പ്രളയത്തിൽ ഒഴുകിയെത്തുന്ന കുപ്പികളിൽ കൃഷി: പരിയപ്പെടാം, ഒരു കുട്ടനാടൻ വെർട്ടിക്കൽ ഗാർഡൻ
Mail This Article
കലേഷിൽനിന്നു കണ്ടുപഠിക്കാൻ പലതുണ്ട്– കുട്ടനാട്ടിലെ 30 സെന്റ് പറമ്പിലും മുറ്റത്തും മട്ടുപ്പാവിലുമായി ഈ ചെറുപ്പക്കാരൻ വിളയിക്കാത്ത വിളകളില്ല, ബ്രൊക്കോളിയും ലെറ്റ്യൂസും മിറക്കിൾ ഫ്രൂട്ടും ഏലവുമൊക്കെ ഇവിടെയുണ്ട്. കൂടാതെ മുയലും താറാവും മത്സ്യവും. പാടത്ത് നെൽകൃഷിയുമുണ്ട്, എല്ലാ വർഷവും പ്രളയമെത്തുമെങ്കിലും അതിനെ അതിജീവിക്കുന്ന പ്രണയമാണ് ആലപ്പുഴ ചെറുകര സ്വദേശിയായ കലേഷിനു കൃഷിയോട്.
എവിടെ വളർത്തും, എങ്ങനെ വളർത്തുമെന്നൊക്കെ ആലോചിക്കുന്നവരോട് കലേഷ് പറയുന്നത് ഒന്നു മാത്രം–മനസ്സുണ്ടെങ്കിൽ എവിടെയും എന്തും വളർത്താം. അതുകൊണ്ടാണല്ലോ പ്രളയകാലത്ത് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഒന്നാംതരം വെർട്ടിക്കൽ ഗാർഡനുണ്ടാക്കിയതും അതിൽ സ്ട്രോബറിക്കൃഷി നടത്തിയതും. പ്ലാസ്റ്റിക് പുനരുപയോഗത്തിന് മികച്ച മാതൃകയാണ് കലേഷിന്റെ വെർട്ടിക്കൽ ഗാർഡൻ.
തോടുകളിലും പാടത്തുമൊക്കെ വെള്ളം കയറുമ്പോൾ നൂറുകണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ഒഴുകിയെത്തുക. അവ വീട്ടിലെത്തിച്ചു വൃത്തിയാക്കിയ ശേഷം ചുവടുഭാഗം മുറിക്കുന്നു. അടപ്പ് മുറുക്കിയ കുപ്പികൾ തലകീഴായി പിടിച്ച് നടീൽമിശ്രിതം നിറയ്ക്കുകയാണ് അടുത്ത പടി. ഇങ്ങനെ തയാറാക്കിയ കുപ്പികൾ വീട്ടിലേക്കുള്ള വഴിയിലെ പന്തലിന്റെ താങ്ങുകാലുകളിൽ പല തട്ടുകളായി കെട്ടിനിർത്തിയപ്പോൾ അത് വെർട്ടിക്കൽ ഗാർഡനായി. കാഴ്ചയ്ക്കിമ്പമായി അവയിൽ സ്ട്രോബെറി കൃഷി ചെയ്യാനും കുട്ടനാട്ടിൽ അവ വിളയുമെന്നു തെളിയിക്കാനും കലേഷിനു കഴിഞ്ഞു. സ്ട്രോബെറി മാത്രമല്ല പയറും പച്ചമുളകുമൊക്കെ ഈ വെർട്ടിക്കൽ ഗാർഡനിൽ വിളയുന്നു. പ്രളയജലം വന്നാൽ അതുക്കും മീതേയാണ് കലേഷിന്റെ കൃഷിയും വിളകളുമെന്നു സാരം.
കുപ്പികളിൽ മഞ്ഞ പെയിന്റ് അടിച്ച് കീടങ്ങളെ ആകർഷിച്ചു പിടിക്കുന്ന മഞ്ഞക്കെണി കലേഷിന്റെ കണ്ടെത്തലാണ്. ടയർ വെട്ടിയുണ്ടാക്കിയ ചട്ടികളിലും കലേഷ് കൃഷി ചെയ്യുന്നുണ്ട്. അവയിൽ ആമ്പലും താമരയുമൊക്കെ വളരുന്നു. ഇതുവരെ ആയിരത്തോളം പ്ലാസ്റ്റിക് കുപ്പികളും മുന്നൂറിലേറെ ടയറുകളും ഇപ്രകാരം മാലിന്യമായി മാറാതെ പുനരുപയോഗിച്ചിട്ടുണ്ടെന്നു കലേഷ് പറയുന്നു.
ഫോൺ: 8330021627
English summary: Edible Garden Idea from Plastic Bottles