പഠനയാത്രയിൽ കണ്ടുമുട്ടി, കൂട്ടുകൂടി തണ്ണിമത്തൻകൃഷി: ഇതാണ് എളുപ്പത്തിലും ലാഭത്തിലും വിൽക്കാനറിയാവുന്ന ന്യൂജെൻ കർഷകർ
Mail This Article
ജില്ലാ ഹോർട്ടികൾചർ മിഷൻ നടത്തിയ പഠനയാത്രയിൽ കണ്ടുമുട്ടിയവരാണ് പാലക്കാട് തണ്ണിശ്ശേരിയിലുള്ള നിഷാന്തും കടമ്പഴിപ്പുറത്തുള്ള ജോൺസണും മണ്ണാർക്കാട്ടുകാരന്‍ ഉമ്മറും. പഠനയാത്രയ്ക്കിടയിൽത്തന്നെ കൂട്ടുകൃഷിയിൽ തീരുമാനമായെന്ന് ബിടെക് ബിരുദധാരി കൂടിയായ ജോൺസൺ. വിദേശ ജോലി വിട്ട് കൃഷിക്കിറങ്ങിയ നിഷാന്തും കൃഷിയിൽ ദീർഘകാല പരിചയമുള്ള ഉമ്മറും ജോൺസണും ചേർന്ന് ആദ്യകൃഷിയെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു. വിപണിയിൽ മികച്ച ഡിമാൻഡ് ഉള്ളതും ഉയർന്ന വിളവു നൽകുന്നതുമായ ഹ്രസ്വകാല വിള മതി എന്നു നിശ്ചയിച്ചു.
പരമ്പരാഗതക്കൃഷിക്കാർക്കെല്ലാം ഏറ്റവും ആശങ്കയുള്ള കാര്യം വിപണിയാണെങ്കിൽ, അക്കാര്യത്തിൽ തരിമ്പുപോലും ആശങ്ക തങ്ങൾക്കില്ലായിരുന്നെന്ന് നിഷാന്തും ജോൺസണും പറയുന്നു. തങ്ങളുടെ ഇഷ്ടയിനങ്ങൾ കൃഷി ചെയ്തുകൊണ്ടേയിരിക്കുക, എന്നിട്ടു വിപണി അന്വേഷിച്ചു നടക്കുക എന്ന പരിപാടി ന്യൂജെൻ കൃഷിക്കാർക്കില്ല. ഉപഭോക്താക്കൾക്കാവശ്യമുള്ളതു കൃഷി ചെയ്യുകയാണ് അവരുടെ രീതി. എളുപ്പത്തിലും ലാഭത്തിലും അതു വിൽക്കാനുമറിയാം. അതുകൊണ്ടുതന്നെ, വിപണിയിലല്ല, ശാസ്ത്രീയമായി കൃഷിചെയ്ത് പരമാവധി വിളവു നേടുക എന്നതിലാണ് ശ്രദ്ധ അത്രയുമെന്ന് നിഷാന്ത് പറയുന്നു. വേനൽവിളയായ തണ്ണിമത്തനിലെത്തുന്നത് അങ്ങനെ.
തുറന്ന സ്ഥലത്തെ കൃത്യതാക്കൃഷിരീതിയാണ് സ്വീകരിച്ചത്. കുമ്മായം ചേർത്തു മണ്ണിളക്കി, തടം തീർത്തു. അടിവളമായി ചാണകപ്പൊടിയും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും സ്യൂഡോമോണാസും നൽകി. നനയ്ക്കും ഫെർടിഗേഷനുമായി ഡ്രിപ് ലൈനുകൾ സ്ഥാപിച്ച ശേഷം തടത്തിൽ പ്ലാസ്റ്റിക് പുതയിട്ടു. അതിൽ ദ്വാരങ്ങളിട്ട് തണ്ണീർമത്തന്‍വിത്തു പാകി. അത്യുൽപാദനശേഷിയുള്ള ഹൈബ്രിഡ് വിത്തായ പക്കീസയാണ് കൃഷിയിറക്കിയത്. 8–10 കിലോ തൂക്കം വയ്ക്കുന്ന ഇനം. തൊണ്ടുകട്ടി കുറവ്. 65–70 ദിവസം കൊണ്ട് വിളവെടുക്കാം. ചുരുങ്ങിയ ദിവസംകൊണ്ടു വിളവെടുപ്പു തീരുന്ന വിളകൂടിയാണിത്. അരയേക്കറിലേക്ക് 1200 വിത്താണിട്ടത്. 1000 എണ്ണം നന്നായി വളർന്നു കിട്ടിയാലും നല്ല വരുമാനം ഉറപ്പ്. ഒരു തടത്തിൽനിന്ന് ചുരുങ്ങിയത് 10 കിലോ ആയാൽപോലും 10 ടൺ. ശരാശരി 20 രൂപ വിലയിട്ടാൽ 2 ലക്ഷം രൂപ വരുമാനം.
