പന്നിയോടു പടപൊരുതി പപ്പായക്കൃഷി: കുറഞ്ഞ ചെലവിൽ മികച്ച ആദായമെന്നു സന്ദീപ്
Mail This Article
നട്ടതിൽ പാതി മയിലും പന്നിയും നശിപ്പിച്ചെങ്കിലും പപ്പായ നഷ്ടവിളയാണെന്നു സന്ദീപിന് അഭിപ്രായമില്ല. കുറഞ്ഞ ചെലവിൽ മികച്ച ആദായം കണ്ടെത്താൻ കഴിയുന്ന വിള തന്നെ പപ്പായയെന്ന് എൻജിനീയറായ അദ്ദേഹം പറയുന്നു. കാസർകോട് ജില്ലയിലെ പൈവളിഗെ ബായാർ നീർച്ചാൽ ഹൗസിൽ ബി.സി.സന്ദീപ് റായ് 8 വർഷം അബുദാബി ലുലു മാളിൽ ജീവനക്കാരനായിരുന്നു. ഇപ്പോൾ മുഴുവൻസമയ കർഷകൻ. ബിരുദധാരിയായ ഭാര്യ സൗമ്യയും കൃഷികാര്യത്തില്‍ ഒപ്പമുണ്ട്.
കമുകിന് ഇടവിളയായാണ് സന്ദീപിന്റെയും പപ്പായക്കൃഷി. കാസർകോട് സിപിസിആർഐയിൽനിന്നു വാങ്ങിയ 400 റെഡ് ലേഡി തൈകളാണു നട്ടത്. കഴിഞ്ഞ നവംബറിലായിരുന്നു തുടക്കം. മയിലും പന്നിയും കയ്യേറി നശിപ്പിച്ചതിൽ ബാക്കി 200 മരമുണ്ട്. നഷ്ടം ഏറെയുണ്ടായെങ്കിലും കൃഷി ഉപേക്ഷിച്ചില്ല. കുന്നിൻ പുറത്തുള്ള കൃഷിയിടത്തിൽ തുള്ളിനന ഒരുക്കി. മേൽഭാഗത്തു സ്ഥാപിച്ച 30,000 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്ക് താഴെത്തട്ടിലുള്ള കിണറ്റിൽനിന്നു വെള്ളം പമ്പ് ചെയ്യുന്നു. ഒരു പപ്പായയ്ക്ക് ദിവസം 2 ലീറ്റർ വെള്ളം എന്ന തോതിൽ നൽകാറുണ്ട്. അതേസമയം വെള്ളം കെട്ടി നിന്നാൽ ചെടി നശിക്കും. പപ്പായയ്ക്ക് അടിവളമായി നൽകിയത് കോഴിവളവും ചാരവും. നല്ല സൂര്യപ്രകാശം കൂടി ലഭിച്ചാൽ ചെടിക്ക് ഉശിരും കായയ്ക്കു നല്ല വലുപ്പവും ഉറപ്പെന്നു സന്ദീപ്. ഉൽപാദിപ്പിക്കുന്ന മുഴുവൻ പപ്പായയും വിറ്റു തീരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു
ഫോൺ: 8277113263 (സന്ദീപ്)
English summary: Papaya Farming in Kerala