ADVERTISEMENT

കൊക്കൂൺ വെറുമൊരു പേരല്ല, പുതുലോകത്തേക്കു കണ്ണു തുറക്കും വരെ ഓരോ ജീവനും സുരക്ഷിതമായി പാർക്കുന്ന ഇടത്താവളമാണ്. ഓരോ ടിഷ്യൂകൾചർ ലാബും ഒരു കൊക്കൂണാണ്. മണ്ണിലേക്കു പറിച്ചു നടും വരെ ഓരോ ചെടിയും കരുതലോടെ സംരക്ഷിക്കപ്പെടുന്ന സ്ഥലം. സ്വന്തം സംരംഭത്തിന്റെ പേര് എന്ന നിലയിൽ മാത്രമല്ല, സംരംഭകയെന്ന നിലയിലും ‘കൊക്കൂൺ’ എന്ന പേരിന് ഏറെ പ്രസക്തിയുണ്ടെന്നു പറയുന്നു  എറണാകുളത്തിനടുത്തു ചെറായിയിലെ കൊക്കൂൺ ബയോടെക് ഉടമ ബബി ഗിരീഷ്. കൊ‌ക്കൂണിലെന്നപോലെ പലരുടെയും ഉള്ളിൽ ഒളിച്ചിരിപ്പുണ്ട് സംരംഭ താൽപര്യം. അതിനെ കരുതലോടെ പരിപാലിക്കാനും വളർത്താനും കഴിഞ്ഞാൽ വിജയം ഉറപ്പെന്നു ബബി. 

ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടി വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞ ബബി ഗിരീഷിന്റെ ഉള്ളിലുമുണ്ടായിരുന്നു ഒരു സംരംഭക. ആലോചനകളുടെയും സന്ദേഹങ്ങളുടെയും ഒടുവിൽ ബബി അതിനുള്ള ധൈര്യം സംഭരിച്ചു. വീടിന്റെ ടെറസിൽ ചെറിയൊരു മുറിയിൽ തുടങ്ങിയ സംരംഭം മൂന്നു കൊല്ലം കൊണ്ട് ഒട്ടേറെ ഉപഭോക്താക്കളുള്ള സ്ഥാപനമായി വളര്‍ന്നു. പഠിച്ചതു ബോട്ടണി ആയതുകൊണ്ടു മാത്രമല്ല, അലങ്കാരച്ചെടികളോടുള്ള താൽപര്യംകൊണ്ടു കൂടിയാണ് ടിഷ്യൂകൾചർ രംഗം തിരഞ്ഞെടുത്തതെന്നു ബബി. തൈ ഉൽപാദനത്തിനുള്ള പല മാർഗങ്ങളിൽ ഒന്നാണല്ലോ ടിഷ്യൂകൾചർ. മാതൃസസ്യത്തിന്റെ കോശത്തിൽനിന്ന് അതേ ഗുണമുള്ള തൈകൾ ഉൽപാദിപ്പിക്കുന്ന ടിഷ്യുകൾചർ വിദ്യ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്ന മേഖലയാണ് അലങ്കാരച്ചെടികളുടേത്. ട്രെൻഡുകൾ നിരന്തരം മാറിമറിയുന്ന അലങ്കാരച്ചെടിവിപണിയെ നിയന്ത്രിക്കുന്നതുതന്നെ പുണെയിലും ബെംഗളൂരുവിലുമുള്ള വൻകിട ടിഷ്യൂകൾചർ ലാബുകളാണ്. വൻകിടക്കാർക്കു മാത്രമല്ല, ചെറുകിടക്കാർക്കും ഈ രംഗത്തു സാധ്യതകളുണ്ടെന്ന് ബബി. മാത്രമല്ല, ഉൽപാദിപ്പിക്കുന്ന ടിഷ്യൂകൾചർ തൈകളിൽ നല്ല പങ്കും ഈ സംരംഭക അയയ്ക്കുന്നതും മേൽപറഞ്ഞ ഉദ്യാനനഗരങ്ങളിലേക്കു തന്നെ. ടിഷ്യൂകൾചർ ഫ്ലാസ്കിൽനിന്നെടുത്ത് പോളിത്തീൻ കൂട്ടിലാക്കി അയയ്ക്കുന്ന ഈ തൈകൾ അവിടങ്ങളിലെ നഴ്സറി സംരംഭകർ ദൃഢീകരിച്ച് (hardening) വിപണികളിലേക്ക് അയയ്ക്കുന്നു. 

