വിത്തിനായി പാകപ്പെടാൻ വേണം ഒരു മാസത്തെ ഉണക്ക്; കിഴങ്ങുവിളകളുടെ വിളവെടുപ്പും വിത്തുസൂക്ഷിപ്പും ഇങ്ങനെയാണ്
Mail This Article
കേരളത്തിലെ കാലാവസ്ഥ കിഴങ്ങുവിളകൾക്ക് വളരെ അനുയോജ്യമാണ്. മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, കൂർക്ക, കൂവ എന്നിവയാണ് ഇവയില്‍ പ്രധാനം. കിഴങ്ങുകൾ, വള്ളികൾ, കമ്പ് എന്നിവയാണ് നടീൽവസ്തുക്കളായി ഉപയോഗിക്കുന്നത്.
മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക ഇവയൊഴികെയുള്ള വിളകൾ മിക്കവാറും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നട്ട്, ഡിസംബർ -ജനുവരിയോടെ വിളവെടുക്കും.
തുടർച്ചയായ മഴ കിഴങ്ങുകളുടെ പാചക ഗുണം കുറയ്ക്കും, വിശേഷിച്ചും കരഭൂമിയിൽ കൃഷി ചെയ്യുമ്പോൾ. അതിനാൽ മഴ മാറി, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വരണ്ട കാലാവസ്ഥയില്‍ വിളവെടുക്കുന്നതാണ് നല്ലത്.
മരച്ചീനി
ഹ്രസ്വകാലയിനങ്ങൾ 6-7 മാസം കൊണ്ടും ദീർഘകാലയിനങ്ങൾ 9-11 മാസം കൊണ്ടും വിളവെടുക്കാം. മഞ്ഞിച്ചും ഉണങ്ങിയും കൊഴിയുന്ന ഇലകൾ, ചുവട്ടിലെ മണ്ണിലുണ്ടാകുന്ന വിണ്ടുകീറൽ ഇവ മൂപ്പെത്തിയതിന്റെ ലക്ഷണങ്ങളാണ്. അടുത്ത കൃഷിക്കു നടാനായി ഉപയോഗിക്കേണ്ട കമ്പുകളും ആവശ്യത്തിന് മൂപ്പെത്തണം. 7-10 മാസം മൂപ്പുള്ളതും 2-3 സെ.മീ. വണ്ണവും രോഗ, കീടബാധയില്ലാത്തതുമായ കമ്പുകള്‍ വേണം നടാന്‍. നെടുകെ മുറിക്കുമ്പോൾ ഉള്ളിലെ മജ്ജയുടെ വ്യാസം കമ്പിന്റെ വ്യാസത്തിന്റെ 50 ശതമാനമോ അൽപം കുറവോ ആകാം. വിളവെടുത്തശേഷം പുത്തൻ കമ്പുകൾ നടാനായി ഉപയോഗിക്കാമെങ്കിലും രണ്ടാഴ്ചയെങ്കിലും തണലിൽ സൂക്ഷിച്ചവയാണ് കൂടുതൽ നല്ലത്.
കമ്പുകൾ കെട്ടുകളാക്കി തണലത്തു കുത്തനെ സൂക്ഷിക്കുന്ന പതിവുണ്ട് കര്‍ഷകര്‍ക്ക്. എന്നാൽ, ഇവ 2 മാസത്തിനുള്ളിൽ നടുന്നതാണ് നല്ലത്. കമ്പുകളിൽ ഡൈമെതോയേറ്റ് 30 EC എന്ന കീടനാശിനി 2 മില്ലി ലീറ്റർ, ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന അളവിലോ ഇമിഡാക്ലോപ്രിഡ് 17.8 SL, 0.5 മില്ലി ലീറ്റർ ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന അളവിലോ തളിച്ച് സൂക്ഷിക്കുന്നത് കീടബാധ ഒഴിവാക്കും.
മധുരക്കിഴങ്ങ്
ഇനങ്ങളുടെ കാലാവധി അനുസരിച്ചാണ് മധുരക്കിഴങ്ങ് വിളവെടുക്കുന്നതെങ്കിലും മൂപ്പെത്തുമ്പോഴുള്ള അധിക ഈർപ്പം വള്ളികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും വിളവിനെ ബാധിക്കുകയും ചെയ്യും. അതിനാല്‍, മണ്ണിലെ ഈര്‍പ്പം മാറി കാലാവസ്ഥ അനുകൂലമാകുമ്പോൾ വിളവെടുക്കാം. മൂപ്പെത്തിയ വള്ളികൾ (പെൻസിൽ കനം) മുറിച്ച് 2-3 ദിവസം കഴിഞ്ഞ് അടുത്ത കൃഷിക്കായി നടാം.
