ഡാർക് ചോക്ലേറ്റ് കുട്ടികൾക്കു കൊടുക്കണോ?
Mail This Article
അധികം പഞ്ചസാര ചേർക്കാത്ത, കൂടിയ അളവിൽ കൊക്കോ ബട്ടർ ചേർത്ത, ആരോഗ്യമേന്മകളേറിയ പ്രീമിയം ഡാർക് ചോക്ലേറ്റുകൾക്കു ഡിമാന്‍ഡ് ഏറുന്നുണ്ട്. ചോക്ലേറ്റ് നൽകുന്ന ഉത്തേജനത്തിനും ഉത്സാഹത്തിനും അടിസ്ഥാനം കൊക്കോയിലുള്ള തിയോബ്രോമിൻ എന്ന ഘടകമാണ്. തിയോബ്രോമിന്റെ അളവു കൂടിയവയാണ് ഡാർക് ചോക്ലേറ്റുകൾ. കുട്ടികളും കൗമാരക്കാരുമാണല്ലോ ചോക്ലേറ്റിന്റെ സ്ഥിരം ഉപഭോക്താക്കൾ.
തിയോബ്രോമിന്റെ അളവു കൂടുതലുള്ള ചോക്ലേറ്റ് കഴിക്കുന്നത് കുട്ടികളിൽ അമിതോത്സാഹത്തിനും പിരുപിരുപ്പിനും (hyper activity) വഴിവയ്ക്കുമെന്നും ഗവേഷകർ. അതുകൊണ്ടുതന്നെ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഡാർക് ചോക്ലേറ്റുകൾ നൽകാതിരിക്കുന്നതാണു ഉത്തമമെന്ന് കൊക്കോ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ജെ.എസ്.മിനിമോൾ പറയുന്നു. കുട്ടികൾക്കു യോജിച്ചത് മിൽക് ചോക്ലേറ്റുകൾ തന്നെ. മുതിർന്നവർക്കാകട്ടെ, കൂടുതൽ ഗുണകരം ഡാർക് ചോക്ലേറ്റ് തന്നെ. ഉന്മേഷവും ഉത്സാഹവും വർധിക്കും.
മായം ചോക്ലേറ്റിലും
ഒട്ടേറെ പോഷകമേന്മകളുണ്ട് ചോക്ലേറ്റിന്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും ഉത്സാഹം നിറയ്ക്കാനും ചോക്ലേറ്റിനു കഴിയും. എന്നാൽ നിലവാരം കുറഞ്ഞ ചോക്ലേറ്റ് കഴിച്ചാല്‍ വിപരീത ഫലമാണ്. കൊക്കോ പൗഡറും കൊക്കോ ബട്ടറും എത്ര ശതമാനം ചേർക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ചോക്ലേറ്റിന്റെ ഗുണമേന്മ. ഈ രണ്ടിനങ്ങളിലും നിഷ്ക്കർഷയില്ലാതെ നിർമിക്കുന്ന കോംപൗണ്ട് ചോക്ലേറ്റുകളും ഇന്നു വിപണിയിൽ സുലഭം. ഉയർന്ന വിലയുള്ള കൊക്കോ ബട്ടറിനു പകരം, വില കുറഞ്ഞ ഹൈഡ്രോജനേറ്റഡ് വെജിറ്റബിൾ ഓയിലാണ് പലരും കോംപൗണ്ട് ചോക്ലേറ്റിൽ ഉപയോഗിക്കുന്നത്.
കൊക്കോ പൗഡറിന്റെ അളവും നാമമാത്രമായിരിക്കും. മധുരം കൂട്ടാനായി അമിതമായി പഞ്ചസാര കൂടി ചേർക്കുന്നതോടെ ഗുണത്തിനു പകരം ദോഷമേറും. കൊക്കോ ബീൻസിന്റെ തോട് പൊട്ടിച്ചു മാറ്റുമ്പോൾ ലഭിക്കുന്ന കൊക്കോ നിബ്സ് അരച്ച് അതിൽനിന്നു വേർതിരിച്ചെടുക്കുന്നവയാണ് കൊക്കോ പൗഡറും ബട്ടറും. ഇങ്ങനെ പൊട്ടിച്ചു മാറ്റുന്ന തോട് കൊക്കോ പൗഡറിനു പകരമായി ചോക്ലേറ്റിൽ ചേർക്കുന്നവരുമുണ്ട്. ഈ മായം തിരിച്ചറിയുക എളുപ്പവുമല്ല.