Read also: ഇത് വെറും പുല്ലല്ല ; ദിവസം 10 ലക്ഷത്തിന്റെ ബിസിനസ്; മാസം 50,000 രൂപ നേടി കർഷകർ

tissue-culture-lab-2
പ്രോ ട്രേകളിലേക്കു മാറ്റി നട്ട ടിഷ്യു കൾചർ തൈകൾ

വളരുന്ന വിപണി 
സമീപകാലത്ത് അലങ്കാര ഇലച്ചെടികൾക്കു കൈവന്ന വൻ സ്വീകാര്യത ഉദ്യാനമേഖലയ്ക്കാകെ കുതിപ്പു നൽകുന്നതായിരുന്നു. രാജ്യത്തെ വൻകിട നഴ്സറികൾ മുതൽ മുൻനിര സ്റ്റാർട്ടപ് സംരംഭകർവരെ ഇന്ന് അലങ്കാര ഇലച്ചെടിവിപണിയിൽ മുതലിറക്കുന്നുണ്ട്.  ഈ മാറ്റം കേരളത്തിലും കാണാം. ഇൻഡോർ ഇലച്ചെടികൾക്കു മാത്രമായുള്ള ശീതീകരിച്ച ഔട്‌ലെറ്റുകൾ മുതൽ വീടുകൾ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചെറുകിട വനിതാസംരംഭകർവരെ ഈ രംഗത്തുണ്ട്. ഓൺലൈൻ ഓർഡറുകളും കുറിയർ സൗകര്യവും ഗൂഗിൾ പേയുമെല്ലാം ചേർന്നതോടെ ഇവർക്കെല്ലാം സംസ്ഥാനത്തിനകത്തും പുറത്തും വിപണി തുറന്നു കിട്ടുന്നുമുണ്ട്. ഇലച്ചെടികളോടുള്ള പ്രിയം വളരുകയല്ലാതെ കുറയുന്നില്ലെന്ന് ബബിയും പറയുന്നു. വിപണി യിലേക്ക് നിത്യേനയെന്നോണം പുതിയ ഇലച്ചെടിയിനങ്ങൾ വരുന്നത് ഇപഭോക്താക്കളെ നിരന്തരം വിപണിയിലെത്തിക്കുകയും ചെയ്യുന്നു. 

tissue-culture-lab-3
ടിഷ്യു കൾചർ ലാബ്

വിപണിയിലെ ചെറു മാറ്റങ്ങൾപോലും വിലയിരുത്തി ട്രെൻഡ് ആകാവുന്ന ഇനങ്ങളുടെ മദർ പ്ലാന്റ് ശേഖരിച്ചു പരിപാലിച്ച് അവയിൽനിന്ന് ടിഷ്യൂകൾചർ തൈകൾ ഉൽപാദിപ്പിക്കുകയെന്നത് അധ്വാനത്തിന്റെ മാത്രം കാര്യമല്ലെന്നു ബബി. ഈ രംഗത്തേക്കു വരുന്നവർക്ക് ബിസിനസ് താൽപര്യവും ലാഭചിന്തയും മാത്രം പോരാ, മറിച്ച് ചെടികളോടുള്ള സ്നേഹവും ആവേശവും കൂടി വേണം. ഈ ആവേശമാണ് വിപണി പഠിക്കാനും വിജയിക്കാനും കരുത്താകുന്നത്. ഇലച്ചെടിവിപണിയിലെ ട്രെൻഡ് സാമാന്യമായി വിലയിരുത്താനാകുമെങ്കിലും എപ്പോൾ എങ്ങനെ മാറിമറിയുമെന്ന് പറയാനാവില്ല. ഓർക്കാപ്പുറത്താവും ചില ഇനങ്ങളുടെ വിപണി കുതിച്ചുകയറുന്നത്. അതുകൊണ്ടുതന്നെ വിപണി പിടിക്കാൻ സാധ്യതയുള്ള ഇനങ്ങളുടെയെല്ലാം കൾചർ സൂക്ഷിച്ചുവയ്ക്കേണ്ടിവരൂ. എങ്കിൽക്കൂടിയും അവയിൽനിന്നു പൊടുന്നനെ വലിയ തോതിൽ തൈകൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞെന്നുവരില്ല. എണ്ണം പെരുക്കി വിപണിയിലേക്ക് അയയ്ക്കാൻ 3–4 മാസമെങ്കിലും വേണ്ടിവരും.

