ഏക്കറിൽ 10,000 ചെടികൾ; 6–8 ടൺ പൂക്കൾ ഉൽപാദനം: സൗജന്യ പരിശീലനത്തോടെ ചെണ്ടുമല്ലിക്കൃഷിക്കു തയാറെടുക്കാം
Mail This Article
പൂക്കളങ്ങൾക്കും പൂമാലകൾക്കുമായി സീസണിലും അല്ലാതെയും വിപണിയുള്ള പൂവാണ് ചെണ്ടുമല്ലി. സമീപകാലത്ത് ചെണ്ടുമല്ലിക്കൃഷിക്കു കേരളത്തിൽ പ്രചാരം ഏറിവരുന്നുണ്ട്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലു ള്ള ചെണ്ടുമല്ലികളാണ് പൊതുവേ കൃഷി ചെയ്യുന്നത്. വലുപ്പമേറിയ പൂക്കളുണ്ടാകുന്ന, ആഫ്രിക്കൻ ചെണ്ടുമല്ലിക്കാണ് കൃഷിയിടങ്ങളിൽ പ്രചാരം (കുറിയ ഇനത്തിൽപെട്ട ഫ്രഞ്ച് ചെണ്ടുമല്ലിയും കൃഷി ചെയ്യുന്നുണ്ട്). ഏക്കറിൽ 8000 മുതൽ10,000 ചെടികൾ വരെ നടാം. മികച്ച ഉൽപാദനമുള്ള ഹൈബ്രിഡ് ചെണ്ടുമല്ലിത്തൈകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
മണ്ണ്
നല്ല നീർവാർച്ചയുള്ളതും നന്നായി സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശങ്ങൾ കൃഷിക്കു തിരഞ്ഞെടുക്കാം. അമ്ലസ്വഭാവമുള്ള മണ്ണ് ചെണ്ടുമല്ലിക്കു യോജിച്ചതല്ല. അതിനാൽ, കൃഷിക്കു മുൻപ് മണ്ണിൽ കുമ്മായം ചേർത്ത് അമ്ലത കുറയ്ക്കണം. അതിനായി തൈകൾ നടുന്ന കുഴികളിൽ 50 ഗ്രാം നീറ്റുകക്ക മണ്ണുമായി ചേർക്കുക. 5 ദിവസത്തിനുശേഷം ചാണകപ്പൊടി അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് അതല്ലെങ്കിൽ ചകിരിക്കമ്പോസ്റ്റ് ഏക്കറിന് 800 കിലോ എന്ന തോതിൽ (ചെടിയൊന്നിന് 80ഗ്രാം) നൽകുക. ഇതിലേക്ക് ചെടി ഒന്നിന് 15 ഗ്രാം സ്യൂഡോമോണസ്, 15 ഗ്രാം ട്രൈക്കോഡേർമ എന്നിവയും ചേർക്കാം. വരമ്പുകളെടുത്ത് അതിലാണ് ചെടി നടുന്നത്. വരമ്പുകൾ തമ്മിൽ 60 സെന്റി മീറ്ററും ചെടികൾ തമ്മിൽ 45 സെന്റി മീറ്ററും അകലം നൽകുക. 3 ദിവസം കൂടുമ്പോൾ നനയ്ക്കുക. മണ്ണിൽ ജലാംശം കുറവെങ്കിൽ നനയുടെ എണ്ണം കൂട്ടുക
വളപ്രയോഗം
നട്ട് 15ദിവസത്തിനുശേഷം വെള്ളത്തിൽ അലിയുന്ന 19:19:19 രാസവളം 5 ഗ്രാം, ജൈവ ശക്തി 5 മി.ലീ. എന്നിവ കൂടി ചേർത്ത് കാലത്ത് 9 മണിക്കു മുൻപായി ഇലകളിൽ തളിക്കുക. ഈ സമയം മണ്ണിൽ ഈർപ്പമുണ്ടാകണം. ചെടി നട്ട് 20 ദിവസത്തിനുശേഷം കാത്സ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിക്കുക. 2 ദിവസം കഴിഞ്ഞ് 19:19:19വളം ജൈവശക്തി ചേർത്തു വീണ്ടും തളിക്കുക. 25 ദിവസത്തിനു ശേഷം 16:16:16 എന്ന രാസവളം ഒരു ചെടിക്ക് 15 ഗ്രാം എന്ന തോതിൽ ഓരോ ചെടിയുടെയും കടയ്ക്കലിട്ട് മണ്ണു കയറ്റി കൊടുക്കുക. നട്ട് 30–35 ദിവസമെത്തുമ്പോൾ ചെടികളുടെ അഗ്രമുകുളങ്ങൾ നുള്ളിക്കളയുന്നത് കൂടുതൽ പൂക്കളുണ്ടാകാൻ സഹായിക്കും. നട്ട് 60 ദിവസത്തിനുള്ളിൽ പൂക്കളുണ്ടായിത്തുടങ്ങും. കൂടുതൽ പൂമൊട്ടുകൾ ഉണ്ടാകുന്നതിനും പൂക്കൾക്കു നല്ല വലുപ്പമുണ്ടാകുന്നതിനും വെള്ളത്തിൽ അലിയുന്ന SOP വളം 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കുക. രാവിലെ തളിക്കുന്നതാണ് ഉത്തമം.
കീട,രോഗ നിയന്ത്രണം
ചെണ്ടുമല്ലിച്ചെടികളിൽ വാട്ടരോഗം കാണാറുണ്ട്. നട്ട് 2 ദിവസത്തിനുശേഷം കാർബൺഡാസിം എന്ന കുമിൾനാശിനി 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഒരു ചെടിയുടെ കടയ്ക്കൽ100 മി.ലീ. വീതം ഒഴിക്കുക. ബാക്ടീരിയ/കുമിൾ രോഗങ്ങൾ മൂലം വാടാതിരിക്കുന്നതിന് GRALIZ അല്ലെങ്കിൽ CONIKA 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 20 ദിവസത്തിനുശേഷം ഒരു ചെടിക്ക് 150 മി.ലീ. എന്ന അളവിൽ മണ്ണിൽ ഒഴിച്ചു കൊടുക്കുക.
വിളവെടുപ്പ്
ചെടികൾ നട്ട് 60 ദിവസം കഴിഞ്ഞാൽ പൂക്കൾ ലഭ്യമായിത്തുടങ്ങും. തുടർന്ന് രണ്ട്–രണ്ടര മാസം വരെ പൂക്കൾ ലഭിക്കും. പരിചരണമുറകൾ കൃത്യമെങ്കിൽ ഏക്കറിന് 6–8 ടൺ പൂക്കൾ ലഭിക്കും. ഒരു ചെടിയിൽ നിന്ന് 6 -7 പ്രാവശ്യം വിളവെടുക്കാം.
നല്ല ഉൽപാദനം നൽകുന്ന ഹൈബ്രിഡ് ചെണ്ടുമല്ലിത്തൈകൾ തൃശൂർ കാവുങ്ങൽ അഗ്രോ ടെക്കിന്റെ buy N farm നഴ്സറിയിൽനിന്ന് മിതമായ നിരക്കിൽ നൽകുന്നുണ്ട്. ഒപ്പം, കൃഷിക്ക് ആവശ്യമായ സാങ്കേതിക ജ്ഞാനവും ഇവിടെനിന്നു ലഭിക്കും.
ഫോൺ: 8156802007, 7034832832