക്രബറോ അതുപോലുള്ളവയോ വീപ്പയിലിട്ടു കൊടുത്താല്‍ നാരുകൾക്കിയിൽ സൗകര്യമായിരുന്ന് മുട്ടയിടും. താമസിയാതെ മുട്ട വിരിഞ്ഞ് പുഴുക്കളാവും.  ഉയർന്ന തീറ്റപരിവർത്തനശേഷിയുള്ളവയാണ് ഈ ലാർവകൾ. നന്നായി തിന്ന് നന്നായി വളരുന്നവ. നിശ്ചിത ദിവസങ്ങൾക്കു ശേഷം തീറ്റ മതിയാക്കി പ്യൂപ്പ ഘട്ടത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ഈ ലാർവകളെ കോഴിക്കും മത്സ്യത്തിനുമെല്ലാം റഷീദ് തീറ്റയായി നൽകുന്നു. വിരിഞ്ഞ് 20 ദിവസം കഴിഞ്ഞാല്‍ കംപോസ്റ്റ് അരിപ്പയില്‍ അരിച്ചു പുഴുക്കൾ ശേഖരിക്കാം. കൂടിയ അളവിൽ പ്രോട്ടീനും കൊഴുപ്പുമടങ്ങിയ ഈ തീറ്റപ്പുഴുക്കൾ കോഴികളിൽ മുട്ടയുൽപാദന നിരക്ക് ഉയർത്താനും മുട്ടവലുപ്പം വർധിപ്പിക്കാനും സഹായകരമെന്നു റഷീദ്. 

BSF-larvae-1
മത്സ്യങ്ങൾക്ക് തീറ്റ നൽകുന്നു

മത്സ്യങ്ങളും അവയുടെ വിസര്‍ജ്യം കലര്‍ന്ന പോഷകജലം ഉപയോഗിച്ചു പച്ചക്കറികളും ഒരേസമയം വളര്‍ത്തിയെടുക്കുന്ന അക്വാപോണിക്സ് ടാങ്കിലേക്കാണ് പുഴുക്കളില്‍ ഒരു പങ്ക് നല്‍കുന്നത്. കുറഞ്ഞ കാലം കൊണ്ട് മത്സ്യങ്ങൾ കൂടുതല്‍ തൂക്കമെത്താൻ ഈ പുഴുഭക്ഷണം ഗുണം ചെയ്യും. മത്സ്യവിസര്‍ജ്യം പച്ചക്ക റികൾക്കു വളമാകും. ഇങ്ങനെ വിളയുന്നു പച്ചക്കറികൾ അടുക്കഴയിലെത്തും, അവയുടെ പച്ചയും പാകം ചെയ്തതുമായ അവശിഷ്ടങ്ങൾ വീണ്ടും പുഴുക്കള്‍ക്ക് ആഹാരമാകുന്നു. ഈ ചാക്രിക പ്രവര്‍ത്തനം ഇട മുറിയാതെ കൊണ്ടു പോകാനുള്ള മനസ്സുണ്ടെങ്കില്‍ ചെലവില്ലാക്കൃഷിയും ശുദ്ധമായ ഭക്ഷണവും ഒപ്പം വരുമാനവും ഉറപ്പാക്കാമെന്ന് അബ്ദുൾ റഷീദ് ഓർമിപ്പിക്കുന്നു.

ഫോണ്‍: 9778125471, 9633586864

English summary: Simple Way of Waste Management at Home 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com