ADVERTISEMENT

ചട്ടി, ഗ്രോബാഗ്, വീപ്പ എന്നിവയിലെല്ലാം പച്ചക്കറി വളർത്താം. ഏതിലാണെങ്കിലും മണൽമണ്ണ്, ചാണകപ്പൊടി കംപോസ്റ്റ് എന്നിവ തുല്യ അളവിൽ എടുത്ത് നല്ലവണ്ണം ഇളക്കി നിറയ്ക്കണം. ഈ മിശ്രിതത്തിൽ 200 ഗ്രാം എല്ലുപൊടിയും 200 ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്തു കൊടുക്കണം.  ചട്ടിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ഘനയടി വ്യാപ്തമുണ്ടാകണം. മിശ്രിതം അര ഭാഗത്തോളം നിറയ്ക്കണം. ഇതിൽ വിത്തായാലും തൈ ആയാലും ഒരെണ്ണം മാത്രം നടുക.

വെള്ളം കെട്ടിനിൽക്കാത്ത ടെറസ്സാണെങ്കിൽ അത് നല്ലവണ്ണം വൃത്തിയാക്കിയതിനുശേഷം രണ്ടു തവണ വൈറ്റ് സിമന്റ് പൂശി  ടെറസ്സിലെ ചെറിയ സുഷിരങ്ങൾ അടയ്ക്കുക. നമുക്ക് പരിചരിക്കുന്നതിനു സൗകര്യപ്രദമായ അകലത്തില്‍ ടെറസ്സിൽ കൈവരിയോടു ചേർന്ന് അടിയിൽ ചുവര് വരുന്ന ഭാഗത്തിനു മുകളിലായി ചട്ടികളും ഗ്രോബാഗും വീപ്പകളും വരിയായി വയ്ക്കാം. തറയിൽ വയ്ക്കുന്നതിനു പകരം ഇഷ്ടിക, ഓട്, തറയോട് എന്നിവയുടെ മുകളിൽ വച്ചാൽ മഴവെള്ളമോ നനജലമോ തങ്ങിനിന്ന് ടെറസ്സിനു ദോഷമുണ്ടാകുന്നത് ഒഴിവാക്കാം. ടെറസ്സിൽ പന്തൽ ഇടാമെങ്കില്‍ അവിടെ പയർ, പാവൽ, പടവലം, ചുരയ്ക്ക, പീച്ചൽ, കോവൽ, മത്തൻ, കുമ്പളം എന്നിവയും പന്തൽ ഇല്ലാത്തിടത്ത് മറ്റു പച്ചക്കറികളും കൃഷി ചെയ്യാം.

ആവര്‍ത്തനക്കൃഷിക്ക് ചട്ടിയിലെ മിശ്രിതം അപ്പാടെ മാറ്റി പുതിയതു നിറയ്ക്കണമെന്നില്ല. മിശ്രിതമിളക്കി അൽപം ജൈവവളം ചേർത്താല്‍ മതി. ഒരേ കുടുംബത്തിൽപ്പെട്ട വിളകളോ ഒരേ ഇനം വിളകളോ തുടർച്ചയായി ഒരു ചട്ടിയിലോ ഗ്രോബാഗിലോ കൃഷി ചെയ്യുന്നത് ഒഴിവാക്കണമെന്നു മാത്രം. നന മിതമായി മതി. അമിത നന വളം ഒലിച്ചു പോകുന്നതിനും വെള്ളം കെട്ടിനിന്നു ചെടികളുടെ വേര് നശിക്കുന്നതിനും കാരണമാകും.

ആവര്‍ത്തനക്കൃഷിക്ക് ചട്ടിയിലെ മിശ്രിതം അപ്പാടെ മാറ്റി പുതിയതു നിറയ്ക്കണമെന്നില്ല (ചിത്രം∙ കര്‍ഷകശ്രീ)
ആവര്‍ത്തനക്കൃഷിക്ക് ചട്ടിയിലെ മിശ്രിതം അപ്പാടെ മാറ്റി പുതിയതു നിറയ്ക്കണമെന്നില്ല (ചിത്രം∙ കര്‍ഷകശ്രീ)

വീട്ടിൽ സ്ഥിരതാമസമില്ലെങ്കിലോ വീടു വിട്ടുമാറി നിൽക്കുമ്പോഴോ ചെടികൾ നനയ്ക്കാന്‍ തുള്ളിനന സംവിധാനമൊരുക്കുന്നതു നന്ന്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച്  മൊട്ടുസൂചികൊണ്ട് ചെറിയ ദ്വാരമിട്ട് ചെടിയുടെ ചുവട്ടിൽ വച്ചു കൊടുത്താൽ ചെലവു കുറഞ്ഞ നിയന്ത്രിത തുള്ളിനന തയാർ. ടെറസ് കൃഷിയില്‍ ജൈവോപാധികൾ മാത്രം ഉപയോഗിക്കുക.  ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, മണ്ണിരക്കംപോസ്റ്റ് മിശ്രിതം മുൻകൂട്ടി തയാറാക്കി എല്ലാ ആഴ്ചയിലും ഒരു പിടി ചെടിച്ചുവട്ടിൽ ഇട്ടുകൊടുക്കണം. 

കീടനിയന്ത്രണത്തിനു മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണി, ക്യുലൂർക്കെണി എന്നിവ വയ്ക്കുക. പതിവായി ചെടികളെ നിരീക്ഷിക്കുക. കീടശല്യം കണ്ടാല്‍ ജൈവ കീടനാശിനികൾ തളിക്കുക. രോഗങ്ങൾ കണ്ടാല്‍ തുടക്കത്തില്‍തന്നെ സ്യൂഡോമോണാസ്, ട്രൈക്കോഡെർമ എന്നീ സൂക്ഷ്മാണുക്കളെ ഉപയോഗിച്ചു നിയന്ത്രണം സാധ്യമാണ്.

വിലാസം: കൃഷി ഓഫിസർ, മാന്നാർ. 

ഫോണ്‍: 9447452403

English summary: Things to keep in mind while growing vegetables on the terrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com