ബൾബല്ല, ഇത് ആൻഡമാൻ അവ്ക്കാഡോ: വലുപ്പത്തിൽ വ്യത്യാസം, നല്ല തൂക്കവും; വിളഞ്ഞത് 1.4 കിലോ വരെയുള്ള കായ്കൾ
Mail This Article
ആൻഡമാൻ ദ്വീപിൽ നിന്നെത്തിച്ച അവക്കാഡോ മുളപ്പിച്ച് വളർത്തി വലുതായി കായ്ചപ്പോൾ വലുപ്പത്തിൽ വ്യത്യാസം. തൂക്കുപാലം കാർത്തിക സി.കെ.ബാബുവിന്റെ പുരയിടത്തിലാണ് ബൾബ് ആകൃതിയിലുള്ള അവക്കാഡോ ഉണ്ടായത്. 500 ഗ്രാം മുതൽ 1.4 കിലോഗ്രാം വരെ തൂക്കമുള്ള പഴങ്ങളും ലഭിച്ചു. 2 ഏക്കർ പുരയിടമാണ് ബാബുവിനുള്ളത്. കപ്പ, ചേന, ചേമ്പ്, വാഴ, തെങ്ങ് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ 2 ഏക്കറിലും കൃഷി പൂർണമായി നിർത്തിയിരുന്നു. വീഴുന്ന തേങ്ങ പോലും കാട്ടുപന്നിക്കൂട്ടം അകത്താക്കും. അങ്ങനെയിരിക്കെ 9 വർഷം മുൻപ് കോട്ടയം അയർക്കുന്നത്തെ ബന്ധുവീട്ടിൽ നിന്നും ലഭിച്ച അവ്ക്കാഡോ പഴത്തിന്റെ വിത്തെടുത്ത് പാകി കിളിർപ്പിച്ചതാണ് കഴിഞ്ഞവർഷം മുതൽ ഫലം നൽകി തുടങ്ങിയത്. ബാബുവിന്റെ ബന്ധു സൈനികനായിരുന്നു. ആൻഡമാനിൽ ജോലി ചെയ്യുന്ന സമയത്താണ് അവിടെ നിന്നും അവ്ക്കാഡോ പഴം എത്തിച്ചത്.
അവ്ക്കാഡോ വലിയ മരമായതോടെ കായ്ച്ചു തുടങ്ങി. പഴങ്ങൾ വ്യത്യസ്ത രൂപത്തിൽ കായ്ച്ചതും തൂക്കം കൂടിയതും കൗതുകമായി. കഴിഞ്ഞ വർഷം 1.4 കിലോഗ്രാം വരെ തൂക്കമുള്ള അവ്ക്കാഡോ ലഭിച്ചു. തൂക്കുപാലം എക്കോഷോപ്പും ഹോർട്ടി കോർപ്പും ചേർന്ന് കിലോയ്ക്ക് 100 രൂപ നൽകി അവ്ക്കാഡോ കർഷകരിൽ നിന്നു ശേഖരിച്ച് തുടങ്ങിയതോടെ ബാബു അടക്കമുള്ള കർഷകർക്ക് മികച്ച വരുമാനവുമായി. കൂടാതെ അവ്ക്കാഡോക്കു നേരെ കാട്ടുപന്നി ആക്രമണമില്ലാത്തതിനാൽ വിളവു ലഭിക്കുമെന്നതും ആശ്വാസമാണ്. പുരയിടത്തിൽ കൂടുതൽ അവ്ക്കാഡോ തൈകൾ നടാനൊരുങ്ങുകയാണ് ബാബു.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.