കൃഷിയാണ് അത്ലറ്റ് മേരിയുടെ ആരോഗ്യവും ഫിറ്റ്നെസും: റിട്ടയർമെന്റ് ഹോമിലും കൃഷിയില്‍ സജീവം
Mail This Article
ഡല്‍ഹിയില്‍ 1982ല്‍ നടന്ന ഏഷ്യാഡ് ഓര്‍മയുള്ളവര്‍ എം.ടി. മേരിയെ മറന്നുകാണില്ല. ഹെപ്റ്റാത്തലണിൽ റെക്കോർഡോടെ സ്വർണം നേടുമെന്നു രാജ്യം പ്രതീക്ഷിച്ച മേരി പട്യാലാ ക്യാംപിലെ പരിശീലനത്തിനിടെ പരുക്കേറ്റ് പുറത്തായി. അല്ലാത്തപക്ഷം ഏഷ്യൻ ഗെയിംസിലെ ഏറ്റവും തിളക്കമാർന്ന പ്രകടനങ്ങളിലൊന്നാകുമായിരുന്നു തന്റേതെന്നു മേരി ഓർമിക്കുന്നു. ഏറ്റവും കായികക്ഷമത വേണ്ട ഹെപ്റ്റാത്തലണിലായിരുന്നു മേരി കൂടുതൽ ശോഭിച്ചിരുന്നത്. കേരള അത്‌ലറ്റിക് ടീമിന്റെ ക്യാപ്റ്റനായിരുന്ന മേരിക്കു ജി.വി.രാജാ അവാർഡും ലഭിച്ചിട്ടുണ്ട്. ഹെപ്റ്റാത്തലണിൽ ദേശീയ റിക്കാർഡ് ഇട്ടപ്പോൾ കേരളത്തിലെ എല്ലാ പത്രങ്ങളിലും ഒന്നാം പേജ് വാർത്ത വന്നതിന്റെ സന്തോഷവും ആവേശവും ഇപ്പോഴും മേരിയുടെ ഓർമയിലുണ്ട്.
കായികലോകത്തുനിന്നുണ്ടായ കയ്പുറ്റ അനുഭവങ്ങളൊക്കെ മറന്നു കഴിഞ്ഞ മേരിക്കിപ്പോള്‍ കൃഷിയാണ് സന്തോഷം. മേരിയുടെ ആരോഗ്യരഹസ്യവും മറ്റൊന്നല്ല. ഒരു സീനിയർ സിറ്റിസൺ ആണെന്നു മേരിയെ കണ്ടാല്‍ തോന്നില്ല. കായികതാരത്തിന്റെ ശരീരഘടന കൈമോശം വരാത്ത ഈ എഴുപതുകാരിയുടെ ഫിറ്റ്നസിനു പിന്നിൽ കൃഷിക്കു വലിയ പങ്കുണ്ട്. സ്പോർട്സ് ക്വാട്ടയിൽ പോർട് ട്രസ്റ്റിൽ ജോലി നേടിയ മേരി, വിരമിച്ച ശേഷമാണ് കൃഷിയുടെ കളിക്കളത്തിൽ സജീവമായത്. 8 വർഷം മുന്‍പ് ഭർത്താവ് ജേക്കബ് ജോർജ് മരിച്ചതോടെ കൃഷിയായി ഏക സന്തോഷം. മഹാരാജാസ് കോളജിലെ ഫിസിക്സ് അധ്യാപകനും മണിമലക്കുന്ന് ഗവ. കോളജ് പ്രിൻസിപ്പലുമായിരുന്നു അദ്ദേഹം.
റിട്ടയർമെന്റ് ജീവിതത്തിലെ വെറും നേരമ്പോക്കല്ല തനിക്കു കൃഷിയെന്നു മേരി. കർഷകനായിരുന്ന പിതാവിൽനിന്നു പകർന്നു കിട്ടിയ പാരമ്പര്യമാണത്. 50 ഏക്കറിലേറെ കൃഷിയുണ്ടായിരുന്ന അദ്ദേഹത്തിനൊപ്പം നടന്നാണ് കൃഷികാര്യങ്ങള്‍ പഠിച്ചത്.
