പ്രാണിപിടിയൻ ചെടികളുടെ കൂട്ടുകാരി; ടെറസിൽ നോൺവെജ് ചെടികളുടെ ശേഖരവുമായി വീട്ടമ്മ
Mail This Article
എറണാകുളം ഇടപ്പള്ളിയില്‍ ലക്ഷ്മി– പ്രജാത് ദമ്പതികളുടെ വീടിന്റെ മേൽത്തട്ട് പ്രാണിപിടിയൻ ചെടികളുടെ ലോകമാണ്. സറാസീനിയ, ഡയോണിയ, ഡ്രൊസീറ, പിച്ചർ പ്ലാന്റ്, പിങ്ക്യുകുല എല്ലാം ഉൾപ്പെടുന്ന അപൂര്‍വ ശേഖരം. പല നിറത്തിലുള്ള സറാസീനിയ ചെടികൾ വലിയൊരു ടബ് നിറയെ തിങ്ങിനിറഞ്ഞു നിൽക്കുന്നു.
ചെടികളും യാത്രയും ഇഷ്ടപ്പെടുന്ന, എന്‍ജിനീയറിങ് ബിരുദധാരിയായ ലക്ഷ്മി ആറു വർഷങ്ങൾക്കു മുൻപാണ് പ്രാണിപിടിയന്മാരെ പരിചയപ്പെടുന്നത്. ചെന്നൈയിൽനിന്നു കിട്ടിയ പിച്ചർ പ്ലാന്റ് വളർത്തി പ്രാണിപിടിയൻ ചെടികളുടെ സ്വഭാവവും വളർച്ചരീതിയുമെല്ലാം മനസ്സിലാക്കി. ഇടുക്കിയിലേക്കുള്ള ഒരു യാത്രയിൽ ശേഖരിച്ച ഡ്രൊസീറയുടെ വിത്തുകൾ പാകി വളർത്തിയെടുത്ത ചെടികൾ വേനൽക്കാലത്തു നശിച്ചുപോയി. പിന്നീട് വടക്കേ ഇന്ത്യയിൽനിന്നു വരുത്തിയ മറ്റിനങ്ങളുടെ ചെടികൾ വളർത്തി വിജയിച്ചു. പിന്നീട് ഓരോന്നായി ശേഖരം വിപുലമാക്കി, ഒപ്പം ഇവയുടെ പ്രജനനരീതിയും സ്വായത്തമാക്കി. സക്കുലന്റ് ചെടികളുടെ വലിയൊരു ശേഖരവും ഉണ്ടാക്കിയെടുത്തു. ദിവസവും ഒരു മണിക്കൂറെങ്കിലും ചെടികൾക്കൊപ്പം ചെലവഴിക്കുന്ന ഈ വീട്ടമ്മ ഓൺലൈൻ ആയി ഇവ വില്‍ക്കുന്നുണ്ട്. തന്റെ അറിവ് പുതു തലമുറയുമായി പങ്കുവയ്ക്കാൻ വർക്‌ഷോപ്പുകൾ നടത്താറുമുണ്ട്.
ഫോണ്‍: 80754 81039