കിരൺ പോലെ 2–3 കിലോ മാത്രം തൂക്കം വരുന്ന ചെറിയ തണ്ണിമത്തൻ ഇനങ്ങൾ ഇപ്പോൾ വ്യാപകമായി ചെയ്യുന്നുണ്ടെങ്കിലും വലിയ ഇനം തിരഞ്ഞെടുത്തത് ഉപഭോക്താക്കളുടെ താൽപര്യം നോക്കിയെന്ന് നിഷാന്ത്. വേനലിന്റെ ചൂടും ദാഹവും ചെറുക്കാനാണല്ലോ ആളുകൾ തണ്ണിമത്തൻ വാങ്ങുന്നത്. വീട്ടുകാർക്കു സമൃദ്ധമായി കഴിക്കണമെങ്കിൽ ചെറുതു പോരാ, വലുതു തന്നെ വേണം. മാത്രമല്ല, വാങ്ങിക്കൊണ്ടു പോകുന്നത് നല്ലതാണോ എന്നറിയണമെങ്കിൽ വീട്ടിൽ ചെന്നു മുറിച്ചു നോക്കണം. വലിയ തണ്ണിമത്തൻ മുറിച്ചു വാങ്ങാം എന്ന നേട്ടമുണ്ട്.
പാലക്കാട്– കൊടുവായൂർ പ്രധാന പാതയോടു ചേർന്ന് നിഷാന്തിനു സ്വന്തമായുള്ള 85 സെന്റ് പാടത്തായിരുന്നു ആദ്യ കൃഷി. അരയേക്കറില്‍ തണ്ണിമത്തൻ നട്ടു. ബാക്കി സ്ഥലത്തു വെണ്ടയും പയറും. ഈ സ്ഥലം തിരഞ്ഞെടുത്തതുതന്നെ വിപണന സാഹചര്യം കണ്ടിട്ടെന്ന് ജോൺസൺ. വഴിയേ പോകുന്നവരെല്ലാം കൃഷി കാണണം. ഒന്നുകൂടി ശ്രദ്ധയാകർഷിക്കാൻ കൃഷിയിടത്തിന്റെ അതിരുകളില്‍ ബഹുവർണ ശോഭയുള്ള വലയും സ്ഥാപിച്ചു. അതോടെ, ഹൈവേയുടെ സമീപത്തു വിളഞ്ഞു കിടക്കുന്ന തണ്ണിമത്തനുകളിൽ നല്ല പങ്കും ബുക്കിങ്ങായി. ഉപഭോക്താക്കള്‍ക്കു തോട്ടത്തിൽവന്ന് നേരിട്ട് വിളവെടുക്കാനും അവസരമുണ്ട്. ഇടനിലക്കാരില്ല, ചൂഷണമില്ല. പാലക്കാട്ടെ ലുലുമാൾ ഉൾപ്പെടെയുള്ള ഹൈപ്പർ മാർക്കറ്റുകൾ കൃഷിക്കാരിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ടു സംഭരിക്കാൻ തുടങ്ങിയതും വലിയ നേട്ടമാണെന്ന് ജോൺസൺ പറയുന്നു. ഇനി ഓണത്തിനുള്ള ചെണ്ടുമല്ലിക്കൃഷിയാണ് ലക്ഷ്യം.
പൊളിയില്ല പോളിഹൗസ്
പോളിഹൗസിൽ 13 വർഷമായി സാലഡ് വെള്ളരി വിജയകരമായി കൃഷി ചെയ്യുന്നു നിഷാന്ത്. ജില്ലയിലെ മികച്ച ഹൈടെക് കർഷകനുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. 512 ചതുരശ്ര മീറ്റർ (13സെന്റ്) പോളിഹൗസിൽ ആണ്ടിൽ 3 വട്ടം കൃഷി. ഒരു കൃഷിയിൽനിന്ന് ശരാശരി ഒന്നര ലക്ഷം രൂപ വരുമാനം. ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഓര്‍ഡറുള്ളതിനാൽ വിപണനം പ്രശ്നമല്ല. എന്നാൽ, കടുത്ത ചൂടും ഈർപ്പവും ഇത്തവണ പോളിഹൗസ് കൃഷിയെ ബാധിച്ചു. ഏതായാലും, കൃഷിയിൽ പുതുലക്ഷ്യങ്ങളുമായി കൂട്ടുകൃഷി തുടരാനാണ് മൂവരുടെയും തീരുമാനം.
ഫോൺ: 7306270517