ചേന, കാച്ചിൽ, ചെറുകിഴങ്ങ്, കൂവ
ഇലകൾ മഞ്ഞിച്ച് ഉണങ്ങി ചെടികൾ പട്ടു പോകുന്നതാണ് മൂപ്പിന്റെ ലക്ഷണങ്ങൾ. എന്നാൽ പ്രതികൂല കാലാവസ്ഥയിലോ വിപണി ലക്ഷ്യമാക്കിയോ കർഷകർ നേരത്തേ വിളവെടുക്കാറുണ്ട്. പച്ചക്കറിയായി ഉപയോഗിക്കാമെങ്കിലും കൂടുതൽ ജലാംശമുള്ളതിനാൽ ഇവ അഴുകുന്നതിനു സാധ്യത കൂടും. അതിനാല്‍, വിത്തിനായി സൂക്ഷിക്കാതിരിക്കുകയാണു നല്ലത്.
വിളയുടെ അവസാനഘട്ടത്തിൽ ലഭിക്കുന്ന മഴ അഥവാ അധിക ഈർപ്പം മൂപ്പിന്റെ കാലാവധി വർധിപ്പിച്ചേക്കാം. ചെടികൾ ഉണങ്ങിയശേഷം ഒരു മാസമെങ്കിലും മണ്ണിൽ കിടന്നു പാകപ്പെടാൻ അനുവദിക്കണം. കിഴങ്ങിലെ അധിക ജലാംശം മാറി വിത്തുചേനയോ കാച്ചിലോ ആകാൻ ഇത് പ്രയോജനപ്പെടും. വിളവെടുക്കുമ്പോൾ ഇവയ്ക്കു ക്ഷതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വിളവെടുപ്പിനുശേഷവും മണ്ണിന്റെ അംശം പാടെ മാറ്റി ഒന്നോ രണ്ടോ ദിവസം തണലിൽ സൂക്ഷിക്കുന്നതു കൊള്ളാം. ഇതിനുശേഷം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് നിലത്തോ പ്രത്യേകം തട്ടുകളിലോ നിരത്തി 2-3 മാസംവരെ സൂക്ഷിക്കാം.
ചേനവിത്തിൽ അധിക താപനിലയും ആപേക്ഷിക സാന്ദ്രതയും കൊണ്ടുണ്ടാകുന്ന മീലിമൂട്ടകൾ സംഭരണകാലത്തു കാണാറുണ്ട്. ഈ ശല്യമൊഴിവാക്കാന്‍ ഇമിഡാക്ലോപ്രിഡ് 17.8 L 0 5 മി.ലീ. ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു സൂക്ഷിക്കാം. വിളവെടുക്കുമ്പോഴുള്ള ക്ഷതമോ അധിക ജലാംശമോ കാരണം വിത്ത് അഴുകാനിടയുണ്ട്. ട്രൈക്കോഡെർമ കലർത്തിയ ചാണകപ്പാലിൽ (5 ഗ്രാം 5 കിലോ ചേനയ്ക്ക്) 10 മിനിറ്റ് നേരം മുക്കി തണലിൽ ഉണക്കുന്നത് ഗുണം ചെയ്യും. അല്ലെങ്കില്‍ മാൻകോ സെബ്, കാർബെന്‍ഡാസിം ഇവ ചേർന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കിയതില്‍ വിത്തുകൾ 10 മിനിറ്റ് മുക്കിവച്ച ശേഷം ഉണക്കി സൂക്ഷിക്കാം. കർഷകർ സാധാരണയായി ചെയ്തു പോരുന്നതു ചേനയുടെ നടുമുകുളം നീക്കം ചെയ്ത് കമഴ്ത്തി സൂക്ഷിക്കലാണ്. ഇതു പെട്ടെന്ന് മുള പൊട്ടുന്നതിനു തടസ്സമാകാറുണ്ട്. കൃഷിസ്ഥലത്തുതന്നെ പ്രകാശവും വായുസഞ്ചാരവും ലഭിക്കുന്ന രീതിയിൽ മരത്തണലിൽ സംഭരിക്കുന്ന രീതിയുമുണ്ട്.
ചേമ്പിൽ മൂപ്പെത്തുന്നതിന് ഒരു മാസം മുൻപുതന്നെ ഇലകളും നാമ്പുകളും ചുരുട്ടി ചുവട്ടിൽ വച്ച് മണ്ണിട്ടു കൊടുക്കുന്നത് മൂപ്പ് ത്വരിതപ്പെടുത്തുകയും പുതിയ നാമ്പുകൾ പൊട്ടി മുളയ്ക്കുന്നതു തടയുകയും ചെയ്യും. തള്ളച്ചേമ്പുകളാണെങ്കിൽ എത്രയും വേഗം നേടുന്നതാണു നല്ലത്. കുഞ്ഞുചേമ്പുകളാണെങ്കിൽ ക്ഷതമേൽക്കാത്തവ തിരഞ്ഞെടുത്ത് തണലും വായുസഞ്ചാരവുമുള്ളിടത്തു സൂക്ഷിക്കാം. കുറഞ്ഞ അളവിലാണെങ്കിൽ ചണസഞ്ചിയിലോ തുണിസഞ്ചിയിലോ 2 -3 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.
ഫോണ്‍: 9446396026