tissue-culture-lab-4

പ്രിയമുള്ള ഇനങ്ങൾ 
ഇലച്ചെടിയിനങ്ങളിൽ ഇന്ന് ഏറ്റവും ഡിമാൻഡ് ഉള്ളത് ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കെന്ന് ബബി. പിങ്ക് പ്രിൻസസ്, വൈറ്റ് പ്രിൻസസ്, വൈറ്റ് വിസാർഡ്, ബേൾ മാക്സ് തുങ്ങിയവയെല്ലാം നിലവിൽ ഏറെ ആവശ്യക്കാരുള്ള ഫിലോഡെൻഡ്രോൺ ഇനങ്ങളാണ്. പച്ചയിലയിൽ വെള്ളയോ മഞ്ഞയോ നിറങ്ങൾ കൂടി ചേർന്ന വേരിഗേറ്റഡ് ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കു ഡിമാൻഡ് കൂടും. കാരമൽ പ്ലൂട്ടോ, ബില്ലറ്റേ തുടങ്ങിയ വേരിഗേറ്റഡ് ഫിലോഡെൻഡ്രോൺ ഇനങ്ങൾക്ക് മികച്ച വിപണിമൂല്യമുണ്ടെന്നും ബബി. 

Read also: അന്ന് വാക്കു പറഞ്ഞവർ മുങ്ങി, ഇന്നു വിദേശ വിപണിയിലും താരം; ഇത് നിഷയുടെ അധ്വാനത്തിന്റെ വിജയം

tissue-culture-lab-5
അഗ്ലോനിമ തൈകൾ

ഇലച്ചെടികളിൽ വിപണിയിൽ പിടിച്ചു നിൽക്കുന്ന മറ്റൊരിനം അഗ്ലോനിമയാണ്. ഇതിന്റെ 14 ഇനങ്ങൾ ബബിയുടെ ലാബിൽ ഉൽപാദിപ്പിക്കുന്നുണ്ട്. കൊച്ചിൻ റെഡ്, പിക്ടിം, റൂബി, ജയ്പോങ് റെഡ്, ഡയമണ്ട് ഡേ, സിയാംജേഡ്, വലന്റൈൻ, ബോക്സർ, കാൻഡി കെയ്ൻ, ഖൻസാ, പാനമ എന്നിവയെല്ലാം വിപണി യിൽ ഡിമാൻഡ് ഉള്ളവ തന്നെ. അഗ്ലോനിമയ്ക്കൊപ്പം അലോക്കേഷ്യ, കലാത്തിയ ഇനങ്ങളും വിപണിയിൽ ശോഭിക്കുന്നുണ്ട്. ഡോട്ടി, റോസി, ഫ്യൂഷൻ, ഡുബിയ തുടങ്ങിയ കലാത്തിയ ഇനങ്ങൾക്കെല്ലാം ആവശ്യക്കാരുണ്ട്. ചെറിയ ഇലകളും ചെറിയ പൂക്കുളുമുള്ള പോട്ട് ആന്തൂറിയത്തിനും മൂല്യം വർധിച്ചിട്ടുണ്ട്. ഇല ച്ചെടികൾക്കാപ്പം ഡെൻഡ്രോബിയം, ഫലനോപ്സിസ് ഇനം ഓർക്കിഡുകളുടെ ടിഷ്യുകൾചർ തൈകളും ബബി വിപണിയിലെത്തിക്കുന്നു. ഇലച്ചെടികൾപോലെ അത്രയെളുപ്പമല്ല ടിഷ്യൂകൾചർ ഓർക്കിഡ് തൈകളുടെ പ്രാരംഭ പരിപാലനമെന്ന് ബബി. തൈകൾ രക്ഷപ്പെട്ടു കിട്ടാൻ, അനുകൂലമായ കാലാവസ്ഥയും കരുതലും പ്രധാനം.

സംസ്ഥാനത്തിനകത്തും പുറത്തും അലങ്കാരച്ചെടികൾക്കു മികച്ച വിപണിയുള്ളതിനാൽ ടിഷ്യൂകൾചർ തൈ ഉൽപാദനം ഉൾപ്പെടെ ഈ രംഗത്തു കൂടുതൽ സംരംഭകർക്ക് അവസരമുണ്ടെന്ന് ബബി പറയുന്നു. ലാബുകളിൽനിന്നു ലഭിക്കുന്ന തൈകൾ ദൃഢീകരിച്ചു വളർത്തി വിൽപനയ്ക്കത്തിക്കുന്ന സംരംഭത്തിലേക്കും ഒട്ടേറെ വീട്ടമ്മമാർക്കു തിരിയാനാകും, വിപണിയിൽ 300–400 രൂപയൊക്കെ വിലയുള്ള പല ഇനങ്ങളുടെയും തൈകൾ ടിഷ്യൂകൾചർ ലാബിൽനിന്ന് 35–40 രൂപയ്ക്കു വാങ്ങാനാകും. അവ കരുതലോടെ 3–4 മാസം വളർത്തി മുന്തിയ വിലയ്ക്കു വിൽക്കാം.

ഫോൺ: 9961170680

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com