ADVERTISEMENT

? വാഴക്കന്നിനു പകരം ടിഷ്യൂക്കൾച്ചർ തൈകൾ ഉപയോഗിക്കുന്നതിന്റെ നേട്ടമെന്താണ്. - നാരായണൻകുട്ടി, ഒറ്റപ്പാലം, പാലക്കാട്

മാതൃവാഴയിൽനിന്നു കന്നുകൾ ശേഖരിച്ചു നടുന്ന രീതിയാണ് കേരളത്തിൽ പതിവ്. എന്നാൽ, ഒരു വാഴയില്‍നിന്നു കിട്ടാവുന്ന നല്ല കന്നുകളുടെ എണ്ണം പരിമിതമാണ്. മാത്രമല്ല, ഒരേ ഗുണമേന്മയുള്ള അധികം കന്നുകൾ ഒരുമിച്ചു ലഭിക്കുക എളുപ്പവുമല്ല. ഇവിടെയാണ് ടിഷ്യൂക്കൾച്ചർ തൈകളുടെ പ്രസക്തി. ഒരേ കൃഷിയിടത്തിൽ ഒരേ തോതിൽ വെള്ളവും വളവും മറ്റു പോഷകങ്ങളും നൽകി പരിപാലിക്കുന്ന വാഴകൾ കുലകളുടെ വലുപ്പത്തിലും കായ്കളുടെ എണ്ണത്തിലും വ്യത്യാസപ്പെടാറുണ്ട്. കന്നുകളുടെ ഗുണമേന്മയിലെ അന്തരമാണ് കാരണം. അതേസമയം, ഒരു വാഴത്തോട്ടത്തിലെ മികച്ച വിളവുള്ള വാഴയെ മാതൃസസ്യമാക്കി ടിഷ്യുക്കൾച്ചർ സാങ്കേതികവിദ്യ വഴി അതേ ഗു‌ണമുള്ള ലക്ഷക്കണക്കിനു തൈകളുണ്ടാക്കാം. ഒരു സസ്യകോശത്തിന് അനുകൂല സാഹചര്യത്തി ൽ സ്വയം വളർന്നു വിഭജിച്ച് പൂർണസസ്യമാകാനുള്ള കഴിവാണ് ഇവിടെ  ഉപയോഗപ്പെടുത്തുന്നത്. അഗ്രമുകുളങ്ങളിൽനിന്നാണ് ഇതിനു വേണ്ട കോശങ്ങൾ ശേഖരിക്കുന്നത്. ചെറിയ വാഴക്കന്നുകളുടെ അഗ്രമുകുളങ്ങൾ, വാഴക്കുടപ്പനിലെ അഗ്രമുകുളങ്ങൾ എന്നിവ ഇതിനായി ഉപയോഗിക്കുന്നു. വളരെ വേഗത്തിൽ വിഭജിക്കുന്ന കോശങ്ങളാണ് അഗ്രമുകുളങ്ങളിൽ കാണുന്നത് എന്നതിനാൽ വൈറസ് രഹിത കോശങ്ങളാണ് ലഭ്യമാകുന്നത്.

Read also: അത്യുൽപാദനത്തിന് ടിഷ്യു കൾചർ വാഴകൾ; വാഴത്തൈകളുൽപാദിപ്പിച്ച് ബിന്ധ്യ 

വാഴയിൽ വൈറസുണ്ടാക്കുന്ന കൂമ്പടപ്പുരോഗം, കൊക്കാൻ (മഹാളി) രോഗം എന്നിവ ടിഷ്യൂക്കൾ ച്ചർ തൈകളിൽ സാധാരണ കാണാറില്ല. കോശങ്ങളെടുക്കുന്ന മാതൃസസ്യത്തിന്റെ അതേ സ്വഭാവമാണ് ടിഷ്യൂക്കൾച്ചർ തൈകൾക്കും കാണുക. ഇങ്ങനെ തൈകൾ വളർത്തിയെടുക്കാൻ ആദ്യ 4–5 മാസം ലാബിലും ബാക്കി 3–4 മാസം നഴ്സറിയിലുമായി 9 മാസക്കാലം ആവശ്യമുണ്ട്. രോഗ–കീടബാധയില്ലാത്ത, അത്യുൽപാദനശേഷിയുള്ള ലക്ഷക്കണക്കിന് തൈകൾ ഒരേ സമയം ഈ രീതിയില്‍ തയാറാക്കാം. നട്ട്, തുടക്കത്തിൽ ടിഷ്യുക്കൾച്ചർ തൈകൾക്കു വളർച്ച കുറവായി തോന്നുമെങ്കി ലും 2 മാസമാകുമ്പോഴേക്കും കന്നുകൾ വച്ചു വളർന്ന വാഴയുടെ അതേ വലുപ്പവും ശക്തിയും ടിഷ്യുക്കൾച്ചർ തൈകളും നേടും.  ടിഷ്യുക്കൾച്ചർ  തൈകൾ പ്രചാരത്തിലായതോടെയാണ് വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി ചെയ്യുന്നവർക്ക് വർഷം മുഴുവനും തൈകൾ ലഭിക്കുന്ന സ്ഥിതി വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com