ലളിതമായ കൃഷി മികച്ച വില; ഏക്കറിന് 6–8 ടൺ; കിലോയ്ക്ക് 40 രൂപ: പാഷൻ ഫ്രൂട്ട് സൂപ്പറാ
Mail This Article
വയനാട് പുൽപ്പള്ളി കല്ലുവയലിലെ കർഷകനായ കാട്ടുകുടിയിൽ ഗോപിനാഥന് നാട്ടിൽ 2 ഏക്കറിലും കർണാടകയിൽ 7 ഏക്കറിലുമാണ് പാഷൻ ഫ്രൂട്ട് കൃഷി. അടുത്ത കാലം വരെയും മുഖ്യ വിള ഇഞ്ചിയായിരുന്നു. ഇഞ്ചിവിപണിയിലെ ചാഞ്ചാട്ടമാണ് പാഷൻ ഫ്രൂട്ട് കൃഷിയിലെത്തിച്ചതെന്നു ഗോപിനാഥൻ. കാവേരിയാണ് ഗോപിനാഥന്റെ ഇനം. 10x10 അകലത്തിലാണ് കല്ലുവയലിലെ കൃഷി. കർണാടകയിൽ ചെടിക്ക് വളർച്ച കൂടുതലായതിനാൽ 12x15 അടി അകലം നൽകി. ഏക്കറിന് 6–8 ടൺ ഉൽപാദനമുണ്ട്.
താങ്ങുകാലുകൾ നാട്ടി പന്തലിട്ടാണ് ഗോപിനാഥന്റെ കൃഷി. തൈകൾക്ക് 15–20 രൂപ മാത്രമേ വിലയുള്ളൂ എന്നതും കർഷകർക്കു സ്വയം തൈകൾ തയാറാക്കാമെന്നതും കൃഷിച്ചെലവു ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നു ഗോപിനാഥൻ. ജൈവവളം മാത്രം നൽകി വിളയിക്കുന്ന ഇനമെന്നത് ഉപയോക്താക്കളെയും ആകർഷിക്കുന്നു. കർണാടകയിൽ ഇന്ന് ഒട്ടേറെപ്പേർ വിപുലമായി പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. വയനാട്ടിലെ മണൽവയൽ കേന്ദ്രീകരിച്ച് പഴവർഗങ്ങളുടെ മൂല്യവർധനയ്ക്കായി ഗോപിനാഥൻ ഉൾപ്പെടെയുള്ള കർഷകർ ചേർന്നു ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കർഷകരിൽനിന്നു കിലോയ്ക്ക് 40 രൂപ നിരക്കില്‍ സംഭരണവും തുടങ്ങി കമ്പനി. കിലോയ്ക്ക് 40 രൂപ മികച്ച വില തന്നെയെന്നു ഗോപിനാഥൻ. ഇക്കഴിഞ്ഞ വർഷങ്ങൾക്കിടയിലൊന്നും പാഷൻ ഫ്രൂട്ടിന്റെ വിലയിടിഞ്ഞിട്ടില്ല. എന്നാല്‍ രോഗ, കീടങ്ങൾ ഭീഷണിയാണ്. ഫലപ്രദമായ പരിഹാരം ലഭ്യവുമല്ല. ഗവേഷണ ഏജന്‍സികളുടെ സഹായം ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്കുണ്ടാകണമെന്നു ഗോപിനാഥന്‍ ആവശ്യപ്പെടുന്നു.
ഫോൺ: 9447995252