തൃശൂർ പാലിശേരി ആറാട്ടുപുഴയിലുളള ദേവദേയം എൽഡേഴ്സ് വില്ലേജിലാണ് ഇപ്പോൾ മേരിയുടെ താമസം. ഒന്നര വർഷം മുന്‍പ് ഇവിടെ എത്തിയപ്പോൾ മുതൽ കൃഷിയിലൂടെ ഈ സ്ഥാപനത്തിന്റെ മുഖഛായ മാറ്റാൻ മേരി യത്നിക്കുന്നു. വിളകള്‍ക്ക് പുഴുക്കുത്തുണ്ടോ, വേണ്ടത്ര വളർച്ചയുണ്ടോ, പൂവിടുന്നില്ലേ എന്നൊക്കെ രാവിലെതന്നെ പരിശോധിക്കും. നന, വളപ്രയോഗം എന്നിവയൊക്കെ വൈകുന്നേരം 5.30 മുതലുള്ള 2–3 മണിക്കൂറിലാണ്. ചെടികളെ പരിചരിക്കുമ്പോഴും അവ വളർന്നു ഫലം നൽകുമ്പോഴും ലഭിക്കുന്ന സന്തോഷം മറ്റൊന്നില്‍നിന്നും കിട്ടില്ലെന്നു മേരി. മുന്‍പ് എറണാകുളത്തെ മറ്റൊരു റിട്ടയർമെന്റ് ഹോമിൽ 8 വർഷം ജീവിച്ചപ്പോള്‍ അവിടെ 4–5 ഏക്കറിൽ കൃഷി നടത്തി. എൽഡേഴ്സ് വില്ലേജിൽ കൂടുതൽ സ്ഥലം കൃഷിക്കു ലഭ്യമല്ലെന്ന സങ്കടം മാത്രമേ ഇപ്പോൾ മേരിക്കുള്ളൂ.
മുറ്റത്ത് കോൺക്രീറ്റ് റിങ്ങുകളിൽ നട്ടിരുന്ന അലങ്കാരച്ചെടികൾ മാറ്റി ഫലവൃക്ഷങ്ങൾ നടുകയാണ് ശാന്തി ഭവനിൽ എത്തിയ ഉടൻ താൻ ചെയ്തതെന്ന് മേരി പറഞ്ഞു. സിഇഒ ഫാ. ജോയി കുത്തൂരും മറ്റ് പ്രവർത്തകരും പ്രോത്സാഹിപ്പിച്ചു. മണ്ണുത്തിയൽ പോയി തൈകൾ വാങ്ങാനും മറ്റും അവര്‍ സഹായിച്ചു. 60 മാവും 15 പ്ലാവും ഉൾപ്പെടെ നൂറിലേറെ ഫലവൃക്ഷങ്ങളാണ് ഇപ്പോൾ ഈ മുറ്റത്തെ വളയങ്ങൾക്കുള്ളിൽ വളരുന്നത്. വേപ്പിൻപിണ്ണാക്കും ചാണകപ്പൊടിയും എല്ലുപൊടിയുമൊക്കെ സമൃദ്ധമായി ചേർത്തതു കൊണ്ടാവണം എല്ലാം നന്നായി വളർന്നിട്ടുണ്ട്. പലതും ഫലം നൽകിത്തുടങ്ങി.
ഏക മകൻ ഷോഗൺ സ്കോട്‌ലൻഡ്‌യാർഡിലാണു ജോലി ചെയ്യുന്നത്. മകനെ സന്ദർശിക്കുമ്പോളൊഴികെ എല്ലാ ദിവസവും കൃഷിക്കാര്യങ്ങൾക്കാണ് താൻ സമയം വിനിയോഗിക്കുന്നതെന്ന് മേരി പറഞ്ഞു. ‘‘റിട്ടയർമെന്റ് ജീവിതത്തിൽ എല്ലാവർക്കും കൂടെക്കൂട്ടാവുന്ന ഒന്നാണ് കൃഷി. മനസ്സിന്റെയും ശരീരത്തി ന്റെയും ആരോഗ്യം സംരക്ഷിക്കാൻ അതുവഴി സാധിക്കും. സ്പോർട്സ് താരമായിരുന്നതിനാൽ പതിവു വ്യായാമമുറകള്‍ ഇപ്പോഴുമുണ്ട്. എന്നാൽ, അതിലുപരിയാണ് കൃഷിയിലൂടെ കിട്ടുന്ന ആരോഗ്യം.’’ മേരി പറഞ്ഞു.
ഫോൺ: 8113005034